ആലുവ: രാജസ്ഥാനിലെ ബിക്കാനിറില്‍ വായുസേനയുടെ മിഗ് വിമാനം തകര്‍ന്ന് മരിച്ച മലയാളി പെയിലറ്റിന്റെ മൃതദേഹം ഇന്ന് വെളിയത്തുനാട്ടിലെ വീട്ടില്‍ കൊണ്ടുവരും. ആലുവ കിഴക്കേ വെളിയത്തുനാട് കുറുപ്പപറമ്പത്ത് അശ്വതിനിവാസില്‍ മോഹന്‍കുമാറിന്റെ മകന് സൂരജ് നായര്‍ (24-എം.എസ്. പിള്ള) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വായുസേനയുടെ നാല് എയര്‍ഫീല്‍ഡില്‍ പരിശീലനപറക്കലിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. തകരാര്‍ കണ്ടത്തിയതിനെത്തുടര്‍ന്ന് സൂരജ് പാരച്യൂട്ട് വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ബിക്കാനീര്‍ എയര്‍വേസില്‍ പെയിലറ്റ് പരിശീലനം വിജയകരമായി പുര്‍ത്തിയാക്കിയ സൂരജ് ആറുമാസം മുമ്പാണ് ഫ്ലയിംഗ് ഓഫീസറായി ചാര്‍ജെടുത്തത്. പിതാവ് മുംബൈയിലെ സ്റ്റാന്‍ഡ് ബാറ്ററീസ് ജീവനക്കാരനായതിനാല്‍ കുടുംബം വര്‍ഷങ്ങളായി മുംബൈയിലാണ് താമസിച്ചിരുന്നത്. മോഹന്‍കുമാര്‍ ജോലിയില്‍നിന്ന് വിരമിച്ചതിനെത്തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് ഇവര്‍ വെളിയത്തുനാട്ടിലെ കുടുംബവീട്ടില്‍ തിരിച്ചെത്തി. ആറുമാസം മുമ്പ് അമ്മൂമ്മയുടെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സൂരജ് നാട്ടില്‍ എത്തിയിരുന്നു.
ഇക്കുറി ഓണം ആഘോഷിക്കാന്‍ വെളിയത്തുനാട്ടിലെ വീട്ടില്‍ എത്തണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അവധി ലഭിച്ചില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ അച്ഛന് മോഹന്‍കുമാര്‍ രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്. അമ്മ വസന്തയും സഹോദരിയും ജെറ്റ് എയര്വേയ്സില് എയര്‍ഹോസ്റ്റസുമായ സ്നേഹയും ഇന്നലെ രാവിലെ രാജസ്ഥാന് ബിക്കാനീര്‍ ക്യാമ്പില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: