ന്യൂദല്‍ഹി: യുപിഎ നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ സഹസ്രകോടികളുടെ അഴിമതിയാരോപണങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ രക്ഷിക്കാന്‍ ലക്ഷ്യമിടുന്ന ലോക്പാല്‍ ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായി സിഎജി കണ്ടെത്തിയ 2 ജി സ്പെക്ട്രം ഇടപാട് സംബന്ധിച്ച കേസില്‍ പ്രതിയായ മുന്‍കേന്ദ്രമന്ത്രി എ. രാജ മന്‍മോഹനെതിരെ ഗൂഢാലോചനക്ക് കേസെടുക്കണമെന്ന് വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തിരക്കിട്ട് ലോക്പാല്‍ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കരട് ലോക്പാല്‍ ബില്ലിനായി രൂപീകരിച്ച സംയുക്ത ലോക്പാല്‍ സമിതിയെ അട്ടിമറിച്ച് അഴിമതിക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
പ്രധാനമന്ത്രിക്ക് പുറമെ സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെയും ഒഴിവാക്കിയുള്ള ലോക്പാല്‍ ബില്ലിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് അധികാരം നല്കുന്ന ബില്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. പാര്‍ലമെന്റിനുള്ളില്‍ എംപിമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ബില്ലിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സ്ഥാനമൊഴിഞ്ഞാല്‍ പ്രധാനമന്ത്രി ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടും.
പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഭരണകൂടത്തിന്റെ അടിസ്ഥാന ശക്തിയായ പ്രധാനമന്ത്രിക്കെതിരെ ലോക്പാല്‍ ബില്‍ പ്രകാരം കേസന്വേഷണം ആരംഭിച്ചാല്‍ അത് അവസാനിക്കാനെടുക്കുന്നതിലെ കാലതാമസം ഭരണം മുന്നോട്ടുപോകാന്‍ തടസമാകുമെന്ന വാദമുന്നയിച്ചാണ് പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത്. അദ്ദേഹത്തിന് അധികാരശക്തി നഷ്ടപ്പെടും. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഇത് പ്രധാനമന്ത്രിയെ അശക്തനാക്കും. യുദ്ധമോ ആഭ്യന്തപ്രശ്നങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇത് കേന്ദ്രസര്‍ക്കാരിനെ ദുര്‍ബലമാക്കും. ഇതൊക്കെയാണ് പ്രധാനമന്ത്രിയെ ലോക്പാല്‍ ബില്ലില്‍നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുക. സമിതിയില്‍ ചെയര്‍മാനടക്കം ഒമ്പത് അംഗങ്ങളുണ്ടായിരിക്കും. ഇതില്‍ ചെയര്മാനാടക്കം നാലുപേര്‍ ജുഡീഷ്യറിയില്നിന്നായിരിക്കും.
പ്രധാനമന്ത്രിയെയും ജുഡീഷ്യറിയെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൗരസമൂഹപ്രതിനിധി സംഘത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിരിക്കുകയാണ്. സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹ പ്രതിനിധി സംഘവും മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയും തയ്യാറാക്കിയ കരട്രൂപം പഠിച്ചശേഷം വിവിധ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തി നിയമമന്ത്രാലയം ലോക്പാല്‍ ബില്ലിന്റെ കരടിന് അന്തിമരൂപം നല്‍കുകയായിരുന്നു. ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ കീഴില്‍ വരുന്ന വകുപ്പുകളിലെ അഴിമതി അന്വേഷണവും കാര്യക്ഷമമാകില്ലെന്നാണ് പൗരസമൂഹ പ്രതിനിധിസംഘം ഉയര്‍ത്തുന്ന വാദം. ഇത് മറ്റ് മന്ത്രിമാര്‍ കൈക്കൂലി പ്രധാനമന്ത്രിക്ക് നല്കുവാന് നിര്ദ്ദേശിക്കുന്നതിനിടയാക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കി ബില്‍ മന്ത്രിസഭ അംഗീകരിച്ചതിലൂടെ സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ പ്രതികരിച്ചു. സര്‍ക്കാരിന്റെ നടപടിക്കെതിരെ ആഗസ്റ്റ് 16 ന് നിരാഹാരം ആരംഭിക്കുമെന്ന് ഹസാരെ മുന്നറിയിപ്പ് നല്കി. ഇക്കാര്യത്തില്‍ രാഷ്ട്രത്തിന്റെ മുഴുവന്‍ പിന്തുണയും ലഭിക്കുമെന്ന് ഹസാരെ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോക്പാല്‍ ബില്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ച സര്‍ക്കാരിന് യാതൊരു പ്രകമ്പനങ്ങളും സൃഷ്ടിക്കാനായില്ലെന്ന് കിരണ്‍ ബേദി അഭിപ്രായപ്പെട്ടു. ഇതിലൂടെ ഒരു സുവര്‍ണാവസരമാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. പൊതുജനം ആവശ്യപ്പെട്ടത് കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് കര്‍ണാടക ലോകായുക്തയും ലോക്പാല്‍ ബില്‍ കരട് സമിതിയംഗവുമായ സന്തോഷ് ഹെഗ്ഡെ പറഞ്ഞു.
രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ അഴിമതിയെ ചെറുക്കാന്‍ ലോക്പാല്‍ ബില്ലിന്റെ ആവശ്യകത കഴിഞ്ഞ 44 വര്‍ഷമായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. എന്നാല്‍ അതിന്റെ ആവശ്യകത ഏറ്റവും പ്രസക്തമായ ഇക്കാലത്ത് അവതരിപ്പിച്ച ബില്ലിനെ കരുത്തുറ്റതാക്കുവാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും ഹെഗ്ഡെ കുറ്റപ്പെടുത്തി.
മൂന്നുമാസത്തിലേറെക്കാലമായി പൗരസമൂഹ പ്രതിനിധി സംഘടന നടത്തിവരുന്ന സമരത്തിനൊടുവില്‍ മന്ത്രിസഭ അംഗീകരിച്ച ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയെയും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെയും ഒഴിവാക്കിയുള്ളതാണ്. എംപിമാരുടെ പാര്‍ലമെന്റിനുള്ളിലെ പ്രവര്‍ത്തനങ്ങളും ലോക്പാല്‍ ബില്ലിന്റെ പരിധിക്കുള്ളില്‍ വരുന്നില്ല.
ആദ്യം തീരുമാനിച്ച പ്രകാരം ആഗസ്റ്റ് 16 മുതല്‍ സമരം നടത്തുമെന്നും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പൂര്‍ണ പിന്തുണ തങ്ങള്‍ക്ക് വേണമെന്നും അണ്ണാ ഹസാരെ അറിയിച്ചു. ലോക്പാല്‍ ബില്ലിലൂടെ രാജ്യത്തെ അഴിമതി ഏറ്റവും കൂടുതലായി ബാധിക്കുന്ന സാധാരണക്കാരായ ജനങ്ങളെയാണ് ഞങ്ങള്‍ പാര്‍ലമെന്റില്‍ അഭിസംബോധന ചെയ്തതെന്ന് കഴിഞ്ഞ ദിവസം ഹസാരെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: