പാലാ: മീനച്ചില്‍ ഗ്രാമപഞ്ചായത്ത് അംഗം സി.ബി. ബിജുവിനെ അന്യായമായി തടവില്‍ വച്ച് അതിനിഷൂരമായി മര്‍ദ്ദിച്ച പാലാ എസ്.ഐ. ജോയ് മാത്യുവിനെതിരെ വകുപ്പുതല നടപടിയുണ്ടാകുന്നതുവരെ തുടര്‍ച്ചയായ പ്രക്ഷോഭ പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന കാമ്പയിന് കമ്മറ്റി കണ്‍വീനര്‍ അഡ്വ: എന്‍.കെ. നാരായണന് നമ്പൂതിരി പാലാ നിയോജകമണ്ഡലം പ്രസിഡണ്റ്റ് പി.പി. നിര്‍മ്മലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസ് നടപടി സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സ്വന്തം വാര്‍ഡില്‍പ്പെട്ട ചില സുഹൃത്തുക്കള്‍ പാലാ നഗരത്തിലെ ഗുണ്ടകളാല്‍ ഒരു ബാറില്‍ ആക്രമിക്കപ്പെടുന്ന വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ മെമ്പറെ സുഹൃത്തുക്കള്‍ക്കൊപ്പം അറസ്റ്റു ചെയ്യുകയായിരുന്നു ബാറിലുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ നാലുപേരെയും കസ്റ്റഡിയിലെടുത്തിരുന്നു. മെമ്പര്ക്കൊപ്പമുള്ളവരെയും ഗുണ്ടാസംഗങ്ങള്ക്കൊപ്പം ചേര്‍ത്ത് കേസില്‍ കുടുക്കുകയായിരുന്നു. പഞ്ചായത്ത് മെമ്പറാണെന്നറിഞ്ഞിട്ടും ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രനാക്കി സെല്ലിലടയ്ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത എസ്.ഐ.യുടെ നടപടിയ്ക്കെതിരെ സംസ്ഥാനത്തെ ഉന്നതപോലീസ് ഉദ്യാഗസ്ഥര്‍, ആഭ്യന്തര വകുപ്പുമന്ത്രി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്കു പരാതി നല്കി. ഉടന്‍ നടപടിയുണ്ടായില്ലെങ്കില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ് എന്‍.കെ. സശികുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡണ്റ്റ് റ്റി.ആര്. നരേന്ദ്രന്, മഹിളാമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡണ്റ്റ് ശോഭ സുന്ദര്‍രാജ്, മുത്തോലി ഗ്രാമപഞ്ചായത്തംഗം ജി. രണ്‍ജിത്, മനോജ് പട്ടേരി, അനില്‍ പല്ലാട്ട് എന്നിവരും പങ്കെടുത്തു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ ഇടമറ്റത്ത് പ്രതിഷേധയോഗം നടന്നു. ബിജെപി സംസ്ഥാന കാമ്പയിന് കമ്മറ്റി കണ്‍വീനര്‍ അഡ്വ: എന്‍.കെ. നാരായണന് നമ്പൂതിരി, വിന് വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ: എസ്. ജയസൂര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: