പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയിട്ട് മാസമൊന്നു തികഞ്ഞില്ല. വീണ്ടും വില വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയാണ്. പെട്രോളിനൊപ്പം ഡീസല്‍, മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ വില നിയന്ത്രണവും എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ പ്രഖ്യാപനം ജനാധിപത്യത്തെപ്പോലും അവഹേളിക്കലാണ്. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്നാളാണ് മന്ത്രി ധിക്കാരപരമായി പ്രസ്താവന നടത്തിയിട്ടുള്ളത്.
ഡീസല്‍, മണ്ണെണ്ണ, എല്‍പിജി വില്പന വഴി എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം സബ്സിഡികളും എണ്ണബോണ്ടുകളും വഴി സര്‍ക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും നികത്തിക്കൊണ്ടിരിക്കയാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. കഴിഞ്ഞ ജൂണില്‍ മണ്ണെണ്ണ, ഡീസല്‍, എല്‍പിജി വില കൂട്ടിയപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റ്റംസ്, എക്സൈസ് തീരുവകള്‍ സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതുമൂലം പ്രതിവര്‍ഷം 49,000 കോടിരൂപയുടെ നഷ്ടം ഉണ്ടാകുന്നതായും മന്ത്രി പറയുന്നു. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരില്‍ കോടിക്കണക്കിന് രൂപ ഖജനാവില്‍നിന്നു നല്കുന്ന സര്‍ക്കാര്‍ കമ്പനികള്‍ക്കുവേണ്ടി മുതലക്കണ്ണീരൊലിപ്പിക്കുന്നതിന്റെ പൊരുളാണ് മനസിലാകാത്തത്. എല്ലാം ജനങ്ങളുടെ മുതുകത്തിരിക്കട്ടെ എന്ന സമീപനം അംഗീകരിക്കാനാവില്ല. ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ഇടനിലക്കാരനായി ഒരു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമില്ല. പെട്രോളിയം കമ്പനികള്‍ക്ക് സര്‍വ സ്വാതന്ത്ര്യവും നല്കി കേന്ദ്രസര്‍ക്കാരിന്റെ തീക്കളി അവസാനിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: