തിരുവനന്തപുരം: സി.പി.എം പുറത്താക്കിയ ബെര്‍ലിന്‍ കുഞ്ഞനന്തന് നായരെ സന്ദര്‍ശിച്ചതിനോട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനത്തോട് വി.എസ്. അച്യുതാനന്ദന്റെ മറുപടി. കുഞ്ഞനന്തന് നായരുടെ വീട്ടില്‍ പോയത് മനുഷ്യത്വപരമായ കാര്യമാണെന്ന് വി.എസ് പറഞ്ഞു.
മരണം, വിവാഹം, അസുഖം എന്നീ കാര്യങ്ങളില്‍ മനുഷ്യത്വപരമായ പെരുമാറ്റത്തിനു തെറ്റില്ല. പുറത്താക്കിയവരോ അല്ലാത്തവരോ എന്ന വേര്‍തിരിവില്ലാതെ സഹകരിക്കുകയാണ് പാര്‍ട്ടിയുടെ പതിവ്. എന്നാല്‍ ഇക്കാര്യങ്ങള്‍ പലരും മറച്ചുവയ്ക്കുന്നു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകളുടെ വിവാഹത്തില്‍ പാര്‍ട്ടി പുറത്താക്കിയ എം.വി. രാഘവനെ ക്ഷണിച്ചിരുന്നു. കൂത്തുപറമ്പില്‍ അഞ്ചുപേരെ വെടിവച്ചു കൊല്ലാന്‍ നേതൃത്വം നല്കിയ ആളാണ് എം.വി. രാഘവന്. താനും എം.എം ലോറന്‍സും എം.വി.ആറിനൊപ്പം വിവാഹത്തില്‍ പങ്കെടുത്തു. ബി.ജെ.പി നേതാവ് സി.കെ. പത്മനാഭനും ക്ഷണമുണ്ടായിരുന്നു. അദ്ദേഹവും പങ്കെടുത്തു.
പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങള്‍ പലരും പല തരത്തിലാണ് വിലയിരുത്തിയതെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. സ്വാശ്രയ മാനെജ്മെന്റുമായി ഒളിഞ്ഞും തെളിഞ്ഞും സംസ്ഥാന സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടെന്നും ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: