ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ ടു ജി സ്പെക്ട്രം അഴിമതി കേസ് നാള്‍വഴികള്‍ എണ്ണിയെണ്ണി മുന്നേറുമ്പോള്‍ ചെന്നെത്തിയത് പ്രധാനമന്ത്രിയിലേക്കാണ്. അഴിമതി കേസിലെ മുഖ്യകണ്ണിയായ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മുന്‍കേന്ദ്രമന്ത്രി എ.രാജയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ വിരല്‍ ചൂണ്ടിയിട്ടുള്ളത്. ഈ സമയത്ത് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനായി കേന്ദ്രമന്ത്രിസഭ തിരക്കിട്ട് തട്ടിക്കൂട്ടിയ ലോക്പാല്‍ ബില്ലിനെതിരെ പരക്കെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നു. നിയമത്തിന്റെ പരിധിയില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കിയതാണ് എതിര്‍പ്പിന്റെ മുഖ്യകാരണം. കോടതിയെയും മാറ്റി നിര്‍ത്തിയിരിക്കുന്നു. പ്രധാനമന്ത്രിയെ ഒഴിവാക്കുന്നതിന് മുടന്തന്‍ ന്യായങ്ങളാണ് സര്‍ക്കാര്‍ നിരത്തിയിട്ടുള്ളത്. അതേ സമയം മുന്‍പ്രധാനമന്ത്രിമാരെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിലെ മുന്‍പ്രധാനമന്ത്രിമാരില്‍ നെഹ്രുവും ശാസ്ത്രിയും ഒഴിച്ചുള്ളവരെല്ലാം അഴിമതി ആരോപണം നേരിട്ടവരാണ്. ഇന്ദിരാഗാന്ധിയിലാണത് തുടക്കമിട്ടത്. രാജീവ്ഗാന്ധിയില്‍ പാരമ്യത്തിലെത്തി. ബോഫോഴ്സ് കോഴക്കഥ ഇപ്പോഴും ചോദ്യചിഹ്നമായി നില്ക്കുന്നു. രാജീവ്ഗാന്ധിയെ രക്ഷിച്ചെടുക്കാന്‍ നികൃഷ്ടമായ നീക്കങ്ങളാണ് കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ പലപ്പോഴായി നടത്തിയിട്ടുള്ളത്.
നരസിംഹറാവുവിന്റെ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയത്തിന് ഒട്ടും മാന്യത നല്കുന്നതായിരുന്നില്ല. ഓഹരി കുംഭകോണത്തിന്റെ ദുര്‍ഗന്ധം പരന്നത് നരസിംഹറാവുവിന്റെ ഭരണത്തിലായിരുന്നല്ലോ. അധികാരം നിലനിര്‍ത്താന്‍ റാവു കോടികള്‍ എംപിമാര്‍ക്ക് കോഴ കൊടുക്കുമ്പോള്‍ ധനകാര്യമന്ത്രിയായിരുന്നയാളാണ് മന്‍മോഹന്‍സിംഗ്. ഇദ്ദേഹവും പാര്‍ലമെന്റില്‍ ഭൂരിപക്ഷം തരപ്പെടുത്താന്‍ കോടികള്‍ എംപിമാര്‍ക്ക് നല്‍കിയതിന്റെ അന്വേഷണവും തുടരുകയാണ്. കോണ്‍ഗ്രസിന്റെ മുന്പ്രധാനമന്ത്രിമാരാരും ഇന്ന് ജീവിച്ചിരിപ്പില്ല. പ്രധാനമന്ത്രിയാകട്ടെ സംശയത്തിന്റെ നിഴലിലും. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രി സഭ തയ്യാറാകാതിരുന്നതില്‍ അദ്ഭുതമില്ല. പക്ഷേ അത് അംഗീകരിക്കാന്‍ രാജ്യത്തിന്റെ മനസ്സ് തയ്യാറാവുക ഇല്ലേയില്ല.
പ്രധാനമന്ത്രിക്കെതിരെ ലോക്പാല്‍ ബില്‍ പ്രകാരം കേസന്വേഷണം ആരംഭിച്ചാല്‍ അത് അവസാനിക്കാനെടുക്കുന്നതിലെ കാലതാമസം ഭരണം മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാക്കുമത്രെ. പ്രധാനമന്ത്രിക്ക് അധികാരശക്തി നഷ്ടപ്പെടും. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഇത് പ്രധാനമന്ത്രിയെ അശക്തനാക്കും. യുദ്ധമോ ആഭ്യന്തപ്രശ്നങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത് കേന്ദ്രസര്‍ക്കാരിനെ ദുര്‍ബലമാക്കും. ഇതൊക്കെയാണ് പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലില്‍നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍. ബാലിശമായ വാദമുഖങ്ങളാണ് സര്‍ക്കാര്‍ നിരത്തിയിട്ടുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുക. സമിതിയില്‍ ചെയര്‍മാനടക്കം ഒമ്പത് അംഗങ്ങളുണ്ടായിരിക്കും. ഇതില്‍ ചെയര്മാനാടക്കം നാലുപേര്‍ ജുഡീഷ്യറിയില്നിന്നായിരിക്കും.
പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് പൗരസമൂഹപ്രതിനിധി സംഘത്തിന്റെയും വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെയും ആവശ്യം. സര്‍ക്കാര്‍ ഇത് നിരാകരിച്ചിരിക്കുകയാണ്. സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹ പ്രതിനിധി സംഘവും മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയും തയ്യാറാക്കിയ കരട്രൂപം പഠിച്ചശേഷം വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തി നിയമമന്ത്രാലയം ലോക്പാല്‍ ബില്ലിന്റെ കരടിന് അന്തിമരൂപം നല്‍കുകയായിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ നിര്‍ദേശങ്ങള്‍ ഭാഗികമായി പോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ കീഴില്‍ വരുന്ന വകുപ്പുകളിലെ അഴിമതി അന്വേഷണവും കാര്യക്ഷമമാകില്ലെന്നാണ് പൗരസമൂഹ പ്രതിനിധിസംഘം ഉയര്‍ത്തുന്ന വാദം. ഇത് മറ്റ് മന്ത്രിമാര്‍ കൈക്കൂലി പ്രധാനമന്ത്രിക്ക് നല്കുവാന് നിര്ദ്ദേശിക്കുന്നതിനിടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കി ബില്‍ മന്ത്രിസഭ അംഗീകരിച്ചതിലൂടെ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ പ്രതികരിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ആഗസ്റ്റ് 16 ന് നിരാഹാരം ആരംഭിക്കുമെന്ന് ഹസാരെ മുന്നറിയിപ്പ് നല്കി. ഇക്കാര്യത്തില്‍ രാഷ്ട്രത്തിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കുമെന്ന് ഹസാരെ വിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക്പാല്‍ ബില്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ച സര്‍ക്കാരിന് ആത്മാര്‍ഥതയും ഇച്ഛാശക്തിയും ഇല്ലെന്നാണ് തെളിയുന്നത്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ അഴിമതിയെ ചെറുക്കാന്‍ ലോക്പാല്‍ ബില്ലിന്റെ ആവശ്യകത കഴിഞ്ഞ 44 വര്‍ഷമായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. എന്നാല്‍ അതിന്റെ ആവശ്യകത ഏറ്റവും പ്രസക്തമായ ഇക്കാലത്ത് അവതരിപ്പിച്ച ബില്ലിനെ കരുത്തുറ്റതാക്കുവാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നത് ലജ്ജാകരമാണ്. സര്‍ക്കാരിനെതിരെ വരുന്ന വിമര്‍ശനങ്ങളെ അതിജീവിക്കാനോ അഴിമതി ഉന്മൂലനം ചെയ്യാനോ ഉപകരിക്കുന്നതല്ല ഈ ബില്ലെന്ന കാര്യത്തില്‍ സംശയമില്ല. ഇരുട്ടു കൊണ്ട് ഓട്ടയടയ്ക്കാമെന്ന വില കുറഞ്ഞ തന്ത്രം പയറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. പല്ലില്ലാത്ത ലോകപാല്‍ ബില്ലവതരിപ്പിച്ച് ജനവികാരം ചോര്ത്തിക്കളയാമെന്നാശിക്കുന്നെങ്കില് അത് വിലപ്പോകില്ലെന്നു തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: