കോട്ടയം: ഭാഗവത തത്വങ്ങള്‍ ഭക്തഹൃദയങ്ങളിലേക്ക് എത്തിച്ച പണ്ഡിതനും ആത്മീയ നവോത്ഥാന ആചാര്യനുമായ ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി(91) അന്തരിച്ചു. കോട്ടയം കുറുപ്പന്തറയിലെ മള്ളിയൂര്‍ ഇല്ലത്ത് രാവിലെ 6.30ന് ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്ന് വിശ്രമജീവിതത്തിലായിരുന്നു. പ്രശസ്ത ഭാഗവത പണ്ഡിതനായിരുന്ന അദ്ദേഹം രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹയജ്ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ആദ്ധ്യാത്മികാചാര്യന്മാരുടേയും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരുടേയും ആയിരക്കണക്കിന് ഭക്തജനങ്ങളുടേയും സാന്നിധ്യത്തില്‍ ഇന്നലെ വൈകിട്ട് 7 മണിയോടെ മള്ളിയൂര്‍ ഇല്ലത്ത് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാര ചടങ്ങുകള്‍ നടന്നു. കല്ലാനിക്കാട് നീലകണ്ഠന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശേഷക്രിയകള്ക്കുശേഷം മകന് പരമേശ്വരന് നമ്പൂതിരി ചിതയിലേക്ക് അഗ്നി പകര്‍ന്നു.
മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും പുത്രനായി 1921 ഫെബ്രുവരി രണ്ടിന് മകരമാസത്തിലെ മൂലം നാളിലായിരുന്നു മള്ളിയൂരിന്റെ ജനനം. എട്ടാം വയസ്സില്‍ ഉപനയനവും 14-ാം വയസ്സില്‍ സമാവര്‍ത്തനവും നടത്തി. രോഗപീഡയാല്‍ കഷ്ടതകള്‍ നിറഞ്ഞ ബാല്യമായിരുന്നു മള്ളിയൂരിന്റേത്. ഒടുവില്‍ അമ്മയുടെ നിര്‍ദ്ദേശ പ്രകാരം ഗുരുവായൂരിലെത്തി ഭജനമിരുന്നാണ് രോഗമുക്തിയുണ്ടായത്. ഗുരുവായൂരപ്പന്റെ മുന്നിലിരുന്നുള്ള ഭാഗവതപാരായണത്തിലൂടെയാണ് തനിക്ക് രോഗവിമുക്തി ഉണ്ടായതെന്ന് മള്ളിയൂര്‍ പറയുമായിരുന്നു. തുടര്‍ന്ന് സംസ്കൃത പഠനവും പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ അദ്ദേഹം കുടുംബക്ഷേത്രത്തിന്റെ കാര്യങ്ങള്‍ നോക്കി നടത്തി. എന്നാല്‍ മള്ളിയൂരിലെ പ്രതിഷ്ഠയായ ഗണപതിയുടെ മടിയില്‍ ശ്രീകൃഷ്ണനിരിക്കുന്ന കാഴ്ചയാണ് ശങ്കരന് നമ്പൂതിരിക്ക് ശ്രീകോവിലില്‍ കാണാനായത്. മള്ളിയൂര്‍ തിരുമേനിയുടെ ഭാഗവത പാരായണം ശ്രവിക്കുന്നതിനായി ഭവാന് മള്ളിയൂരിലെത്തുകയായിരുന്നുവെന്നാണ് വിശ്വാസം. തുടര്‍ന്ന് ഭാഗവതസന്ദേശങ്ങള് പ്രചരിപ്പിക്കുന്നതിനായുള്ള നിതാന്തശ്രമങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആയിരക്കണക്കിനു വേദികളില്‍ അദ്ദേഹം ഭാഗവത സപ്താഹ യജ്ഞങ്ങളും അനുഗ്രഹ പ്രഭാഷണങ്ങളും നടത്തി. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിന്റെ പ്രസിദ്ധിയും തിരുമേനിയോടൊപ്പം വളര്‍ന്നു. ആയിരക്കണക്കിനു ഭക്തജനങ്ങള്‍ക്ക് ആശ്രയമായി ക്ഷേത്രവും മള്ളിയൂര്‍ തിരുമേനിയും മാറുകയായിരുന്നു.
അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതത്തോടുള്ള ആദരസൂചകമായി കാഞ്ചി കാമകോടിപീഠം ഭാഗവത സേവാരത്നം ബഹുമതിയും ഗുരുവായൂര്‍ ഭാഗവത വിജ്ഞാന സമിതി ഭാഗവതഹംസം ബഹുമതിയും ബാലസംസ്കാരകേന്ദ്രം ജന്മാഷ്ടമി പുരസ്കാരവും നല്കി മള്ളിയൂരിനെ ആദരിച്ചിട്ടുണ്ട്. ഭാര്യ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ മകള്‍ സുഭദ്ര അന്തര്‍ജനം 2004 ജനുവരിയില്‍ അന്തരിച്ചു. മക്കള്‍: പരമേശ്വരന് നമ്പൂതിരി (ഇന്ദു), ആര്യാദേവി (അംബിക), പാര്‍വതീദേവി (സുമ), ദിവാകരന് നമ്പൂതിരി. മരുമക്കള്‍: സതീദേവി എരണപ്പുറത്തുകാവ് (പട്ടാമ്പി), ദാമോദരന്‍ നമ്പൂതിരി കാവുങ്കല്‍ മംഗലശ്ശേരി (മഞ്ചേരി), മോഹനന് നമ്പൂതിരി വാഴുവേലില്‍ (പന്തളം). കൊച്ചുമകന് ശ്രീശിവന്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.എം.മാണി, പി.ജെ.ജോസഫ്,ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്, മോന്‍സ് ജോസഫ് എംഎല്‍എ, ശബരിമല തന്ത്രി താഴ്മണ്‍മഠത്തില്‍ കണ്ഠര് മഹേശ്വരര്, അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി പൂര്‍ണ്ണാമൃതാനന്ദപുരി, സൂര്യകാലടി സൂര്യന് സുബ്രഹ്മണ്യന് ഭട്ടതിരിപ്പാട്, പുതുമന മഹേശ്വരന് നമ്പൂതിരി, യോഗക്ഷേമസഭാ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി, മണ്ണാറശ്ശാലയിലെ ചെറിയ അമ്മ സാവിത്രി അന്തര്‍ജ്ജനം, മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ആര്‍എസ്എസ് സഹപ്രാന്തകാര്യവാഹ് അഡ്വ. എം.ശങ്കര്‍റാം, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി വി.മോഹനന്, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ്, സെക്രട്ടറി അഡ്വ.പി.രാജേഷ്, ബാലഗോകുലം സംസ്ഥാന നേതാക്കളായ പ്രൊഫ.സി.എന്‍.പുരുഷോത്തമന്, കെ.എസ്.ശശിധരന്, കെ.എന്‍.സജികുമാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതാപചന്ദ്രവര്‍മ്മ, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, മേഖലാ പ്രസിഡന്റ് കെ.ജി.രാജ്മോഹന്‍, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കെ.ആര്.അരവിന്ദാക്ഷന്, ജസ്റ്റിസ് കെ.ടി. തോമസ്, നടന്മാരായ ബാബുനമ്പൂതിരി, മനോജ്.കെ.ജയന്,മാണി.സി.കാപ്പന് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജന്മഭൂമിക്കു വേണ്ടി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.സദാശിവന്, ഡെപ്യൂട്ടി ജനറല്‍മാനേജര്‍ മുരളി കോവൂര്‍, യൂണിറ്റ് മാനേജര്‍ ആര്.രാധാകൃഷ്ണന്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ കോര എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: