പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് ഇന്ന് തുടക്കംകുറിക്കുകയാണ്. 26 ദിവസം ചേരാന്‍ അജണ്ട നിശ്ചയിച്ചിട്ടുള്ള സഭ തടസ്സം കൂടാതെ നടക്കാനുള്ള ഉപായം കണ്ടെത്താന്‍ സ്പീക്കര്‍ മീരാകുമാര്‍ പാര്‍ട്ടിനേതാക്കളുമായി തലങ്ങുവിലങ്ങും ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ സ്പീക്കര്‍ക്ക് തീര്‍ക്കാന്‍ കഴിയുന്ന പ്രശ്നങ്ങളല്ല സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും സംഘര്‍ഷം ലഘൂകരിക്കാനല്ല വര്‍ധിപ്പിക്കാനാണ് സാഹചര്യമുണ്ടാക്കുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും അനുവദിക്കാതിരിക്കാനും നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍. ദല്‍ഹിയില്‍ ബാബാ രാംദേവ് നടത്തിയ സമരത്തെ ശത്രുസൈന്യത്തെ നേരിടുന്ന രീതിയിലാണ് കൈകാര്യം ചെയ്തത്. ഇപ്പോഴിതാ അണ്ണാഹസാരയുടെ ജന്തര്‍മന്ദിറില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തിന് അനുമതി നിഷേധിക്കുകയും ചെയ്തിരിക്കുന്നു. അഴിമതിക്കെതിരെ സമഗ്രമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ടാണ് ജന്തര്‍മന്ദറില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹവും ധര്‍ണയും നടത്താന്‍ പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെ തീരുമാനിച്ചിരിക്കുന്നത്.
പാര്‍ലമെന്റിന് സമീപമുള്ള പ്രതിഷേധ പരിപാടിയുടെ കൃത്യമായ സമയക്രമം അറിയിക്കുകയോ തലസ്ഥാനത്തിന് പുറത്ത് എവിടെയെങ്കിലും വേദി തിരഞ്ഞെടുക്കുകയോ ചെയ്യണമെന്നാണ് ദല്‍ഹി പോലീസ് ഹസാരെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പ്രതിഷേധപരിപാടി അട്ടിമറിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്നതില്‍ സംശയമില്ല. ഉന്നതങ്ങളിലെ അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ നിയമത്തിനുവേണ്ടി കഴിഞ്ഞ ഏപ്രില്‍ ആദ്യം ജന്തര്‍മന്ദറില്‍ നടത്തിയ നിരാഹാര സത്യഗ്രഹത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഈമാസം 16 മുതല്‍ അതേ വേദിയില്‍ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചത്. ഏപ്രിലില്‍ നടന്ന സമരത്തിന് പിന്തുണയുമായി ജനലക്ഷങ്ങളാണ് എത്തിയിരുന്നത്.
പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പൊതുസമൂഹത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം തള്ളിയ കേന്ദ്രസര്‍ക്കാര്‍ സ്വന്തം താത്പര്യപ്രകാരമുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും കേന്ദ്രമന്ത്രിസഭ അതിന് അംഗീകാരം നല്‍കുകയും ചെയ്തിരിക്കുകയാണ്. കാര്യക്ഷമവും ശക്തവുമായ ലോക്പാല്‍ ബില്ലിനുവേണ്ടി പൊതുസമൂഹം മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകളെല്ലാം അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് പ്രതിപക്ഷപാര്‍ട്ടികളും അണ്ണാ ഹസ്സാരെയും കുറ്റപ്പെടുത്തിയിരിക്കുന്നത്. കാര്യക്ഷമമായ ലോക്പാല്‍ ബില്ലിന് കേന്ദ്രം താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഈ മാസം 16 മുതല്‍ ഹസാരെ നിരാഹാരസത്യഗ്രഹം പ്രഖ്യാപിച്ചത്.
2009 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ദല്ഹിയിലൊരിടത്തും അനിശ്ചിതകാല നിരാഹാരത്തിന് അനുമതി നല്‍കാനാകില്ലെന്നാണ് ദല്‍ഹി പോലീസ് ഹസാരെയെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ പ്രതിഷേധ പരിപാടിയുമായി എത്താനിടയുള്ളതിനാല് ഏതെങ്കിലുമൊരു സംഘടന ജന്തര്‍മന്ദര്‍ അപ്പാടെ കയ്യടക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പോലീസ് നിരത്തിയ ന്യായം. ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ദല്‍ഹി പോലീസുമായി ഹസാരെയുടെ സംഘം നടത്തിയ ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് അധികൃതരുടെ അറിയിപ്പ് വന്നത്. ഇതിനു പിന്നാലെ പാര്‍ലമെന്റിന് ചുറ്റും സപ്തംബര്‍ ഒമ്പത് വരെ അഞ്ചുപേരോ അതില്‍ കൂടുതലോ കൂട്ടം കൂടുന്നത് നിരോധിക്കുന്ന ചട്ടം 144ഉം സിറ്റി പോലീസ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ നിരോധനം ജന്തര്‍മന്ദറിന് ബാധകമല്ലെന്ന് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധ പരിപാടിക്ക് 2000 പേരില്‍ കൂടുതല്‍ ഇല്ലെങ്കില്‍ ഒരു ദിവസത്തേക്ക് അനുമതി നല്‍കാമെന്നും പോലീസ് അറിയിച്ചിരിക്കുന്നു.
പാര്‍ലമെന്റിനെ എല്ലാ അര്‍ഥത്തിലും പ്രതിനിധീകരിക്കുന്ന സ്റ്റാന്റിംഗ് കമ്മറ്റി മുമ്പാകെ കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് യുക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് പ്രധാനമന്ത്രിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ലോക്പാല്‍ ബില്ലിന് സര്‍വത്ര എതിര്‍പ്പ് ഉയരുകയാണ്. ജുഡീഷ്യറിയെയും പാര്‍ലമെന്റിനുള്ളില്‍ എംപിമാരുടെ പെരുമാറ്റത്തെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യവും യുപിഎ സര്‍ക്കാര്‍ അംഗീകരിച്ചില്ല. പൊതുസമൂഹത്തിനെ ഉള്‍ക്കൊണ്ടിരുന്നോ എന്ന ചോദ്യത്തിന് ശരിയായ നിലപാട് എന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ബില്ലില്‍ അടങ്ങിയിരിക്കുന്നതെന്ന ധിക്കാരപരമായ മറുപടിയാണ് മന്ത്രി കപില്‍ സിബല്‍ നല്‍കിയത്. “പൊതുസമൂഹവുമായി ഇനി ചര്‍ച്ചയില്ല. അവരുമായി ഇനി ആശയവിനിമയം ഉണ്ടാകില്ല. പാര്‍ലമെന്റില്‍ ആഗസ്ത് മാസം മൂന്നിന് അവതരിപ്പിക്കുന്ന ബില്‍ ശീതകാല സമ്മേളനത്തില്‍ത്തന്നെ പാസാക്കു” മെന്നുമാണ് കേന്ദ്രനിലപാട്. പ്രധാനമന്ത്രിയെ ഒഴിച്ചുനിര്‍ത്തി ലോക്പാല്‍ബില്‍ അംഗീകരിക്കുക എന്നുവച്ചാല്‍ അഴിമതി പ്രധാനമന്ത്രിയില്‍ കേന്ദ്രീകരിച്ചു നടത്താം എന്നു പറയുന്നതിന് തുല്യമാണ്. പ്രധാനമന്ത്രിയെ ലോക്പാലില്‍ പെടുത്തിയാല്‍ രാജ്യത്ത് സ്ഥിരമായ അസ്ഥിരതയാകും ഫലമെന്നാണ് ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി വാദിക്കുന്നത്. ലോക്പാലിന് ആര്‍ക്കും പരാതി നല്‍കാം. അതില്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ലോക്പാല്‍ അഭിപ്രായപ്പെട്ടാല്‍ പ്രധാനമന്ത്രി രാജിവയ്ക്കേണ്ടി വരുമെന്നാണ് ധനമന്ത്രി ഭയപ്പെടുന്നത്. പ്രഥമദൃഷ്ട്യാ കേസ് കണ്ടെത്താവുന്ന ഒട്ടനവധി കാര്യങ്ങളെ പ്രധാനമന്ത്രി ഭയക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. അതുകൊണ്ടുതന്നെ പാര്‍ലമെന്റില്‍ ഈ വിഷയങ്ങളെല്ലാം കണ്ണുമടച്ച് അംഗീകരിച്ചു കൊടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാവുകയില്ലെന്ന് തീര്‍ച്ചയാണ്.
അതുപോലെ വിലക്കയറ്റം മുഖ്യവിഷയമാണ്. യാതൊരു കൂസലുമില്ലാതെയാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സൃഷ്ടിക്കാന്‍ സാഹചര്യമൊരുക്കിയത്. ആറുമാസംകൊണ്ട് സാധനവിലകള്‍ കുറയ്ക്കുമെന്ന് രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗ്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ സാധനവിലകള്‍ ഇരട്ടിയാക്കാനാണ് വഴിവച്ചത്. ചെറുകിട വ്യാപാരം കുത്തകകള്‍ക്കായി തുറന്നുകൊടുക്കാനുള്ള നീക്കവും ബാങ്കിംഗ് ഇന്‍ഷ്വുറന്‍സ് മേഖലയില്‍ വിദേശമൂലധനം ക്ഷണിച്ചുവരുത്തുന്നതുമെല്ലാം സഭയില്‍ കോലാഹലം സൃഷ്ടിക്കാനുള്ള വഴികളാണ്. അതില്‍ ഏറ്റവും മര്മപ്രധാനം അഴിമതി തന്നെ വിഷയമാകും. കര്‍ണാടകയില്‍ ലോകായുക്ത സൃഷ്ടിച്ച പ്രശ്നങ്ങളില്‍ തലയൊളിപ്പിച്ച് രക്ഷപ്പെടാമെന്ന കോണ്‍ഗ്രസ്സിന്റെ തന്ത്രം പാളിയതോടെ മുഖ്യപ്രതിപക്ഷമായ ബിജെപിയും മറ്റ് പ്രതിപക്ഷ കക്ഷികളും പാര്‍ലമെന്റില്‍ കൊടുങ്കാറ്റു സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജനഹിതത്തെയും വികാരങ്ങളെയും അവഗണിച്ചും അവഹേളിച്ചുമാണ് മന്മോഹന് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. അത് കണ്ണുംപൂട്ടി അംഗീകരിച്ചുകൊടുത്താല്‍ ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിനെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ലമെന്റിന്റെ വേദികളെ പ്രയോജനപ്പെടുത്തുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: