ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്പാദക അസോസിയേഷനുവേണ്ടി ഹാജരായത് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന നിലപാടിനെ സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ എതിര്‍ക്കുമ്പോഴാണ് എന്‍ഡോസള്‍ഫാനുവേണ്ടി പാര്‍ട്ടി വക്താവ് വാദിക്കാനെത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്കിയ ദിവസംതന്നെയാണ് പാര്‍ട്ടിയുടെ വക്താവ് ഈ കീടനാശിനി കമ്പനിക്കുവേണ്ടി ഹാജരായത്.
കേസില്‍ വാദം കേട്ട സുപ്രീംകോടതി എന്‍ഡോസള്‍ഫാന്‍ കയറ്റുമതി നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കയറ്റുമതി വ്യവസ്ഥകള്‍ എന്തെല്ലാമായിരിക്കണമെന്ന കാര്യം വിദഗ്ധസമിതി രൂപീകരിച്ച് തയ്യാറാക്കണമെന്നും അന്താരാഷ്ട്ര ഉടമ്പടികള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം കയറ്റുമതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ്ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദംകേട്ടത്. കീടനാശിനികള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള പ്രതിബദ്ധത കമ്പനികള്‍ക്കുണ്ടെന്നും കോടതി പറഞ്ഞു.
കോണ്‍ഗ്രസിന്റെ പൊതു നിലപാടിനോടൊപ്പമാണ് സിംഗ്വി നില്‍ക്കേണ്ടതെന്നും അത് സ്വീകരിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ വക്താവ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും വി.എം.സുധീരന് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ക്കു വേണ്ടി സിംഗ്വി സുപ്രീംകോടതിയില്‍ ഹാജരായത് തെറ്റായിപോയെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സിംഗ്വി കോണ്‍ഗ്രസ് വക്താവാണെന്ന കാര്യം മറക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നടപടിയുണ്ടായത് വേദനാജനകമാണ്. പ്രതിഷേധം നേരിട്ടറിയിക്കുമെന്നു ചെന്നിത്തല പറഞ്ഞു.
അഭിഭാഷകന് എന്ന നിലയില്‍ അദ്ദേഹത്തിന് കേസുകള്‍ ഏറ്റെടുക്കാം. എന്നാല്‍ ഉത്തരവാദപ്പെട്ട പദവിയിലിരുന്ന് ഇതുപോലെ ചെയ്യരുതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: