മോസ്കോ: മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് നിര്‍ണായക പ്രതിരോധ വിവരങ്ങള്‍ ഇറ്റാലിയന്‍ ചാരസംഘടന ചോര്‍ത്തിയ സംഭവം പുറത്തായി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഒട്ടേറെ രഹസ്യവിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്.
റഷ്യയിലെ പ്രതിരോധ സ്ഥാപനങ്ങളുമായി ഇന്ത്യന്‍ എംബസി നടത്തിയ കത്തിടപാടുകളാണ് ഇറ്റാലിയന്‍ സൈബര്‍ പോലീസ് (നാഷണല്‍ ആന്റി ക്രൈം കമ്പ്യൂട്ടര്‍ സെന്ര് ഫോര്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൊട്ടക്ഷന് (സിഎന്എഐപിഐസി) ചോര്ത്തിക്കൊണ്ടിരുന്നതെന്ന് റഷ്യന്‍ പത്രമായ ‘ഇസ്വെസ്തിയ’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റാലിയന്‍ ചാരസംഘടന ചോര്‍ത്തിയ വിവരങ്ങള്‍ അജ്ഞാത ഹാക്കര്‍മാര്‍ ഓണ്‍ലൈന്‍ വഴി പുറത്തുവിട്ടതോടെയാണ് സംഭവം വെളിച്ചത്തായത്. ഇതില്‍ ഇന്ത്യന്‍ എംബസിയുടെ വ്യോമവിഭാഗവും ഏവിയേസാവാസ്റ്റ് എന്ന പ്രാദേശിക കമ്പനിയുമായി സൈനിക വിമാനത്തിന്റെ സ്പെയര്‍ പാര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച കത്തിടപാടുകളും അടങ്ങിയിട്ടുണ്ട്. ഈ സ്ഥാപനവുമായി ഡെപ്യൂട്ടി എയര്‍ അറ്റാഷെ ഡി.എസ്. ഷെഖാവത്ത് നടത്തിയ കത്തിടപാടുകളാണ് പ്രധാനമായും ഇറ്റാലിയന്‍ ചാരസംഘടന ചോര്‍ത്തിയിരിക്കുന്നതെന്ന് പത്രം പറയുന്നു. 15 ഹെലികോപ്റ്റര്‍ എഞ്ചിനുകള്‍ വിതരണം ചെയ്യുന്നതിലുണ്ടായ കാലതാമസവും കത്തിന്റെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു. ഇതിന് ഏവിയേസാവാസ്റ്റിന്റെ ഇന്ത്യയിലെ പ്രതിനിധി അതേദിവസം അയച്ച മറുപടിയും സിഎന്എഐപിഐസി ചോര്‍ത്തിയിട്ടുണ്ട്. വിമാന എഞ്ചിന് നിര്‍മ്മാതാക്കളായ എന്‍പിഒ സാറ്റേണ്‍, ഇല്യൂഷിന് എയര്‍ക്രാഫ്റ്റ് എന്നിവര്‍ മോസ്കോയിലെ ഇന്ത്യന്‍ എംബസിയും ന്യൂദല്‍ഹിയിലെ വ്യോമസേനാ ആസ്ഥാനവുമായി നടത്തിയ ആശയവിനിമയങ്ങളും ഇറ്റാലിയന്‍ സൈബര്‍ പോലീസിന്റെ പക്കലുണ്ട്. വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത് ഇന്ത്യക്കാരില്നിന്നാണെന്ന നിലപാടിലാണ് ഏവിയേസാവാസ്റ്റ് അധികൃതര്‍. ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ ഇന്‍ഫര്‍മേഷന്‍ കൗണ്‍സിലര്‍ നൂതന് കപൂര്‍ മഹാവര്‍ വിസമ്മതിക്കുകയും ചെയ്തു.
2010-ല്‍ ചൈനീസ് സൈബര്‍ ചാരന്മാരുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് മോസ്കോയിലെ ഇന്ത്യന്‍ എംബസി സൈബര്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരുന്നു. മോസ്കോ, ലണ്ടന്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലുള്ള കമ്പ്യൂട്ടറുകളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത് ചൈനയിലെ ചെങ്ങ്സു ആസ്ഥാനമായി പ്രവത്തിക്കുന്ന ഹാക്കര്‍മാരാണെന്ന് യുഎസിലും കാനഡയിലും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ മോണിറ്റര്‍ ആന്റ് ഷാഡോ സര്‍വേഴ്സ് ഫൗണ്ടേഷന് കണ്ടെത്തിയിരുന്നു.
പ്രതിരോധ സഹകരണം സംബന്ധിച്ച് ഇന്ത്യയും മോസ്കോയും കൈമാറുന്ന രഹസ്യവും നിര്‍ണായകവുമായ വിവരങ്ങള്‍ ചൈനയുടെ കൈകളില്‍ എത്തുന്നതില്‍ ഒരു വിഭാഗം റഷ്യന്‍ മാധ്യമങ്ങള്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തതാണ്. ചൈനയുടെ രണ്ട് സൈബര്‍ അതിക്രമങ്ങള്‍ ഉണ്ടായതായി അന്ന് മോസ്കോയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിരുന്നെങ്കിലും രഹസ്യ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ഇത്തവണ റഷ്യയിലെ ഊര്‍ജ്ജരംഗത്തെ വമ്പന്മാരാണ് സൈബര്‍ അക്രമികളുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: