കഴിഞ്ഞ രണ്ട് മാസത്തോളമായി, മഴ ആരംഭിച്ചത് മുതല്‍ കേരളത്തിലെ ആശുപത്രികളില്‍ പനിക്കാരുടെ തിരക്ക് തുടങ്ങിയതാണ്. അത് ഇനിയും ശമിച്ചിട്ടില്ല. ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പനി ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവുമധികം ജലസ്രോതസുകളാല്‍ ചുറ്റപ്പെട്ടിട്ടുള്ളതും ഈ ജില്ല തന്നെയാണ്. ജലജന്യരോഗങ്ങളുടെ വ്യാപ്തിയും ഇവിടെയാണ് കൂടുതല്‍. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എലിപ്പനിയുടെ നിരക്ക് നോക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ കേരളത്തിലാണത്രെ. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മറ്റ് വൈറസ് പനികള്‍, ടൈഫോയ്ഡ്, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കും കേരളത്തില്‍ പഞ്ഞമില്ലെന്നതാണ് സത്യം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മഞ്ഞപ്പിത്തം പിടിപെട്ട് മരിച്ചതും കൂത്താട്ടുകുളത്ത് കോളറ കണ്ടുപിടിച്ചതും മട്ടാഞ്ചേരിയില്‍ നിരന്തരമായി വര്‍ഷാവര്‍ഷം ടൈഫോയ്ഡ് പനി പടരുന്നതും വാര്‍ത്തയല്ലാതായിരിക്കുന്നു. തൊലി ചൊറിച്ചില്‍, മുറിവ് പഴുക്കല്‍, കണ്ണ് അസുഖങ്ങള്‍, വയറിളക്കം തുടങ്ങിയ ഖര-ദ്രവ്യ മാലിന്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇന്ന് കേരളത്തില്‍ സര്‍വ വ്യാപിയായിരിക്കുന്നു. ആശുപത്രികളുടെ എണ്ണപ്പെരുപ്പം വികസനമായി കണക്കാക്കുവാന്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രമേ കഴിയൂ, എന്നാല്‍ കേരളത്തില്‍ രോഗങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പം ആശുപത്രികളും പെരുകിയത് കേരളം രോഗാതുരമായതിനാലാണ്. അല്ലാതെ വികസനം മൂലമല്ല. ആരോഗ്യപരിപാലനം, വൃത്തി-വെടിപ്പ് തുടങ്ങിയവയില്‍ കേരളം ഭാരതത്തിന് മാതൃകയായിരുന്നത് തലകീഴായി മറിഞ്ഞിട്ട് ഏറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. കേരളത്തില്‍ എവിടെ ചെന്നാലും മാലിന്യക്കൂമ്പാരങ്ങളും ദുര്‍ഗന്ധവും പതിവ് സംഭവങ്ങളായിരിക്കുന്നു. ചീഞ്ഞ് നാറുന്ന ഖരമാലിന്യക്കൂമ്പാരവും ദുര്‍ഗന്ധം വമിക്കുന്ന ഓടകളും ദൈവത്തിന്റെ സ്വന്തം നാടിന്റെ മാത്രം പ്രത്യേകതയായി തീര്‍ന്നിരിക്കുന്നു. മാലിന്യനീക്കത്തിനായി തദ്ദേശ സ്വയംഭരണ സംവിധാനങ്ങള്‍ കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പഴയപടിതന്നെ നിലനില്ക്കുന്നു. മാലിന്യമലകളും അവ സൃഷ്ടിക്കുന്ന പരിസര മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും പ്രാദേശിക വ്യത്യാസമില്ലാതെ കേരളം ഒന്നാകെ നേരിടുന്ന വിപത്തായി മാറിയിരിക്കുന്നു. തൃശൂരിലെ ലാലൂരും കോഴിക്കോട് ഞെളിയന്‍പറമ്പ്, തിരുവനന്തപുരത്തെ വിളപ്പില്‍ശാല, എറണാകുളത്തെ ചിറ്റൂര്‍, ബ്രഹ്മപുരം, ഏലൂര്‍, കളമശ്ശേരി തുടങ്ങി മാലിന്യമലകളുടെയും മാലിന്യംകൊണ്ട് തള്ളിയ സ്ഥലങ്ങളുടെയും എണ്ണം പെരുകുകയാണ്. കേരളത്തില്‍ പ്രതിദിനം ഏകദേശം 3000 ടണ്‍ പാഴ്വസ്തുക്കള് ഉല്പ്പാദിപ്പിക്കപ്പെടുന്നുള്ളൂവെങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അലസതമൂലം പ്രശ്നം 30,000 ടണ്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രതീതിയിലാണ്. ഇതുമൂലം കേരളത്തിലെ ശുദ്ധജലം ലഭിക്കുന്ന ഏതാനും ജലസ്രോതസുകളായ നദികള്‍ ക്രമാതീതമായി ജലമലിനീകരണ ഭീഷണിയിലാണ്. കേരളത്തിന്റെ പനിച്ചൂടിന് പ്രധാന കാരണക്കാരായ ജലജന്യ രോഗങ്ങള്‍ക്ക് കാരണവും മറ്റൊന്നല്ല. ഖര-ദ്രവ മാലിന്യങ്ങള്‍ മൂലം മലിനീകരിക്കപ്പെടുന്ന വായുവും മലിനജലവും രോഗഹേതുക്കളായ രോഗാണുക്കളായും പകര്‍ച്ചവ്യാധികളായും മാരകരോഗങ്ങളായും നമ്മിലേക്കുതന്നെ മടങ്ങിയെത്തുകയാണ്. അശാസ്ത്രീയമായ മാലിന്യനീക്കം, ജലസ്രോതസുകളും താഴ്ന്ന പ്രദേശങ്ങളും മാലിന്യം ഉപയോഗിച്ച് നികത്തല്‍, ജനസാന്ദ്രത, സ്ഥലപരിമിതി, പൗരബോധമില്ലായ്മ, അശാസ്ത്രീയമായ മാലിന്യസംസ്ക്കരണം, കാര്യക്ഷമമല്ലാത്ത ഭരണസംവിധാനങ്ങള്‍, അഴിമതി എന്നിവയെല്ലാം പൊതുജനാരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിച്ചിരിക്കയാണ്. ഭരണരംഗത്തെ പിടിപ്പുകേട് സാധാരണക്കാരുടെ ആരോഗ്യപ്രശ്നങ്ങളില്‍ എത്തിനില്‍ക്കുന്നു. കാര്യക്ഷമമായ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ അഴിമതിമൂലം നടക്കാത്ത അവസ്ഥയിലാണ്.
ഇന്ത്യയില്‍ ഖരമാലിന്യ സംസ്ക്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. ഇത് നടക്കാതെ വന്നപ്പോഴാണ് സുപ്രീംകോടതിയില്‍ അല്‍മിത്ര പട്ടേല്‍ 1996 ല്‍ കേസ് (നമ്പര്‍ 888) ഫയല്‍ ചെയ്തത്. അതിന്റെ ഫലമായി കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ അസിംബര്മ്മന് ചെയര്‍മാനായി ഒരു എട്ടംഗ കമ്മറ്റി 1998 ല്‍ സുപ്രീംകോടതി രൂപീകരിച്ചിരുന്നു. ഈ കമ്മറ്റി ഇന്ത്യയിലെ 16 കോര്‍പ്പറേഷനുകളും ഒട്ടനേകം മുനിസിപ്പാലിറ്റികളും സന്ദര്‍ശിച്ച് പഠനം നടത്തി. 1999 മാര്‍ച്ചില്‍ വളരെ ആധികാരികമായി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 2000 സപ്തംബറില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഖരമാലിന്യ സംസ്ക്കരണനിയമം ഗസറ്റ് നോട്ടിഫിക്കേഷനായി ഇറക്കിയിരുന്നു. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2003 ഡിസംബര്‍ 31 ന് മുമ്പുതന്നെ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് നിഷ്ക്കര്ഷിച്ചിരുന്നു. എന്നാല്‍ ഈ നിയമങ്ങളും നിര്‍ദേശങ്ങളും ഇന്നും നോക്കുകുത്തിയായി അവശേഷിക്കുന്നുവെന്നതാണ് കേരളം പനിക്കുന്നതിന് കാരണമായി തീര്‍ന്നിട്ടുള്ളത്.
നിലവിലുള്ള ഖരമാലിന്യ സംസ്ക്കരണ നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഖരമാലിന്യങ്ങള്‍ എല്ലാ ദിവസവും നീക്കം ചെയ്യണം. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിയുവാന്‍ ഇടവരുത്തരുത്. വ്യവസായ മാലിന്യങ്ങളും മാരക വിഷമാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും അറവുശാല മാലിന്യങ്ങളും മുനിസിപ്പല്‍ പ്രദേശത്തെ മാലിന്യങ്ങളുമായി കൂട്ടിക്കലര്‍ത്തരുത്. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ (പരിപാലനവും കൈകാര്യം ചെയ്യലും) നിയമം 1998, മാരകവിഷമാലിന്യങ്ങള്‍ (പരിപാലനവും കൈകാര്യം ചെയ്യലും) നിയമം 1989, വ്യവസായ മലിനീകരണ നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് മുനിസിപ്പല്‍ ഖരമാലിന്യങ്ങളല്ലാത്തവ കൈകാര്യം ചെയ്യേണ്ടത്. പ്ലാസ്റ്റിക് നിയന്ത്രണ പരിപാലന നിയമം 2011 പ്രകാരമാണ് പ്ലാസ്റ്റിക്കുകള്‍ കൈകാര്യം ചെയ്യേണ്ടത്. തണ്ണീര്‍ത്തടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ജലമലിനീകരണ നിയന്ത്രണനിയമവും 2011 ലെ കേന്ദ്ര തണ്ണീര്‍ത്തട സംരക്ഷണ നിയമവും പ്രകാരം കൈകാര്യം ചെയ്യണം. ഖരമാലിന്യങ്ങള്‍ ഒരു കാരണവശാലും കത്തിച്ചുകളയരുത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യം നീക്കം ചെയ്യുന്ന സമയം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കണം. പ്ലാസ്റ്റിക് തുടങ്ങിയ ജൈവവിഘടനശേഷിയില്ലാത്ത മാലിന്യങ്ങള്‍, ജൈവവിഘടിത മാലിന്യങ്ങളുമായി കലര്‍ത്തരുത്. രണ്ടും പ്രത്യേകം പ്രത്യേകം ശേഖരിക്കണം. ഖരമാലിന്യങ്ങള്‍ ശേഖരിച്ചശേഷം തരംതിരിക്കണം. വ്യക്തമായ മാനദണ്ഡങ്ങള്‍ ഖരമാലിന്യങ്ങള്‍ സംഭരിച്ചുവയ്ക്കുന്നതിന് സുപ്രീംകോടതി നിര്‍ദേശിക്കുന്നുണ്ട്. അത് പ്രകാരം മാത്രമേ മാലിന്യം സംഭരിച്ച് വയ്ക്കാവൂ. മാലിന്യനീക്കം ഒരിക്കലും തുറന്ന വാഹനങ്ങളില്‍ പാടില്ല. അതിനായി പ്രത്യേകം തയ്യാറാക്കിയ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കണം. സംസ്ക്കരണ സ്ഥലവും മാലിന്യ സംഭരണ സ്ഥലവുമായി അഞ്ച് കിലോമീറ്ററില്‍ കൂടുതല്‍ ദൂരം പാടില്ല. പുനര്ചംക്രമണത്തിനും പുനരുപയോഗത്തിനും ജൈവവിഘടനത്തിനും കഴിയാത്ത മാലിന്യങ്ങള്‍ മാത്രമേ ഭൂമി നികത്തുവാനായി ഉപയോഗിക്കാവൂ. ഭൂമി നികത്തല്‍ സുപ്രീംകോടതി നിഷ്ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് മാത്രമേ നടത്താവൂ. മാലിന്യത്തില്‍നിന്നും അരിച്ചിറങ്ങുന്നതും ഒലിച്ചിറങ്ങുന്നതുമായ ദ്രവമാലിന്യങ്ങള്‍ ഒരു കാരണവശാലും ജലസ്രോതസുകളില്‍ കലരുവാന്‍ അനുവദിച്ചുകൂട. വികസന അതോറിറ്റികള്‍ മാലിന്യം ഉപയോഗിച്ച് ഭൂമി നികത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ സ്ഥലം, വനം, ചതുപ്പുകള്‍, അണക്കെട്ടുകള്‍, ജലസ്രോതസുകള്‍, നാഷണല്‍ പാര്‍ക്കുകള്‍, വാസസ്ഥലങ്ങള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയില്‍നിന്നും നിശ്ചിത ദൂരം പാലിക്കേണ്ടതാണ്. ഇത്തരം നികത്തല്‍ ഭൂമിക്ക് ചുറ്റും ഒരു ബഫര്‍ മേഖല സൃഷ്ടിക്കേണ്ടതാണ്. നികത്തുഭൂമികള്ക്ക് വിമാനത്താവളങ്ങളില്‍നിന്നും ചുരുങ്ങിയത് 20 കി.മീറ്റര്‍ ദൂരെ മാറിയുള്ള സ്ഥലങ്ങള്‍ മാത്രമേ തെരഞ്ഞെടുക്കാവൂ. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്തുന്നുണ്ടെങ്കില്‍ മാലിന്യം നിരത്തിയതിന് മുകളില്‍ 10 സെ.മീറ്റര്‍ മണ്ണ് നിരത്തേണ്ടതാണ്. മഴക്കാലത്തിന് മുമ്പ് ഇത്തരം സ്ഥലങ്ങളില്‍ 40-60 സെ.മീറ്റര്‍ കനത്തില്‍ മണ്ണ് നിരത്തണം. സാനിറ്ററി ലാന്റ് ഫില്ലിംഗിന് പ്രത്യേകം നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. അത് നിര്‍ബന്ധമായും പാലിക്കപ്പെടണം. ബാക്ടീരിയ കമ്പോസ്റ്റിംഗ്, മണ്ണിര കമ്പോസ്റ്റിംഗ്, ബയോഗ്യാസ് നിര്‍മാണം, വൈദ്യുതി ഉല്‍പ്പാദനം, തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ക്ക് ജൈവമാലിന്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ബാറ്ററി, ബള്‍ബുകള്‍, രാസവസ്തുക്കളുടെ ടിന്നുകള്‍, ഉപയോഗിക്കാത്ത മരുന്നുകള്‍, പെയിന്റ് ടിന്നുകള്‍, ഉപയോഗിക്കാത്ത ഓയില്‍, പെയിന്റ്, കീടനാശിനികളുടെ ബാക്കി ടിന്നുകള്‍, ട്യൂബ്ലൈറ്റുകള്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇ-മാലിന്യങ്ങള്‍, യന്ത്രങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങിയവയൊന്നും മുനിസിപ്പല്‍ ഖരമാലിന്യങ്ങളുടെ കൂടെ കൂട്ടിക്കലര്‍ത്തരുത്. മാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ സംസ്ക്കരണത്തേക്കാള് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. മാലിന്യം ഉപയോഗിച്ച് നികത്തുന്ന ഭൂമിയുടെ സമീപത്തുള്ള വായു, ജലം, മണ്ണ് എന്നിവ നിരന്തരമായി പരിശോധിക്കണം. മാലിന്യവിമുക്തമാണെന്ന് ഉറപ്പുവരുത്തണം. കുന്നുകളും മലകളും നിറഞ്ഞ പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക നിബന്ധനകള്‍ കര്‍ശനമായി പാലിക്കപ്പെടണം. മാലിന്യം ഉപയോഗിച്ച് നികത്തിയ ഭൂമിയില്‍നിന്നും രോഗാണുക്കള്‍ പടരാതിരിക്കുവാന്‍ 15 വര്‍ഷമെങ്കിലും നിബന്ധനകള്‍ പാലിക്കണം. കേരളത്തിലെ ഇടനാട്ടിലും മലനാട്ടിലും തീരപ്രദേശത്തുമുള്ള പട്ടണങ്ങളിലും തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും ഖരമാലിന്യ സംസ്ക്കരണം കാര്യക്ഷമമായി നടപ്പാക്കണം. എങ്കില്‍ മാത്രമേ കേരളം ഇന്ന് അനുഭവിക്കുന്ന പകര്‍ച്ചവ്യാധികളില്‍നിന്നും വിവിധയിനം പനികളില്നിന്നും മോചനം ലഭിക്കൂ. വീടുകള്‍, ഹോട്ടലുകള്‍, കല്യാണമണ്ഡപങ്ങള്‍, ചന്തകള്‍, ആശുപത്രികള്‍, ഫ്ലാറ്റ് സമുച്ചയങ്ങള്‍, നിരത്തുകള്‍, പൊതുസ്ഥാപനങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യണം. ഇതുകൂടാതെയാണ് ദ്രവമാലിന്യങ്ങള്‍ സംസ്ക്കരിക്കേണ്ട ആവശ്യവും വന്നിരിക്കുന്നത്. ആയതിനാല്‍ കേരളത്തില്‍ ഖര-ദ്രവ മാലിന്യസംസ്ക്കരണത്തിനായി ഒരു അതോറിറ്റി രൂപീകരിച്ചാല്‍ നന്നായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്ക്കരണത്തിനു വേണ്ട നിര്‍ദേശവും ഉപദേശവും വേണ്ട ഉപകരണങ്ങളും പ്ലാനും നല്കുവാനും നിയമം ലംഘിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും അധികാരവും ശേഷിയുമുള്ള അര്‍ധ ജുഡീഷ്യറി-ശാസ്ത്ര സ്ഥാപനമായിരിക്കണം ഈ അതോറിറ്റി. ഈ അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനംകൊണ്ട് മാത്രമേ കേരളത്തെ പനിച്ചൂടില്നിന്നും രക്ഷിക്കാനാകൂ.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: