കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ടി എറണാകുളം നോര്‍ത്ത് മേല്‍പാലം പൊളിച്ച് പുനര്‍ നിര്‍മിക്കുന്നതിന് നഗരസഭ അംഗീകാരം നല്കി. അനുബന്ധ സൗകര്യമൊരുക്കാതെ പാലം പൊളിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം പുനഃപരിശോധിച്ച് അംഗീകാരം നല്‍കിയത്.
പാലം പൊളിക്കുമ്പോള്‍ നഗരസഭ ഉയര്‍ത്തിയിരുന്ന ആശങ്കകള്‍ പരിഹരിക്കുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്(ഡിഎംആര്‍സി) ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മേയര്‍ ടോണി ചമ്മണി കൗണ്‍സിലിനെ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ, പാലം പൊളിക്കുമ്പോള്‍ ഉള്ള ബദല്‍ ഗതാഗത സംവിധാനം എന്നിവയെ പറ്റി ഡിഎംആര്‍സി, സിറ്റി ട്രാഫിക് പൊലീസ് എന്നിവര്‍ വിശദീകരിച്ചു. ട്രാഫിക് പൊലീസ് നിര്‍ദേശിച്ച പുതിയ റൂട്ട് പ്ലാന്റെ ട്രയല്‍ റണ്‍ പത്തു പ്രാവശ്യം നടത്തിയതിന് ശേഷമേ പാലം പൊളിക്കൂ. മേല്‍പ്പാലത്തിന് താഴെയുള്ള കടക്കാരെ ആര്‍ബിഡിസിയുടെ പുല്ലേപ്പടി മേല്‍പ്പാലത്തിന് കീഴിലുള്ള കടമുറികളിലേയ്ക്ക് പുനരധിവസിപ്പിക്കും. ഈ കടമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെ ഇവരെ ഇരുമ്പനം പാലത്തിനു താഴെയുള്ള കടമുറികളിലേയ്ക്ക് മാറ്റാനും തീരുമാനമായി.
പൊളിക്കുമ്പോള്‍ പാലത്തിന് താഴെയുളള കച്ചവടക്കാരുടെ പുനരധിവാസം, നഗരത്തിലെ ഗതാഗത സംവിധാനം എന്നീ ആശങ്കള്‍ ഉന്നയിച്ചായിരുന്നു ബദല്‍ സംവിധാനം ഒരുക്കാതെ പാലം പൊളിക്കേണ്ട എന്ന് കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. ഇത് കൗണ്‍സില്‍ സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പാലം എത്രയും വേഗം പൊളിക്കണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മെട്രോ റെയില്‍ സ്പെഷ്യല്‍ ഓഫീസര്‍ ടോം ജോസ് മേയര്‍ക്ക് കത്തയച്ചതിനാലാണ് പുതിയ തീരുമാനം കൗണ്‍സില്‍ കൈക്കൊണ്ടത്. ഇതിനിടെ പാലം പുനര്‍ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ 30 കോടി രൂപ അനുവദിക്കുകയും ഡിഎംആര്‍ സി കരാര്‍ നല്‍കുകയുമായിരുന്നു.
പദ്ധതിയുടെ രൂപരേഖ ഡിഎംആര്‍സി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ രാധാകൃഷ്ണന് കൗണ്‍സിലില്‍ വിശദീകരിച്ചു. ആലുവ മുതല്‍ പേട്ടവരെ 23 സ്റ്റേഷനുകളിലായായിരിക്കും മെട്രോ റെയില്‍ വരുക. ഇതിന്റെ ഭാഗമായി നോര്‍ത്ത് മേല്‍പ്പാലത്തിലെ ചെറുവാഹനങ്ങള്‍ പോകുന്ന ഇരുവശവും ആദ്യം പൊളിച്ചു നീക്കും. പിന്നീട് വലിയ വാഹനങ്ങള്‍ പോകുന്ന റോഡ് പൊളിക്കുകയും ഇവ നാലുവരിപ്പാതയായി പുനര്‍നിര്‍മിക്കുകയും ചെയ്യും. പാലം പൂര്‍ത്തിയാകുമ്പോള്‍ ഇരുവശങ്ങളിലും നടപ്പാതയും ഉണ്ടാകും. വീതി കൂട്ടുമ്പോള്‍ പരിസര പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കണം. 18 മാസം കൊണ്ട് പാലം പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അവതരിപ്പിച്ച പദ്ധതിരേഖയില്‍ പറയുന്നു.
സിറ്റി ട്രാഫിക് പോലീസിന്റെ നിര്‍ദേശങ്ങള്‍
രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാണ് ഗതാഗത ക്രമീകരണം കര്‍ശനമായി നടപ്പാക്കേണ്ടത്.
*കലൂര്‍ വഴി നഗരത്തിലേയ്ക്ക് വരുന്ന എല്ലാ ബസ്സുകളും സൗത്ത്, എറണാകുളം ജെട്ടി എന്നിവിടങ്ങളിലേയ്ക്ക് പൊകുന്ന കെഎസ്ആര്‍ടിസി ബസ്സുകളും നിലവിലുള്ള നോര്‍ത്ത് പാലത്തിലൂടെ സര്‍വ്വീസ് നടത്തണം.
*ഇടപ്പള്ളിയില്‍ നിന്നും കലൂര്‍ വഴി നഗരത്തിലേയ്ക്ക് വരുന്ന സര്‍വ്വീസ് ബസ്സുകള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതുവരെ പാലാരിവട്ടം റൗണ്ടില്‍ നിന്ന് തമ്മനം ജംഗ്ഷനെത്തി തമ്മനം-പുല്ലേപ്പടി റോഡിലൂടെ സി.പി. ഉമ്മര്‍ റോഡിലെത്തി വലത്തോട്ട് തിരിഞ്ഞ് ചിറ്റൂര്‍ റോഡിലൂടെ എംജിറോഡില്‍ പ്രവേശിപ്പക്കണം.
* കലൂര്‍ വഴി സ്റ്റാന്‍ഡിലെത്തുന്ന കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകള്‍ കലൂരില്‍ നിന്നും കെ.കെ റോഡിലൂടെ കടവന്ത്രയിലെത്തി എസ്എ റോഡിലൂടെ സൗത്ത് ഓവര്‍ബ്രിഡ്ജ് വഴി എംജി റോഡിലൂടെ രാജാജി റോഡിലെത്തുകയും എംജി റോഡിലൂടെ സ്റ്റാന്‍ഡില്‍ പ്രവേശിപ്പിക്കണം.
* നഗരത്തില്‍ നിന്ന് നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ്, കലൂര്‍ വഴി പുറത്തേയ്ക്ക് പോകുന്ന സര്‍വ്വീസ് ബസ്സുകളൊഴികയുള്ള വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും മത്തായി മാഞ്ഞൂരാന് റോഡുവഴിയോ, ചിറ്റൂര്‍ റോഡിലൂടെയോ അയ്യപ്പന്‍കാവ് വഴി പൊറ്റക്കുഴിയിലെത്തി എളമക്കരയ്ക്കൊ, കലൂര്‍ പോകണം.
*ആലുവ ഭാഗത്തുനിന്നും ഹൈക്കോടതി, മേനക, എം.ജി റോഡ് എന്നിവിടങ്ങളിലേയ്ക്ക് വരുന്ന സര്‍വ്വീസ് ബസുകള്‍ ഒഴികെയുള്ളവ നോര്‍ത്ത് കളമശേരി ഓവര്‍ ബ്രിഡ്ജിനടിയിലൂടെ കണ്ടെയ്നര്‍ റോഡിലൂടെ വല്ലാര്പാടത്തെത്തി നഗരത്തിലേയ്ക്ക് പ്രവേശിക്കണം.
*മാര്‍ക്കറ്റ് ഗോശ്രീ ഭാഗങ്ങളിലേയ്ക്ക് പോകുന്ന ചരക്ക് ലോറികള്‍ മറ്റ് ഹെവി വാഹനങ്ങള്‍ എന്നിവ നോര്‍ത്ത് കളമശേരിയില്‍ നിന്നും കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡുവഴി വല്ലാര്പാടത്തെത്തി അനുവദിച്ച സമയം മാത്രം നഗരത്തിലേയ്ക്ക് പ്രവേശിപ്പിക്കുകയോ രാത്രിയില്‍ മാത്രം കലൂര്‍ വഴി വരുന്ന ചരക്കുലോറികള്‍ കെ.കെ റോഡുവഴി കടവന്ത്രയിലെത്തി എസ്.എ റോഡുവഴി നഗരത്തില്‍ പ്രവേശിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: