കാഞ്ചന്‍ഗുപ്ത: ഇന്ത്യയും ഇസ്രായേലും ഭീകരതയുടെ ഭീഷണിയും വെല്ലുവിളിയും ഒരുപോലെ നേരിടുന്ന രണ്ട് രാജ്യങ്ങളാണ്. ഈ ഭീഷണിയെ നേരിടുന്നതില്‍ ഇസ്രായേല്‍ “ഉന്നമിട്ട കൊലപാതക”ങ്ങളും ചൂടന്‍ പിന്തുടരലുകളും നടത്തി അസാമാന്യമായ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ ഒളിത്താവളങ്ങളില്‍ കഴിഞ്ഞ ഒസാമ ബിന്‍ലാദനെ വധിക്കുകവഴി “ഉന്നമിട്ട് കൊലപ്പെടുത്തുക” എന്ന മാര്‍ഗം അമേരിക്കയും അനുകരിച്ചിരിക്കയാണ്. ഭീകരതയെ നേരിടുന്നതില്‍ അത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനെ പലരും എതിര്‍ക്കുന്നുണ്ട്. നിരായുധരായ ശത്രുക്കളെ കൊലപ്പെടുത്തുന്നതിന്റെ നിയമസാധുതയെയും ധാര്‍മികതയെയും അവര്‍ ചോദ്യം ചെയ്യുന്നു. യുഎന്‍ മനുഷ്യാവകാശസമിതി ഒസാമ കൊല്ലപ്പെടുമ്പോള്‍ അയാള്‍ നിരായുധനായിരുന്നുവെന്ന്…..
മാര്‍ക്ക്സോഫര്‍: വേള്‍ഡ്ട്രേഡ് സെന്ററില്‍ കൊല്ലപ്പെട്ട 1700 പേര്, മാഡ്രിഡ് റെയില്‍വേ സ്റ്റേഷനിലെ നൂറുകണക്കിനാളുകള്‍, മൊറോക്കോക്കാര്‍ ഇവരൊക്കെ ഒസാമയേക്കാള്‍ കൂടുതല്‍ നിരായുധരായിരുന്നു. ഒസാമ ബിന്ലാദന് മറ്റുള്ളവരുടെ പക്കല്‍ ആയുധമുണ്ടോ ഇല്ലയോ എന്ന് ചിന്തിച്ച് വിഷമിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. അയാള്‍ വെറുതേയങ്ങ് കൊല്ലുക മാത്രമായിരുന്നു. ഒസാമയുടെ കൈയില്‍ കത്തിയുണ്ടായിരുന്നോ, അയാള്‍ക്ക് ശരിയായ ശവസംസ്ക്കാരം കിട്ടിയോ, എന്തിനയാളെ കടലില്‍ സംസ്ക്കരിച്ചു ഈവക ചോദ്യങ്ങള്‍ കേട്ട് ഞാന്‍ അന്തംവിട്ടുപോയി. അയാള്‍ ലോകത്തിലെ ഏറ്റവും ഹീനമായ കൊലപാതകിയായിരുന്നു. ജനങ്ങളെ കൂട്ടക്കൊല നടത്താന്‍ സ്വജീവിതം സമര്പ്പിച്ചവന് ആണയാള്‍. ഒന്നാംനമ്പര്‍ അന്തര്‍ദേശീയ കൊലയാളി. ഇന്ന് അയാള്‍ നമ്മോടൊപ്പമില്ല, സത്യം പറഞ്ഞാല്‍ ഇന്ന് ലോകം അല്‍പ്പംകൂടി മികച്ച ഒരു സ്ഥലമാണ്. നിഷേധാത്മകമായി അതില്‍ എന്തെങ്കിലും കാണുവാന്‍ പ്രയാസമുണ്ട്.
കാഞ്ചന് ഗുപ്ത: എങ്കിലും, ഭീകരതയെ പരാജയപ്പെടുത്താന്‍ ഉന്നംവെച്ചുള്ള കൊലപാതകങ്ങള്‍ നടത്തുന്നതിന്റെ ധാര്‍മിക-നിയമപ്രശ്നങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ച്?
മാര്‍ക്ക് സോഫര്‍: ഉന്നംവെച്ചുള്ള കൊലപാതകങ്ങളുടെ നിയമപരതയെക്കുറിച്ച് ഇസ്രായേലില്‍ തുറന്ന ചര്‍ച്ച വര്‍ഷങ്ങളോളം നടന്നിട്ടുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യുമോ എന്നും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭീകരതയെ തടുക്കാനുള്ള വിവിധ മാര്‍ഗങ്ങളിലൊന്ന് മാത്രമാണ്. ഭീകരതക്കെതിരെയുള്ള യുദ്ധം ബഹുമുഖമാകണം. അതിന് ഒരു ആക്രമികഭാവവും വേണം. കാരണം, ഒരു രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ ദൗര്‍ബല്യങ്ങളാണ് അവന്മാര് മുതലെടുക്കുന്നത്. സുരക്ഷാ പാളിച്ചകളിലാണ് അവന്മാരുടെ കണ്ണ്. നിങ്ങളുടെ ജാഗ്രതാ സംവിധാനം അയവുള്ളതാകാന്‍ അവര്‍ കാത്തിരിക്കയാണ്- കൂട്ടക്കൊല നടത്താന്‍!
കാഞ്ചന് ഗുപ്ത: പ്രതിരോധവും പ്രത്യാക്രമണവും കൂടാതെ മറ്റുചില വശങ്ങളും ഭീകരവിരുദ്ധ പോരാട്ടത്തിനില്ലേ?
മാര്‍ക്ക് സോഫര്‍: തീര്‍ച്ചയായും, അവരുടെ സാമ്പത്തികസ്രോതസുകളും രാഷ്ട്രീയ പിന്തുണയും തടയേണ്ടതുണ്ട്. ഇസ്രായേലികളെ കൊല്ലുന്ന ഹമാസിന് സഹായം കിട്ടുന്നത് എവിടെ നിന്നെന്ന് ഞാന്‍ പറയാം. ഇറാനില്‍നിന്നും സിറിയയില്‍നിന്നും ഹമാസ് ഒസാമയുടെ വധത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ലഷ്കറെ തൊയ്ബയും.
കാഞ്ചന് ഗുപ്ത: ലഷ്കറെ തൊയ്ബ ഞങ്ങളുടെ അയലത്തെ ഹമാസാണ്.
മാര്‍ക്ക് സോഫര്‍: ഈ സംഘടനകള്‍ തമ്മില്‍ വ്യത്യാസമൊന്നും ഞാന്‍ കാണുന്നില്ല. ഹമാസ്, ലഷ്കര്‍, അല്‍ഖ്വയ്ദ ഇവക്കൊക്കെ തീവ്ര രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, ആ ലക്ഷ്യങ്ങള്‍ നേടാന്‍ നിരപരാധികളെ കൊന്നൊടുക്കാന്‍ അവര്‍ തല്‍പ്പരരുമാണ്. ഈ മൂന്നിനുമെതിരെ സംയുകമായ ആക്രമണം ആവശ്യമാണ്. മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് ആരാണ് പണം നല്‍കിയത്? ആരാണവര്‍ക്ക് ആയുധങ്ങള്‍ നല്‍കിയത്? അവര്‍ക്ക് ധാര്‍മികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്നതാണ്? ഹമാസിന് പണം നല്‍കുന്നത് സിറിയ ആണെന്ന് ഞങ്ങള്‍ക്കറിയാം.
കാഞ്ചന് ഗുപ്ത: ഇസ്രായേലിനെ പഠിക്കണമെന്നും, ഭീകരര്‍ രാജ്യത്തെ ആക്രമിക്കുന്നത് തടയാന്‍ ‘ഉന്നമിട്ടുള്ള കൊലപാതകങ്ങള്‍’ നടത്തണമെന്നും പറയുന്ന ഒരുപാടുപേര് ഇന്ത്യയിലുണ്ട്.
മാര്‍ക്ക് സോഫര്‍: അത് ചിന്തിച്ച് ചെയ്യേണ്ട കാര്യമാണ്. മധ്യപൂര്‍വ ദേശത്ത് ഈ മാര്‍ഗം വിജയിച്ചിട്ടുണ്ട്. ഇവിടെയും അത് ഫലപ്രദമാകും.
കാഞ്ചന് ഗുപ്ത: എവിടെയും ഏത് ഗ്രൂപ്പിലും ഭീകരതക്ക് പൊതുവായ ചില ഘടകങ്ങളുണ്ട്….
മാര്‍ക്ക് സോഫര്‍: ഇസ്ലാമിക് ഭീകരതക്ക് ഞാന്‍ എടുത്തുപറയട്ടെ, ഇസ്ലാമിക് അല്ല ഇസ്ലാമിസ്റ്റ് പൊതുവായ ചില തത്വങ്ങളുണ്ട്, ഏത് ഗ്രൂപ്പായാലും; ഉദാഹരണത്തിന് നിരപരാധികളായ ബഹുജനങ്ങളെ വിവേചനരഹിതമായി കൊന്നൊടുക്കല്‍, അവരുടെ തീവ്രവാദപരമായ നിലപാടുകളോട് യോജിക്കാത്ത സകലരെയും കൊന്നൊടുക്കാന്‍- അല്ലാഹുവിന്റെ നാമം ഉപയോഗപ്പെടുത്തുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്ത്- തങ്ങള്‍ക്ക് ദൈവദത്തമായ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കല്‍.
കാഞ്ചന് ഗുപ്ത: ഇസ്രായേലിന് ഇത്ര കാര്യക്ഷമമായി ഭീകരതയെ തളയ്ക്കുവാന്‍ കഴിയുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് അത് സാധിക്കാത്തതെന്ത് എന്ന് ഞാന്‍ അതിശയിക്കാറുണ്ട്.
മാര്‍ക്ക് സോഫര്‍: അത് നല്ലൊരു ചോദ്യമാണ്. പക്ഷേ ദക്ഷിണേഷ്യന്‍ സംഘര്‍ഷവും പശ്ചിമേഷ്യന്‍ സംഘര്‍ഷവും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഇന്ത്യക്ക് സ്വതന്ത്രവും ധീരവുമായ തീരുമാനങ്ങളെടുക്കാന്‍ തടസങ്ങളുണ്ട്.
കാഞ്ചന് ഗുപ്ത: ഭീകരതയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയും ഇസ്രായേലും പങ്കുവെക്കുന്നുണ്ടോ?
മാര്‍ക്ക് സോഫര്‍: ദൈനംദിന വ്യവസ്ഥയില്ല. എങ്കിലും പൊതുവായ തലത്തിലുണ്ട്. ഇന്ത്യാ-ഇസ്രായേല്‍ ബന്ധങ്ങള്‍ 1992-ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചശേഷം അതിവേഗം പുരോഗമിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ സൈനിക-പ്രതിരോധതലത്തിലുള്ള ഇടപാടുകള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം കൊടുക്കുന്നു. ഇതിലും വളരെ വിപുലമാണ് ഇസ്രായേല്‍-ഇന്ത്യാ ബന്ധങ്ങള്‍. ഞാന്‍ ഇവിടെ വരുമ്പോള്‍ പരസ്പര വ്യാപാരം 3.2 ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ അത് അഞ്ച് ബില്യണ്‍ ഡോളറിലേക്ക് കുതിച്ചിരിക്കുന്നു. അത് സൈനികേതര ഇടപാടുകളാണ്. പ്രതിരോധ ഇടപാടുകളെക്കുറിച്ച് ഞാന്‍ പറയില്ല. സിവിലിയന്‍ വ്യാപാരത്തില്‍ ഇസ്രായേലിന്റെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ. അടുത്തുതന്നെ ഇന്ത്യയുമായി ഞങ്ങള്‍ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെയ്ക്കുന്നുണ്ട്. അതോടെ, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യാപാരം പതിനഞ്ചോ ഇരുപതോ ബില്യണ്‍ ഡോളറാകും.
കാഞ്ചന് ഗുപ്ത: വ്യാപാരത്തിന് പുറമെ, കാര്‍ഷിക രംഗത്തെ സഹകരണം….
മാര്‍ക്ക് സോഫര്‍: അതെ, അത് വളരെ പ്രധാനമെന്ന് ഞാന്‍ കരുതുന്നു. മൂന്നില്‍ രണ്ട് ഇന്ത്യക്കാര്‍ കാര്‍ഷികരംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിതയ്ക്കുന്നതിന് മുമ്പുതൊട്ട് കൊയ്ത്തിനുശേഷം വരെയുള്ള കാര്‍ഷികവൃത്തിയുടെ സകല വശങ്ങളെക്കുറിച്ചും നമുക്ക് പരസ്പരം പഠിക്കാനുണ്ട്. ഇസ്രായേലിന്റെ, ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക സഹകരണ പദ്ധതികള്‍ ഇവിടെ ഇന്ത്യയിലാണ്. പക്ഷേ അത് വാര്‍ത്തയാകുന്നില്ല. ഹരിയാനയില്‍ ആരംഭിച്ചിരിക്കുന്ന വൈശിഷ്ട്യ കേന്ദ്രത്തില്‍, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുരൂപമാക്കിയ ഇസ്രായേലി കാര്‍ഷിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ കര്‍ഷകര്‍ അഹമഹമികയാ എത്തുന്നു: ജലസേചനവിദ്യകള്‍, വിളകള്‍ കൃഷി ചെയ്യാനുള്ള പുതിയ രീതികള്‍, വിളകള്‍ മാറിമാറി കൃഷി ചെയ്യല്‍, ഗ്രീന്‍ ഹൗസുകളില്‍ ചെടികള്‍ വളര്‍ത്തുന്നത് അങ്ങനെയങ്ങനെ. ഇതുപോലുള്ള ഇസ്രായേലി കാര്‍ഷികകേന്ദ്രങ്ങള്‍ രാജസ്ഥാനിലും മഹാരാഷ്ട്രയിലുമുണ്ട്. തമിഴ്നാട്ടില്‍ ഉടനെ ആരംഭിക്കും. അനന്തമായ സാധ്യതകളാണ് കാര്‍ഷികമേഖലയില്‍.
കാഞ്ചന് ഗുപ്ത: കാര്‍ഷികരംഗത്തെ സഹകരണത്തിനപ്പുറം:
മാര്‍ക്ക് സോഫര്‍: ക്ഷീരവികസനരംഗത്തെ ഇസ്രായേലില്‍ ഇന്ത്യ സഹകരണം ശ്രദ്ധിക്കൂ. ചൂടുള്ള കാലാവസ്ഥയിലും ഒരു ഇസ്രായേലി പശു 36 ലിറ്റര്‍ പാല് ചുരത്തും. ഒരു ഇന്ത്യന്‍ പശുവിന് അത്രയും ഉല്‍പ്പാദനശേഷി കൈവരിക്കാനാകുമോ? അതത്ര പ്രയാസമുള്ള കാര്യമല്ല. ക്ഷീരവികസനത്തില്‍ ശ്രദ്ധ ചെലുത്താന്‍ ഞങ്ങളാഗ്രഹിക്കുന്നു. സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് കൈമാറാന്‍ ഞങ്ങള്‍ക്ക് മടിയില്ല.
സ്വകാര്യ ഇസ്രായേല്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കയാണ്, ചെറിയ രീതിയില്‍ അല്ല, ഭീമമായ പദ്ധതികളാണവയ്ക്ക്. അതാണ് ഏറ്റവും നല്ലതും. ഇന്ത്യയില്‍ ക്ഷീരോല്‍പ്പാദന സാങ്കേതികവിദ്യക്ക് ആവശ്യക്കാരേറെ. ഒരു പശുവോ രണ്ട് എരുമകളോ ഉള്ള ചെറുകിട കര്‍ഷകര്‍ ഇന്ത്യയില്‍ ധാരാളം. ഇന്ന് ലഭിക്കുന്നതിനേക്കാന്‍ മൂന്നിരട്ടി പാല് ദിനവും അവര്‍ക്ക് ലഭിച്ചാല്‍ അവര്‍ ഇന്നത്തേക്കാള്‍ മൂന്നിരട്ടി സമ്പന്നരാകും. ഇത്തരം കാര്യങ്ങളാണ് എന്നെ ആവേശഭരിതനാക്കുന്നത്.
കാഞ്ചന് ഗുപ്ത: ഞങ്ങള്‍ക്ക് ഇസ്രായേലില്‍നിന്നും ജലവിനിയോഗം, മലിനജലത്തിന്റെ ശുദ്ധീകരണം എന്നിവയില്‍ ഏറെ പഠിക്കാനുണ്ട്….
മാര്‍ക്ക് സോഫര്‍: ലോകത്തെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നായി വെള്ളം മാറുകയാണ്. കേക്ക്, സാന്ഡ്വിച്ച്, ബിസ്ക്കറ്റ് ഇത്യാദികളില്ലാതെ നിങ്ങള്‍ക്ക് കഴിയാനാകും. പക്ഷേ വെള്ളമില്ലാതെ പറ്റില്ല. ജലവിഭവത്തെ കാര്യക്ഷമമായി വിനിയോഗിക്കല്‍, ജലവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ എന്നിവയാണ് നിര്‍ണായകമാകുന്നത്. ഇസ്രായേലില്‍ ഞങ്ങള്‍ മലിനജലത്തിന്റെ 70 ശതമാനം കൃഷിക്ക് ഉപയോഗിക്കുന്നു. മലിനജലത്തെ ശുദ്ധീകരിക്കാനുള്ള പുത്തന്‍ സാങ്കേതികവിദ്യ ഞങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മലിനജലം റീസൈക്കിള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ ലോകത്ത് ഒന്നാമതാണ്. ഇത് മലിനജലം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കുവാന്‍ സഹായിക്കുകയും കാര്‍ഷികോല്‍പ്പാദനത്തിന് സംഭാവന നല്‍കുകയും ചെയ്യും. ഇന്ത്യയുമായി ഇക്കാര്യത്തിലുള്ള സഹകരണം വളരെ സാധ്യതകള്‍ നിറഞ്ഞതാണ്.
കാഞ്ചന് ഗുപ്ത: ഈ നല്ല സംഭാഷണത്തിന് നന്ദി. മിസ്റ്റര്‍ സോഫര്‍ അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
മാര്‍ക്ക് സോഫര്‍: നന്ദി, എന്റെ ഇന്ത്യാ വാസകാലത്തെ ഒരുപിടി നല്ല ഓര്‍മകളുമായാണ് ഞാന്‍ സ്വരാജ്യത്തേക്ക് തിരികെ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: