തിരുവനന്തപുരം: കര്‍ക്കിടക വാവിനോടനുബന്ധിച്ച് പിതൃക്കള്‍ക്ക് മോക്ഷമേകി ആയിരങ്ങള്‍ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും തീര്‍ഥസ്ഥാനങ്ങളിലും തര്‍പ്പണം നിര്‍വഹിച്ചു. തിരുവനന്തപുരത്ത് തിരുവല്ലത്തും ശംഖുമുഖം കടപ്പുറത്തും വര്‍ക്കല പാപനാശത്തും അരുവിക്കരയിലും കൊല്ലത്ത് തിരുമുല്ലാവാരത്തും കേരളത്തിലെ ഏക പരശുരാമസ്വാമി ക്ഷേത്രമായ തിരുവല്ലത്ത് പുലര്‍ച്ചെ മൂന്നു മണിക്ക് പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ഒരു തവണ 2500പേര്‍ക്ക് തര്‍പ്പണം നടത്താനുള്ള സൗകര്യം ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്നു. പുറമെ ക്ഷേത്രത്തിനു വെളിയിലും തര്‍പ്പണം നടന്നു. പതിനായിരങ്ങള്‍ തിരുവല്ലത്ത് തര്‍പ്പണം നടത്തിയതായാണ് പ്രാഥമിക വിവരം.
ശംഖുമുഖം കടപ്പുറത്തും തൊട്ടടുത്ത് വേളിയിലും പിതൃതര്‍പ്പണത്തിന് വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വര്‍ക്കല പാപനാശം തീരത്ത് പതിനായിരങ്ങള്‍ ബലിയര്‍പ്പിച്ചു. സ്പീക്കര്‍ ജി.കാര്ത്തികേയന് അരുവിക്കരയില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്തു.
പിതൃപുണ്യം തേടി എറണാകുളം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പതിനായിരങ്ങളാണ് എത്തിയത്. ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലുവ ശിവരാത്രി മണപ്പുറം, തിരുനെട്ടൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണത്തിന് എത്തിയവരുടെ തിക്കും തിരക്കുമായിരുന്നു. ഒന്നില്‍ നിന്ന്
കാലടി ശിവരാത്രി മണപ്പുറം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കലൂര്‍ പാവക്കുളം ക്ഷേത്രം എന്നിവിടങ്ങളിലും വന്‍തിരക്ക് അനുഭവപ്പെട്ടു.
കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആയിരങ്ങള്‍ പിതൃദര്‍പ്പണം നടത്തി. കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വരക്ഷേത്രം, കണ്ണൂര്‍ പയ്യാമ്പലം കടപ്പുറം,തൃക്കൈശിവക്ഷേത്രം വക തലായ് കടപ്പുറം, തലശ്ശേരി ജഗന്നാഥക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, കീഴൂര്‍ മഹാദേവക്ഷേത്രം, പയ്യാവൂര്‍ വാസവപുരം ക്ഷേത്രം, മണക്കടവ് മഹാവിഷ്ണു ക്ഷേത്രം, മാഹി കടപ്പുറം, തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം, മണക്കടവ് ശ്രീ മഹാവിഷ്ണു ക്ഷേത്രം, ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രം,ചുളളിക്കര ഉദയപുരം ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിലാണ് ബലിതര്‍പ്പണം നടന്നത്.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലും പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിലും ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തരും ഇവിടെ പിതൃതര്‍പ്പണത്തിന് എത്തിയിരുന്നു.
കോട്ടയം ജില്ലയില്‍ വിവിധ ക്ഷേത്രങ്ങളില്‍ കര്‍ക്കിടകവാവ് ദിനത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രസന്നിധിയില്‍ നടന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. നാഗമ്പടം മഹാദേവക്ഷേത്രം,കോടിമത ശ്രീധര്‍മ്മശാസ്താക്ഷേത്രം,കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം,ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം,അമനകര ശ്രീഭരതസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ബലിതര്‍പ്പണചടങ്ങുകള്‍ നടന്നു
തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിനായി ആയിരക്കണക്കിന് പേര് എത്തിയിരുന്നു. ദേവസ്വം അംഗീകരിച്ച 14 കാര്‍മികരുടെ കാര്‍മികത്വത്തിലാണ് ബലികര്‍മ്മങ്ങള്‍ നടന്നത്. വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മുമ്പ് തന്നെ ദേവസ്വം വഴിപാടുകൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നതിനാല്‍ പിതൃതര്‍പ്പണത്തിനെത്തിയവര്‍ക്ക് ഏറെ സഹായകരമായി. അന്യജില്ലക്കാര്‍ വെള്ളിയാഴ്ച വൈകീട്ടുതന്നെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇവര്‍ക്ക് ദേവസ്വം സൗജന്യമായി താമസ സൗകര്യം ഒരുക്കിയിരുന്നു. നിളയില്‍ നീരൊഴുക്ക് കൂടുതലായതിനാല്‍ വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: