കേരളം വളരുന്നു, കേറിയുമിറങ്ങിയും എന്ന് കേരളത്തിന്റെ ഒരു മഹാകവി പാടിയതുപോലെ, 60 വര്‍ഷം പിന്നിട്ട കേസരി വാരിക വളരുന്നു കേറിയുമിറങ്ങിയും എന്ന് പറയേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ കര്‍ത്തവ്യം നിറവേറ്റാനാണ് കേസരി രൂപംകൊണ്ടത്. കേസരി രൂപംകൊണ്ട് വളരെ കഴിഞ്ഞശേഷമാണ് ‘ജന്മഭൂമി’ രൂപം കൊണ്ടത്.
സ്വതന്ത്രഭാരതത്തിന് ചിലതെല്ലാം കൈവരിക്കാനുണ്ട്, അത് കൈവരിച്ചോ ഇല്ലയോ എന്നത് പ്രശ്നമല്ല, ഇന്നല്ലെങ്കില്‍ നാളെ അത് കൈവരിക്കും. ഭാരതത്തിന് ലോകത്തോട് ഒരു കര്‍ത്തവ്യമുണ്ട് എന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ട്, അത് കൈവരിക്കുകതന്നെ ചെയ്യും. സനാതന ധര്‍മത്തിന്റെ വികാസം നാളത്തെ ലോകത്തിന്റെ എല്ലാ പ്രശ്നത്തിനും പരിഹാരമാണ്. അത് കൈവരിച്ചില്ലെങ്കില്‍ വിനാശത്തിലേക്കാകും ലോകം പോകുന്നത്. അങ്ങനെ വരാന്‍ പാടില്ല. ഇന്ന് അമേരിക്കയിലേയും യൂറോപ്പിലേയും മറ്റ് വിദേശ രാജ്യങ്ങളിലേയും ചിന്തകന്മാര് സനാതന ധര്മത്തിലെ അഥവാ ഭഗവദ്ഗീതയിലെ തത്വം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമ്പത്തില്‍ മാത്രമല്ല, ഭരണസമ്പ്രദായത്തിലും ശാസ്ത്രനേട്ടത്തിലും മേറ്റ്ല്ലാ മേഖലകളിലും ഭാരതം ഉണരാന്‍ പോവുകയാണ്.
ഇവിടെ ചിന്താവിഷയം കേരളത്തിന്റേതാണ്. കേരളം നാളെ എത്തിച്ചേരേണ്ട അവസ്ഥയിലേക്ക് പുതിയ തലമുറയെ കൈപിടിച്ചുയര്ത്താനായിരുന്നു അമ്പതുകളുടെ ആദ്യം കേസരിയെന്ന പേരില്‍ ഒരു വാരിക തുടങ്ങിയത്. അറുപത് വര്‍ഷം മുടക്കം കൂടാതെ അത് മുന്നോട്ടുപോയി. അതിന്റെ പിന്നിലെ കരുത്ത് വായനക്കാരുടെ നിരന്തര പ്രേരണയായിരുന്നുവെന്ന് പലര്‍ക്കും അറിവുള്ളതാണ്. ദേശീയ നവോത്ഥാനത്തിന് നേതൃത്വം കൊടുക്കാന്‍ കഴിവുള്ള കുറേ ചെറുപ്പക്കാരെ സൃഷ്ടിക്കുക എന്നതായിരുന്നു അതിന്റെ പിന്നിലെ അന്നത്തെ പ്രേരണ. ആ ചെറുപ്പക്കാര്‍ കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ട് സാധാരണക്കാരിലേക്കിറങ്ങി. സംഘട്ടനങ്ങളേയും കേരളത്തിന്റെ പ്രത്യേകതര സാഹചര്യങ്ങളെയും സധൈര്യം നേരിടുകയായിരുന്നു അവര്‍. അതിന്റെ പ്രതികരണങ്ങള്‍, പ്രതിഫലനങ്ങള്‍ കേരളീയ സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടെ വികാരമായി മാറി. അവര്‍ കേസരിയെ വളര്‍ത്തി. സ്വയം വരിക്കാരായും മറ്റുള്ളവരെ വരിക്കാരാക്കിയും കേസരിയുടെ പ്രചാരം വര്‍ധിപ്പിച്ചു. തുടങ്ങിയ ലക്ഷ്യത്തില്‍നിന്നും വ്യതിചലിക്കാതിരിക്കാന്‍ സുവ്യക്തമായ ആശയലക്ഷ്യം കൈവരിക്കാന്‍ പ്രതിബദ്ധതയുള്ള ഭാവനാസമ്പന്നരായ വ്യക്തികളെ പത്രാധിപന്മാരായി ലഭിക്കുകയും ചെയ്തു. ഒരു സമൂഹം മുന്നോട്ട് പോകേണ്ട വഴി അവര്‍ ചൂണ്ടിക്കാണിച്ചു. കൈവരിക്കേണ്ട കാര്യങ്ങള്‍ നിര്‍ദേശിച്ചു.
അറുപതാം വര്‍ഷം ആഘോഷിക്കുന്ന കേസരിക്ക് ഇത് മതിയോ? ഉണര്‍ന്നെഴുന്നേറ്റ് ചുറ്റിനും നോക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഭാഷ, ശാസ്ത്രം എന്നിവയെക്കുറിച്ച് മാത്രമല്ല ഭരണത്തെക്കുറിച്ചും സമ്പദ്വ്യവസ്ഥയെക്കുറിച്ചും ജനസാമാന്യത്തിന്റെ നാനാവിധമായ ഉയര്‍ച്ചയെക്കുറിച്ചും കേസരി ചിന്തിക്കേണ്ടതില്ലേ?
കേരളത്തിന്റെ വികസനം എന്ന് എല്ലാവരും ഉറക്കെ പറയുമ്പോള്‍ ഭാരതം ചരിക്കുന്ന വഴിയിലാണോ കേരളവും വികസിക്കുന്നത്? പുറംനാട്ടിലേക്ക് നോക്കി അവിടെനിന്ന് എന്ത് കിട്ടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലല്ലേ ഇന്നത്തെ വികസനം? ഉണ്ണാനും ഉടുക്കാനും മാത്രമല്ല, അച്ഛനോടും അമ്മയോടും മക്കള്‍ എങ്ങനെ സംസാരിക്കണമെന്നും നമ്മുടെ കുടുംബം എങ്ങനെ സമ്പന്നമാകണമെന്നും ചിന്തിക്കാന്‍ കഴിയുന്ന മാധ്യമ നേതൃത്വം കേരളത്തിനുണ്ടോ? അങ്ങനെയൊരു മാധ്യമമുണ്ടെങ്കില്തന്നെ അതിന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ടോ? എന്നെല്ലാം അന്വേഷിക്കുമ്പോള്‍ കേസരിക്ക്, കേസരിയെ വളര്‍ത്തുന്നവര്‍ക്ക് വളരെ ചിന്തിക്കാനുണ്ട്. സമൂഹത്തിലെ എല്ലാ രംഗങ്ങളേയും സ്വാധീനിക്കാന്‍ കേസരിക്ക് കഴിയണം.
കേസരിയെ വളര്‍ത്തിയ യുവാക്കള്‍ ഒരുപിടി ആയിരുന്നെങ്കില്‍ ഇന്നവര്‍ ഒരായിരമാണ്. അവര്‍ കേരളത്തിലും പുറംലോകത്തിലുമുണ്ട്. അവര്‍ക്ക് കേരളത്തെക്കുറിച്ച് ആണ്ടുതോറും ഓണം ഉണ്ണാന്‍ നാട്ടിലേക്ക് വരുന്ന മലയാളിയെപ്പോലെ ഒരു സ്വപ്നമുണ്ട്. ഈ സ്വപ്നം പങ്കുവെക്കാന്‍ കേസരിക്കും കഴിയണം.
എല്ലാ രംഗങ്ങളിലും നഷ്ടപ്പെട്ട ഭാരതത്തിന്റെ, കേരളത്തിന്റെ വൈഭവം വീണ്ടെടുക്കാന്‍ ഒരു പശ്ചാത്തലം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. പാടങ്ങള്‍ നികത്തിയും ഒരുപിടിയുള്ള മണ്ണ് തീറെഴുതിയും വിദേശത്തേക്ക് പറക്കുന്ന മലയാളിക്ക് കേരളത്തെ ഉണര്‍ത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ കേസരിക്കാവണം. സ്വന്തമായുള്ള ഒരുപിടി മണ്ണില്‍നിന്നും സ്വര്‍ണം വിളയിക്കാന്‍ കഴിയുന്ന മലയാളിയെയാണ് നമുക്ക് വേണ്ടത്. ഏത് വ്യവസായവും സ്വാവലംബനത്തിനുള്ളതാണെന്ന് ഓര്‍മിപ്പിക്കാന്‍ കഴിയണം. സമ്പത്തും സംഘടനയും സംസ്ക്കാരവും ഒത്തുചേരുന്ന ഒരു കേരളം, അതിനായിരിക്കട്ടെ കേസരിയുടെ ഇനിയുള്ള മുന്നേറ്റം.
എം.എ.കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: