പൊന്‍കുന്നം: പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ വ്യാപകമായി മതപരിവര്‍ത്തനശ്രമങ്ങള്‍ നടക്കുന്നതായി പരാതി. മഴക്കാലമായതോടെ നിര്‍ദ്ധനകുടുംബങ്ങളെ തേടിപ്പിടിച്ചാണ് നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിനിവര്‍ ശ്രമിക്കുന്നത്. ഇതിനായി ന്യൂ ഇന്ത്യാ ചര്‍ച്ച ഓഫ് ഗോഡ് എന്ന സംഘടന കോട്ടയം ജില്ലയില്‍ വലവീശിയിരിക്കുകയാണ്. പ്രധാനമായും ഹിന്ദു വിഭാഗത്തെയാണിവര് ലക്ഷ്യമിട്ടിരിക്കുന്നത്. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും, രോഗികള്‍ക്ക് ചികിത്സാ സഹായങ്ങളും, സാമ്പത്തികവും നല്‍കാമെന്നു മോഹനവാഗ്ദാനങ്ങള്‍ നല്‍കിയാണിവര്‍ ഇരയെ കണ്ടെത്തുന്നത്. ഇതര ക്രിസ്ത്യന്‍ സഭകളില്പ്പെട്ടവരെയും, മുസ്ളീങ്ങളെയും ഇവരുടെ സംഘത്തില്ച്ചേര്ക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചിറക്കടവ് മേഖലയില്‍ പെന്തക്കോസ്തുകാരുടെ ശല്യം വര്‍ദ്ധിച്ചിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ പുരുഷന്മാര് ഇല്ലാത്തപ്പോള്‍ വീടുകളിലെത്തുന്ന ഇവര്‍ വീട്ടമ്മമാരെയും, കുട്ടികളെയുമാണ് ആദ്യം വശത്താക്കാന്‍ നോക്കുന്നത്. വീടുകളില്‍ സ്ത്രീകളടക്കമുള്ള സംഘമായാണ് എത്തുന്നത്. ഇങ്ങനെ വീടു വീടാന്തരം കയറുന്നതിനിടെ രോഗികളെ കണ്ടാല്‍ പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാനെന്നപേരില് അവിടെ കയറിക്കൂടുകയാണിവര്. ഹിന്ദു വിഭാഗത്തിലെ ഈഴവ, വിശ്വകര്‍മ്മ പട്ടികജാതി വിഭാഗങ്ങളെയാണ് മതപരിവര്‍ത്തനം നടത്താന്‍ പെന്തക്കോസ്തുകാര്‍ പ്രധാനമായും ശ്രമിക്കുന്നത്. ഏതാനും ദിവസങ്ങളിലായി എസ്എന്‍ഡിപി യോഗം ൫൪-ാം നമ്പര്‍ ചിറക്കടവ് ശാഖാംഗമായ പുളിമൂട്ടില്‍ മോഹനണ്റ്റെ വീട്ടിലും എത്തി ന്യൂ ഇന്ത്യാ ചര്‍ച്ച് ഓഫ് ഗോഡ് പ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവര്‍ത്തനത്തിന് ശ്രമം നടത്തി. സംഭവം അറിഞ്ഞെത്തിയ എസ്എന്‍ഡിപിയോഗം പ്രവര്‍ത്തകരും ഹിന്ദുഐക്യവേദി പ്രവര്‍ത്തകരുമാണ് നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന വിവരം പുറത്തു കൊണ്ടുവന്നത്. ഇവര്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതെത്തുടര്‍ന്ന് പോലീസ് ഇരുവിഭാഗങ്ങളെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും പെന്തക്കോസ്തുകാരെ താക്കീതു ചെയ്യുകയും ചെയ്തു. ചിറക്കടവ് മേഖലയില്‍ കെട്ടിടനിര്‍മ്മാണ കോണ്‍ട്രാക്ടറായി പ്രവര്‍ത്തിക്കുന്ന നഗര്‍കോവില്‍ സ്വദേശിയാണ് ഇതിന് ഏജണ്റ്റായി പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. നിര്‍ബ്ബന്ധിച്ചും പ്രലോഭിപ്പിച്ചുമുള്ള മത പരിവര്‍ത്തന ശ്രമങ്ങളില്‍ നിന്നും ഇക്കൂട്ടര്‍ ഉടന്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായി പ്രതികരിക്കുമെന്നും എസ്എന്‍ഡിപി യോഗവും ഹിന്ദുഐക്യവേദിയും മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: