കൊച്ചി: മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ വിദേശനിക്ഷേപം സംബന്ധിച്ച് അന്വേഷണം വിദേശത്തേക്കും.
ദുബായ് കേന്ദ്രീകരിച്ചാണ് താരങ്ങളുടെ പണമിടപാടുകളധികവും നടന്നിട്ടുള്ളത്. സൂപ്പര്‍ താരങ്ങളിലേക്ക് ആദായനികുതി ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകാനുണ്ടായ സാഹചര്യം താരങ്ങളുടെ അധോലോകനായകന്‍ ഗുല്‍ഷനുമായുള്ള അടുപ്പമാണെന്ന് സൂചന ലഭിച്ചു. ഇതേത്തുടര്‍ന്ന് മൂന്ന് മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ താരങ്ങളുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡിന് മുതിര്‍ന്നത്. ദുബായിയിലെ സിനിമാ അധോലോക നേതാവ് ഗുല്‍ഷന്‍ കേരളത്തിലെ ചിലരുമായി നടത്തിയ ഇടപാടുകളെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി ഉദ്യോഗസ്ഥരുടെ കണ്ണ് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലേക്ക് തിരിഞ്ഞത്. ഇവരെ കൂടാതെ ഒരു യുവനടനും യുവനടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.
ഒന്നരക്കോടി രൂപ വീതം പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ നികുതിവെട്ടിപ്പിനായി സാറ്റലൈറ്റ് എമൗണ്ട് രീതി ഉപയോഗപ്പെടുത്തിയതായാണ് വിവരം. ഇത് നടപ്പിലാക്കിയത് ഗുല്‍ഷന്‍ മുഖാന്തിരമായിരുന്നുവത്രേ. അഭിനയത്തിന് ഒന്നരകോടിയോളം പ്രതിഫലം വാങ്ങിയശേഷം പത്തും ഇരുപതും ലക്ഷം രൂപ പ്രതിഫലം പറ്റിയതായി ആദായനികുതി വകുപ്പിനെ ധരിപ്പിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയാണ് ഇവര്‍ സാറ്റലൈറ്റ് തുകയായി വിദേശത്ത് മാറിയെടുത്തിരുന്നതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. രണ്ട് സൂപ്പര്‍താരങ്ങള്‍ക്കും അമേരിക്ക, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നിക്ഷേപമുണ്ട്. ദുബായ് കേന്ദ്രീകരിച്ചാണ് കൂടുതല്‍ ഏര്‍പ്പാടുകള്‍ നടന്നിട്ടുള്ളത്.
താരങ്ങളുടെ വീട്ടില്‍നിന്നും കണ്ടെടുത്ത രേഖകള്‍ സംബന്ധിച്ച് മൂല്യനിര്‍ണയത്തിനായി രണ്ട് ദിവസവും കൂടി വേണ്ടിവരുമെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
താരങ്ങളുടെ സഹായികളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ മുഖേന രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. താരങ്ങളോടൊപ്പം സഹായികളും നിരീക്ഷണത്തിലാണ്.
കെ.എസ്. ഉണ്ണികൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: