തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഐജി ടോമിന് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ജി. ഗോപാല്‍കൃഷ്ണപിള്ള വ്യക്തമാക്കിയതോടെ ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രണ്ട് തട്ടിലായി.
ജൂലായ് 6ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സസ്പെന്‍ഷനിലായിരുന്ന തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ജൂലായ് 10ന് സസ്പെന്ഷന് കാലാവധി അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭാ തീരുമാനം. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കൂടി നിര്‍ദ്ദേശം പരിഗണിച്ചാണ് തീരുമാനമെന്നും മഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അങ്ങിനെയൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു. അതിനുശേഷവും മുഖ്യമന്ത്രി കേന്ദ്രത്തിന്റെ കത്തിന്റെ കാര്യം പരാമര്‍ശിച്ചിരുന്നതാണ്. എന്നാല്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറിയായിരുന്ന ജി. ഗോപാല്‍കൃഷ്ണപിള്ള കേന്ദ്രം അങ്ങിനെയൊരു കത്തയച്ചിട്ടില്ലെന്ന് ഇന്നലെ ആവര്‍ത്തിച്ചത് കോണ്‍ഗ്രസ്സിനെയും സര്‍ക്കാരിനെയും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.
കേന്ദ്രം അയച്ച കത്ത് ഫയലിലുണ്ടെന്ന് ജി.കെ.പിള്ളയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തച്ചങ്കരി പ്രശ്നം കോണ്‍ഗ്രസ്സിനും ഭരണമുന്നണിയിലാകെയും പ്രശ്നമാവുകയാണ്. നേരത്തെതന്നെ യുഡിഎഫിലെ പല നേതാക്കളുമായും തച്ചങ്കരിക്ക് അടുത്ത ബന്ധമാണുള്ളത്. എല്‍ഡിഎഫ് ഭരണമുള്ളപ്പോള്‍ തച്ചങ്കരി സിപിഎമ്മില്‍ പ്രശ്നം സൃഷ്ടിച്ചതാണ്. തച്ചങ്കരി പ്രശ്നത്തില്‍ ശക്തമായി പ്രതികരിച്ച് വി.എസ്.അച്യുതാനന്ദന് നിലയുറപ്പിച്ചപ്പോള്‍ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളില്‍ പ്തിഷ്ഠിച്ച് ഔദ്യോഗികപക്ഷം പ്രതികരിച്ചു. ഒടുവില്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ വിദേശത്ത് ദുരൂഹമായ ഇടപാടുകള്‍ നടത്തിയതിനാണ് സസ്പെന്‍ഷനിലായത്.
സര്‍വ്വീസില്‍ കയറുന്ന തച്ചങ്കരിക്ക് ഏത് സ്ഥാനം നല്‍കുമെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ക്രമസമാധാന പാലന വിഭാഗത്തിലാകുമോ തച്ചങ്കരിയുടെ നിയമനമെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്ന് മുഖ്യമന്ത്രി നല്കിയ മറുപടി. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന റിവ്യൂ കമ്മറ്റിയുടെ ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും എന്‍ഐഎയുടെയും അഭിപ്രായം തേടിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കണ്ണൂര്‍ റേഞ്ച് ഐജിയായിരിക്കെയായിരുന്നു സസ്പെന്ഷന്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന് കണ്ണൂര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തച്ചങ്കരിയുടെ അഭാവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. ഈ സമയത്ത് വിദേശത്തായിരുന്ന തച്ചങ്കരി വേണ്ടത്ര അനുമതിയില്ലാതെയാണ് ഈ യാത്ര നടത്തിയതെന്ന് വ്യക്തമായിരുന്നു.
വിദേശപര്യടനത്തിനിടയില്‍ തച്ചങ്കരി തീവ്രവാദബന്ധമുള്ളവരുമായി ബന്ധപ്പെട്ടുവെന്ന പരാതിയിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സസ്പെന്ഷന് വീണ്ടും നീട്ടിയത്. ഈ കേസ് എന്‍ഐഎയുടെ അന്വേഷണ പരിധിയിലും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തച്ചങ്കരി തീവ്രവാദ ബന്ധമുള്ളവരുമായി ബന്ധപ്പെട്ടതിന് മതിയായ തെളിവില്ലെന്നായിരുന്നു എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് തച്ചങ്കരിയെ സര്‍വീസില്‍ തിരികെയെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നു പറയുന്നു. അതാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും സെക്രട്ടറിയും ആവര്‍ത്തിച്ച് നിഷേധിക്കുന്നത്.
തച്ചങ്കരിയെ തിരികെയെടുക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കത്ത് നല്കിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമത്തിനുള്ളില്‍ നിന്നേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഏതായാലും തച്ചങ്കരി വിഷയത്തില്‍ ഭരണതലത്തില്‍ ഒളിച്ചുകളി നടക്കുകയാണ്. കാസര്‍കോട് വെടിവയ്പ്പ് അന്വേഷണകമ്മീഷനെ പിന്‍വലിച്ച് വിവാദം സൃഷ്ടിച്ച സര്‍ക്കാര്‍ തച്ചങ്കരിയുടെ കാര്യത്തിലും പ്രതിക്കൂട്ടിലാവുകയാണ്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം തീവ്രവാദ ഗ്രൂപ്പുകളാണോ അതൊ സാമ്പത്തിക സമ്മര്‍ദ്ദങ്ങളാണോ എന്നാണറിയാനുള്ളത്. ആലപ്പുഴയിലെ മര്‍ദ്ദനം, വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദ്യം തുടങ്ങിയ കേസുകളില്‍ പ്രതിസ്ഥാനത്തുനില്ക്കുന്ന തച്ചങ്കരിക്കുവേണ്ടി ഏത് നിയമത്തിന്റെ പിന്‍ബലമാണ് സര്‍ക്കാരിനുള്ളതെന്ന ചോദ്യവും സജീവമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: