തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമതയും കൃത്യതയും പരിശോധിക്കാനുള്ള പരീക്ഷണ വോട്ടെടുപ്പ് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നടന്നു. വട്ടിയൂര്‍ക്കാവ് അടക്കം രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് പരീക്ഷണ വോട്ടെടുപ്പ് നടന്നത്.
വോട്ടിങ് യന്ത്രത്തിന്റെ കൃത്യതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ സംവിധാനത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് ആലോചിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ദേശീയ തലത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരമാണ് പുതിയ സംവിധാനം പരീക്ഷിക്കാന്‍ തീരുമാനിച്ചത്.
പുതിയ സംവിധാനം അനുസരിച്ച് മെഷീനില്‍ വോട്ട് ചെയ്താല്‍ ബാലറ്റ് പേപ്പര്‍ അപ്പോള്‍ തന്നെ കൈയില്‍ കിട്ടും. അത് പരിശോധിച്ചാല്‍ ഉദ്ദേശിച്ച ആള്‍ക്ക് തന്നെയാണോ വോട്ട് കിട്ടിയതെന്ന് മനസിലാക്കാന്‍ സാധിക്കും. പരീക്ഷണ വോട്ടെടുപ്പ് ആയതിനാല്‍ കുട്ടികളടക്കം ആര്‍ക്കും വോട്ട് ചെയ്യാം.
എന്നാല്‍ കെ.മുരളീധരന് എം.എല്‍.എ പുതിയ സംവിധാനത്തില്‍ തൃപ്തനല്ല. പുതിയ പരിഷ്ക്കാരം നാളെ എല്ലാവര്ക്കും ദോഷം ഉണ്ടാക്കുമെന്നും മുരളീധരന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: