ന്യൂദല്‍ഹി: ശീതകാല പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംദിവസവും അലങ്കോലമായി. അഴിമതി ആരോപണവിധേയനായിരുന്ന സുരേഷ് കല്‍മാഡിയെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി തലവനാക്കാന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് നടത്തിയ ചരടുവലികളും വിലക്കയറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുമാണ് പാര്‍ലമെന്റില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്. വിലക്കയറ്റം, അഴിമതി തുടങ്ങിയ പ്രശ്നങ്ങളില്‍ ഇന്ന് ലോക്സഭയില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ സമ്മതിക്കുകയും ചെയ്തു.
ഇന്നലെ ഇരുസഭകളും സമ്മേളിച്ചയുടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. രണ്ടു തവണ നടപടികള്‍ മാറ്റിവെച്ചിട്ടും ബഹളം തുടര്‍ന്നതിനാല്‍ ഉച്ചക്ക് രണ്ടുമണിയോടെ ഇരു സഭകളും പിരിഞ്ഞു. അഴിമതി ആരോപണം നേരിടുമ്പോള്‍ തന്നെ കല്‍മാഡിയെ സിഡബ്ല്യുജി തലവനാക്കാന്‍ മന്മോഹന്സിങ്ങ് കൂടി ഉള്‍പ്പെട്ട മന്ത്രിതല സമിതി എടുത്ത തീരുമാനമാണ് ബഹളത്തിന് പ്രധാനകാരണം. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുഴുവന്‍ കല്‍മാഡിയുടെ നിയന്ത്രണത്തിലാകാന്‍ ഇത് വഴിയൊരുക്കുകയായിരുന്നു. കല്‍മാഡിയുടെ നിയമനത്തിനെതിരെ അന്ന് സ്പോര്‍ട്സ് മന്ത്രിയായിരുന്ന സുനില്‍ ദത്ത് രേഖപ്പെടുത്തിയ എതിര്‍പ്പ് കാറ്റില്‍പ്പറത്തിയാണ് ഈ നടപടി. സിഡബ്ല്യുജിയുമായി ബന്ധപ്പെട്ട ചെലവുകള്‍ സൂഷ്മപരിശോധനക്കു വിധേയമാക്കിയ ശേഷമുള്ള കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് പ്രധാനമന്ത്രിയടക്കമുള്ളവരെ പ്രതികൂട്ടിലാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട പല പദ്ധതികളും സിഎജിയുടെ സുഷ്മപരിശോധനയിലാണ്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ബഹളം തുടങ്ങുകയായിരുന്നു.
വിലക്കയറ്റം, മായാവതി സര്‍ക്കാരിനെതിരെ നടപടി, കൊടും ഭീകരന്മാരായ അഫ്സല് ഗുരു, അജ്മല്കസബ് എന്നിവരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം അവതരിപ്പിച്ചതോടെ ബഹളം നിയന്ത്രണാതീതമായി. ചോദ്യോത്തരവേള ഒഴിവാക്കി വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയും ചെയ്തു.
ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്ത് വിലക്കയറ്റം ചര്‍ച്ചചെയ്യണമെന്ന് വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളുടെ പേരില്‍ മായാവതി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഉടന്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ബിജെപിക്കാരും കസബിനെയും അഫ്സല് ഗുരുവിനെയും ഉടന്‍ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് ശിവസേനാ എംപിമാരും ബഹളമുണ്ടാക്കി. ലോക്സഭയുടെ ആദ്യ പ്രവര്‍ത്തിദിനമായിരുന്ന തിങ്കളാഴ്ച സ്പെക്ട്രം പ്രശ്നത്തെതുടര്ന്നുള്ള ബഹളത്തില്‍ മുങ്ങുകയും അന്തരിച്ച അംഗത്തിന് ആദരാഞ്ജലിയര്‍പ്പിച്ച് പിരിയുകയുമായിരുന്നു.
ഇന്നലെ, ശൂന്യവേളക്കായി രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോള്‍ അഴിമതി സര്‍ക്കാര്‍ രാജിവെക്കണമെന്ന മുദ്രവാക്യവുമായി ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: