വാഷിംഗ്ടണ്‍: വാഷിംഗ്ടണിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സര്‍വകലാശാലക്കുനേരെ അധികൃതര്‍ നടപടികള്‍ക്കൊരുങ്ങുന്നു. ഈ സര്‍വകലാശാലയില്‍ ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ട്. അവരില്‍ ഭൂരിപക്ഷവും ആന്ധ്രാപ്രദേശില്‍നിന്നുള്ളവരാണ്.
ഇതിന് മുമ്പ് കാലിഫോര്‍ണിയയിലെ വിവാദമായ ട്രൈവാലി സര്‍വകലാശാലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കുറി പ്രയാസങ്ങള്‍ കുറക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയില്ലെന്ന് അവര്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ട്രൈവാലി സംഭവത്തിന് വിരുദ്ധമായി ഇക്കുറി വിദ്യാര്‍ത്ഥികളല്ല സ്ഥാപനം തന്നെയാണ് അന്വേഷണവിധേയമാകുന്നതെന്ന് ഒരു ഉദ്യോഗസ്ഥന് പിടിഐയെ അറിയിച്ചു.
നോര്‍ത്ത് വെര്‍ജീനിയ സര്‍വകലാശാലക്കെതിരെ ഇന്നലെയാണ് അമേരിക്കന്‍ എമിഗ്രേഷന്‍ കസ്റ്റംസ് അധികൃതര്‍ നടപടിയാരംഭിച്ചത്. 2400 വിദ്യാര്‍ത്ഥികളുള്ള സര്‍വകലാശാലയില്‍ 90ശതമാനവും ഇന്ത്യക്കാരാണ് 50 വിദ്യാര്‍ത്ഥികള്‍ക്ക് ഐ20 ഫോമുകള്‍ നല്‍കാനാണ് സര്‍വകലാശാലക്ക് അധികാരം നല്‍കിയിരുന്നത്. എന്നാല്‍ അതിനേക്കാള്‍ വളരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പ്രവേശനം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അറസ്റ്റോ ഇലക്ട്രോണിക് മോണിറ്ററിംഗോ ഉണ്ടാവുകയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലക്ക് വിശദീകരണം നല്കാന് ഒരു മാസത്തെ സമയം അനുവദിക്കുമെന്ന് അവര്‍ പറഞ്ഞു.
ഇപ്പോള്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മുന്നില്‍ മൂന്ന് മാര്‍ഗങ്ങളേയുള്ളൂ. സര്‍വകലാശാല പ്രവര്‍ത്തനം തുടങ്ങുന്നതുവരെ കാത്തിരിക്കുക, മറ്റൊരു സര്‍വകലാശാലയിലേക്ക് മാറ്റം വാങ്ങുക, നാട്ടിലേക്ക് മടങ്ങുക എന്നിവയാണവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: