ത്രകലയുടെ പേരില്‍ വാചാലരാകുകയും ആധുനിക ചിത്രകലയെ കുറിച്ചു സംസാരിക്കുമ്പോഴെല്ലാം എം.എഫ്. ഹുസൈനെ മുന്നില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നവരെന്തേ കെ.സി.എസ്. പണിക്കരെന്ന മഹാനായ ചിത്രകാരനെ മറന്നുപോയത്. ആധുനിക ചിത്രകലാരംഗത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച അതുല്യ പ്രതിഭാശാലിയായിരുന്നു നമ്മുടെ മണ്ണിന്റെ മണമുള്ള ചിത്രങ്ങളാല്‍ ഭാരതീയ ചിത്രകലയെ സമ്പന്നമാക്കിയ കെ.സി.എസ് പണിക്കര്‍. ഭാരതത്തോട് യാതൊരു കൂറും പുലര്‍ത്താത്ത, ഭാരതീയനെന്നു പറയുന്നത് അപമാനമായിക്കണ്ട, ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ പുറംകാല്‍കൊണ്ട് തട്ടിനീക്കിയ ഹുസൈനെപ്പോലുള്ളവരെ പുകഴ്ത്തുന്നവരും ആദരിക്കുന്നവരും കെ.സി.എസ്.പണിക്കരെ അവഗണിക്കുന്നു. ഹുസൈനു വേണ്ടി സമയവും സ്ഥലവും വാരിക്കോരി നല്കിയ മാധ്യമങ്ങള്‍ പണിക്കരുടെ ചിത്രകലാവൈഭവത്തെ മനപ്പൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നു.
കെ.സി.എസ് പണിക്കരുടെ ജന്മശതാബ്ദി വേളയിലാണ് ഈ അവഹേളനമെന്നതാണ് കൂടുതല്‍ ദുഃഖകരം. ആധുനിക ചിത്രകലാരംഗത്ത് അന്താരാഷ്ട്ര പ്രശസ്തി നേടിയ ചിത്രകാരനാണ് അദ്ദേഹം. ചിത്രകലയെ മറ്റുപലരും കോടികള്‍ സമ്പാദിക്കാനുള്ള ഉപാധിയാക്കി മാറ്റുന്ന കാലത്ത് പണിക്കര്‍ തന്റെ ചിത്രങ്ങളുമായി പണത്തിന്റെയും പദവികളുടെയും പിന്നാലെ പോകാതെ സാധാരണജനങ്ങള്‍ക്കായി അവ സമര്‍പ്പിച്ചു. ജീവിതകാലം മുഴുവന്‍ തന്റെ അധ്വാനത്തിലൂടെ സൃഷ്ടിച്ച കലാസൃഷ്ടികളില്‍ കൂടുതലും അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ കലാശേഖരത്തിലേക്കു സമര്‍പ്പിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്തെ മ്യൂസിയം വളപ്പില്‍ സ്ഥിതിചെയ്യുന്ന ഓഡിറ്റോറിയത്തിന്റെ താഴത്തെ നിലയില്‍ കെ.സി.എസ്.പണിക്കരുടെ പേരില്‍ തന്നെയുള്ള ഗ്യാലറിയില്‍ ഈ ചിത്രങ്ങളുണ്ട്. ഇവിടെ ഇത്തരത്തിലൊരു മഹാന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നതായി പുതു തലമുറയ്ക്ക് അറിയില്ലെന്നതാണ് വാസ്തവം. അവരെ അതറിയിക്കാന്‍ സംസ്ഥാന സാംസ്കാരിക വകുപ്പിന് താല്പര്യവുമില്ല.
1911 മെയ്മാസം 31നാണ് അദ്ദേഹം ജനിച്ചത്. ജനനം കോയമ്പത്തൂരിലായിരുന്നു. തമിഴ്നാട് ആരോഗ്യ വകുപ്പില്‍ ഉദ്യേഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പൊന്നാനിക്കടുത്തുള്ള വെളിയിലങ്കാട്ടു കിഴക്കേ ചിരമ്പത്തു വീട്ടില്‍ ഡോ. മാധവമേനോന് പിതാവും നാരായണിയമ്മ മാതാവുമാണ്. പൊന്നാനി ഹൈസ്കൂളിലും ചെന്നൈ ക്രിസ്ത്യന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1930 മുതല്‍ അഞ്ചുവര്‍ഷക്കാലം അദ്ദേഹം തമിഴ്നാട്ടില്‍ ടെലിഗ്രാഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തു. പിന്നീട് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലും ജോലി നോക്കി.
ജോലിക്കാലത്താണ് ചിത്രകലയിലേക്ക് അദ്ദേഹം തിരിയുന്നത്. അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതും പുറത്തു വരാതെ മറഞ്ഞിരുന്നതുമായി ചിത്രകലാ വൈഭവത്തെ പതിയെ പുറത്തെടുക്കാന്‍ പണിക്കര്‍ക്ക് കഴിഞ്ഞു. വരകളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള വേഗത്തില്‍ ജോലി തടസ്സമായി നിന്നപ്പോള്‍ ചിത്രകലയ്ക്കു വേണ്ടി അദ്ദേഹം ജോലി ഉപേക്ഷിച്ചു. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ ചേര്‍ന്ന അദ്ദേഹം 1940ല്‍ പെയിന്റിങ്ങില്‍ ഡിപ്ലോമ നേടി. കിഴക്കേ ചിരമ്പത്തു ശങ്കരപ്പണിക്കരെന്ന കെ.സി.എസ്.പണിക്കര്‍ ലോകമറിയുന്ന ചിത്രകാരനിലേക്കു ചുവടു വയ്ക്കുകയായിരുന്നു അവിടെ. ആ യാത്ര പണിക്കര്‍ വിജയത്തോടെ പൂര്‍ത്തിയാക്കുകയായിരുന്നു. രേഖാ ചിത്രങ്ങളിലും ജലച്ചായ ചിത്രങ്ങളിലും തുടങ്ങി ആധുനിക ചിത്രകലയുടെ വാസനയുള്ളൊരു കാലം ചിത്രകലാ സ്നേഹികളായ മലയാളികള്‍ക്ക് പകര്‍ന്നു നല്കാന് അദ്ദേഹത്തിനായി.
കെ.സി.എസ്.പണിക്കരെ ഓര്‍ക്കാതെ, സ്മരിക്കാതെ എങ്ങനെ നമ്മുടെ ചിത്രകലാ സംസ്കാരത്തെകുറിച്ച് പറയാന്‍ കഴിയും. പണിക്കരുടെ ഉദ്യാന ചിത്ര പരമ്പര പ്രശസ്തമാണ്. പിന്നീടത് താന്ത്രിക ചിത്രങ്ങളുടെ സുക്ഷ്മ ഭാവങ്ങളിലേക്ക് തിരിഞ്ഞു. 1944 ല്‍ പണിക്കര്‍ നേതൃത്വം നല്കി ചെന്നൈയില്‍ പ്രൊഗ്രസീവ് പെയിന്റേഴ്സ് അസോസിയേഷന് രൂപീകരിച്ചു. പുരോഗമന ചിന്താഗതിക്കാരും ആധുനികരുമായ കലാകാരന്മാരുടെ സര്‍ഗ്ഗവേദിയായി പണിക്കരുടെ സംഘടന. അപ്പോഴേക്കും പണിക്കരുടെ ചിത്രങ്ങളും അതിലൂടേ അദ്ദേഹവും ലോകപ്രശസ്തനായിക്കഴിഞ്ഞിരുന്നു. ഭാരതത്തിന്റെ ചിത്രകലാ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുക്കാന്‍ കെ.സി.എസ്.പണിക്കര്‍ക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകമെങ്ങുമുള്ള ആര്‍ട്ട് ഗ്യാലറികള്‍ക്ക് അലങ്കാരമായി. പാരീസ്, ഫ്രാന്‍സ്, ലണ്ടന്‍, സ്വറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഗ്യാലറികളില്‍ അവ പ്രദര്‍ശിപ്പിക്കപ്പെട്ടു.
ദേശീയ ലളിതകലാ അക്കാദമി 1954 ല്‍ രൂപവത്കരിക്കുമ്പോള്‍ അക്കാദമിയിലെ ഏഴു പ്രശസ്ത കലാകാരന്മാരില് ഒരാള്‍ കെ.സി.എസ്.പണിക്കരായിരുന്നു. 1955 മുതല്‍ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ അദ്ദേഹം അധ്യാപകനും പിന്നീട് അവിടുത്തെ പ്രിന്‍സിപ്പലുമായി.
തമിഴ്നാട്ടിലെ ചോളമണ്ഡലത്തെ ചിത്രകാരന്മാരുടെ ഗ്രാമത്തില്‍ ആധുനികവും പുരാതനവുമായ ചിത്രകലയുടെ വികാസവും പരിണാമവും നിറഞ്ഞു നില്‍ക്കുന്നുണ്ട്. കെ.സി.എസ്.പണിക്കരാണ് ഇതു സ്ഥാപിച്ചത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു അത്. മദ്രാസിലെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നു വിരമിച്ച ശേഷം അദ്ദേഹം ചോളമണ്ഡലത്താണ് ശേഷ ജീവിതം കഴിച്ചുകൂട്ടിയത്.
മലയാളത്തിലെ സാഹിത്യ പത്രപ്രവര്‍ത്തനത്തില്‍ കെ.സി.എസ്.പണിക്കര്‍ക്ക് മുന്തിയ സ്ഥാനമാണുള്ളത്. മാസികകളിലും വാരികകളിലും വരുന്ന കഥകള്‍ക്കും കവിതകള്‍ക്കും ഒപ്പം വരയുമാകാമെന്ന് തെളിയച്ചത് അദ്ദേഹമാണ്. ജയകേരളം മാസികയിലും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും അദ്ദേഹം വരച്ചിട്ട ചിത്രങ്ങള്‍ മലയാളിയുടെ വായനാശീലത്തെ പരിപോഷിപ്പിക്കുന്നതായിരുന്നു.
ചിത്രകലാ രംഗത്ത് നല്കിയ സംഭാവനകളെ മാനിച്ച് പണിക്കര്‍ക്ക് 1976 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫെല്ലോഷിപ്പ് നല്കി ആദരിച്ചു. അര്‍ബുദ രോഗിയായിരുന്ന അദ്ദേഹം 1977 ജനുവരി 15നാണ് മരണത്തിനു കീഴടങ്ങിയത്. കെ.സി.എസ് പണിക്കരെപ്പോലുള്ളൊരു ചിത്രകാരന് ഒരിക്കലും മരണമില്ല. പ്രതിഭാശാലികളെ മരണത്തിന് കീഴടക്കാനാവില്ല. പണിക്കര്‍ വരച്ച അസംഖ്യം ചിത്രങ്ങളിലൂടെ അദ്ദേഹം ജീവിച്ചിരിക്കുന്നു.
ലോകപ്രശസ്തനായ ചിത്രകാരന്റെ ജന്മശതാബ്ദി ആഘോഷമാക്കേണ്ടതല്ലെ. നമ്മുടെ സാസ്കാരിക വകുപ്പ് പക്ഷേ, അതൊന്നും അറിഞ്ഞ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്. കെ.സി.എസ് പണിക്കരോ, അതാരാ എന്നു ചോദിക്കുന്നവരില്‍ നിന്ന് അതുമാത്രമല്ലെ പ്രതീക്ഷിക്കേണ്ടതുള്ളൂ.
മലയാള കാവ്യസാഹിത്യത്തിലെ മാണിക്യങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വൈലോപ്പിള്ളി ശ്രീധരമേനോന്റെയും ജന്മശതാബ്ദി വര്‍ഷമാണ് 2011. ചങ്ങമ്പുഴ ജനിച്ചത് 1911 ഒക്ടോബര്‍ 11ന്. വൈലോപ്പിള്ളി 1911 മെയ്മാസം 11നും. മഹാന്മാരായ എഴുത്തുകാരുടെ ജന്മദിനങ്ങള് ആഘോഷിക്കുന്നത് അവരെ കുറിച്ചും അവര്‍ നല്കിയ സംഭാവനകളെ കുറിച്ചും പുതുതലമുറയ്ക്കും അറിവു പകരുന്നതിനാണ്. ആഘോഷങ്ങളിലൂടെ ആ പ്രതിഭാശാലികള്‍ നമ്മുടെ ഇടയില്‍ വീണ്ടും സജീവമാകും. വൈലോപ്പിള്ളിയെയും ചങ്ങമ്പുഴയെയും വരെ മറന്നവരെങ്ങനെ കെ.സി.എസ്.പണിക്കരെ ഓര്‍ക്കാനാണ്?. ഇതു മറവിയല്ല, അറിവില്ലായ്മയാണ്. കലകളിലൂടെ ജനഹൃദയങ്ങളില്‍ സാംസ്കാരിക ബോധം നിറച്ചവരെക്കുറിച്ചുള്ള അറിവില്ലായ്മ. അവരാദ്യം പഠിക്കട്ടെ, ഈ പ്രതിഭാശാലികള്‍ ആരൊക്കെയാണെന്ന്. സര്‍ക്കാര്‍ നിരാകരിക്കുന്നത് ഏറ്റെടുക്കാന്‍ സമൂഹത്തിനു കഴിയണം. കെ.സി.എസ്.പണിക്കരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നില്‍ നില്ക്കാന് കേരളത്തിലെ ചിത്രകാരന്മാരാരെങ്കിലും തയ്യാറാകണം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: