ന്യൂദല്‍ഹി: അഴിമതിക്കെതിരെ സമഗ്രമായ ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹവും ധര്‍ണയും നടത്താന്‍ പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
പാര്‍ലമെന്റിന് സമീപമുള്ള പ്രതിഷേധ പരിപാടിയുടെ കൃത്യമായ സമയക്രമം അറിയിക്കുകയോ തലസ്ഥാനത്തിന് പുറത്ത് എവിടെയെങ്കിലും വേദി തെരഞ്ഞെടുക്കുകയോ ചെയ്യണമെന്നാണ് ദല്‍ഹി പോലീസ് ടീം ഹസാരെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പ്രതിഷേധപരിപാടി അട്ടിമറിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ആസൂത്രിത നീക്കമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉന്നതങ്ങളിലെ അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ നിയമത്തിനുവേണ്ടി കഴിഞ്ഞ ഏപ്രില്‍ ആദ്യം ജന്തര്‍മന്ദറില്‍ നടത്തിയ നിരാഹാര സത്യഗ്രഹത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അടുത്തമാസം 16 മുതല്‍ അതേ വേദിയില്‍ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയെയും ഉന്നത ജുഡീഷ്യറിയെയും ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പൊതുസമൂഹത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം തള്ളിയ കേന്ദ്രസര്‍ക്കാര്‍ സ്വന്തം താല്‍പ്പര്യപ്രകാരമുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കുകയും കേന്ദ്രമന്ത്രിസഭ അതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. കാര്യക്ഷമവും ശക്തവുമായ ലോക്പാല്‍ ബില്ലിനുവേണ്ടി പൊതുസമൂഹം മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചകളെല്ലാം അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഹസാരെ കുറ്റപ്പെടുത്തിയിരുന്നു. കാര്യക്ഷമമായ ലോക്പാല്‍ ബില്ലിന് കേന്ദ്രം താല്‍പ്പര്യപ്പെടുന്നില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അടുത്തമാസം 16 മുതല്‍ ഹസാരെ നിരാഹാരസത്യഗ്രഹം പ്രഖ്യാപിച്ചത്.
2009 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം ദല്ഹിയിലൊരിടത്തും അനിശ്ചിതകാല നിരാഹാരത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് ദല്‍ഹി പോലീസ് ഹസാരെയെ അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ പ്രതിഷേധ പരിപാടിയുമായി എത്താനിടയുള്ളതിനാല് ഏതെങ്കിലൊരു സംഘടന ജന്തര്‍മന്ദര്‍ അപ്പാടെ കയ്യടക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പോലീസ് അവകാശപ്പെട്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരും ദല്‍ഹി പോലീസുമായി ഹസാരെയുടെ സംഘം നടത്തിയ ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് അധികൃതരുടെ അറിയിപ്പ് വന്നത്. ഇതിനു പിന്നാലെ പാര്‍ലമെന്റിന് ചുറ്റും ഇന്നുമുതല്‍ സപ്തംബര്‍ ഒമ്പത് വരെ അഞ്ചുപേരോ അതില്‍ കൂടുതലോ കൂട്ടം കൂടുന്നത് നിരോധിക്കുന്ന ചട്ടം 144ഉം സിറ്റി പോലീസ് പ്രഖ്യാപിച്ചു. എന്നാല്‍ ഈ നിരോധനം ജന്തര്‍മന്ദറിന് ബാധകമല്ലെന്ന് പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധ പരിപാടിക്ക് 2000 പേരില്‍ കൂടുതല്‍ ഇല്ലെങ്കില്‍ ഒരു ദിവസത്തേക്ക് അനുമതി നല്‍കാമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. 144 പ്രഖ്യാപിച്ച് തങ്ങളെ തടയാനാണ് ശ്രമമെങ്കില്‍ അത് ജനാധിപത്യത്തിന്റെ കശാപ്പ് ആകുമെന്നും കടുത്ത വാക്കുകള്‍കൊണ്ട് അതിനെ എതിര്‍ക്കുമെന്നും പൊതു സമൂഹ പ്രതിനിധി അരവിന്ദ് കേജ്രിവാള് പറഞ്ഞു.
ഇതേസമയം, കേന്ദ്രമന്ത്രിസഭ അംഗീകരിച്ച കരട് ലോക്പാല്‍ ബില്ലിനോട് യോജിപ്പില്ലാത്തവര്‍ക്ക് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റിയെ സമീപിച്ച് മാറ്റങ്ങള്‍ ആവശ്യപ്പെടാമെന്ന് കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രി കപില്‍ സിബല്‍ അവകാശപ്പെട്ടു.
പാര്‍ലമെന്റിനെ എല്ലാ അര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്ന സ്റ്റാന്റിംഗ് കമ്മറ്റി മുമ്പാകെ കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിശോധിച്ച് യുക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അഴിമതിവിരുദ്ധ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്ന് പ്രധാനമന്ത്രിയെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ലോക്പാല്‍ ബില്ലിന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ജുഡീഷ്യറിയെയും പാര്‍ലമെന്റിനുള്ളില്‍ എംപിമാരുടെ പെരുമാറ്റത്തെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യവും യുപിഎ സര്‍ക്കാര്‍ അംഗീകരിച്ചില്ല. പൊതുസമൂഹത്തിനെ ഉള്‍ക്കൊണ്ടിരുന്നോ എന്ന ചോദ്യത്തിന് ശരിയായ നിലപാട് എന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് ബില്ലില്‍ അടങ്ങിയിരിക്കുന്നതെന്ന ധിക്കാരപരമായ മറുപടിയാണ് സിബല്‍ നല്‍കിയത്. “പൊതുസമൂഹവുമായി ഇനി ചര്‍ച്ചയില്ല. അവരുമായി ഇനി ആശയവിനിമയം ഉണ്ടാവില്ല. പാര്‍ലമെന്റില്‍ അടുത്തമാസം മൂന്നിന് അവതരിപ്പിക്കുന്ന ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ പാസാക്കും”. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ബില്ലില്‍നിന്ന് മാറ്റിയിട്ടുണ്ട്. ലോക്പാലിന് നിര്‍ദേശിക്കാം, എന്നാല്‍ അച്ചടക്ക നടപടിയെടുക്കാന്‍ പറ്റില്ലെന്നും സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: