കൊച്ചി: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകളുടെ പരിശോധന ആരംഭിച്ചു. 24 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് ഇന്നലെ രാവിലെ ആറ് മണിയോടെയാണ് അവസാനിച്ചത്. പരിശോധന പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്ന് ആദായനികുതി അധികൃതര്‍ അറിയിച്ചു.
ഇന്നലെ വെളുപ്പിന് കൊച്ചിയിലെ വസതിയിലെത്തിയ മമ്മൂട്ടിയില്നിന്നും ആദായനികുതി വകുപ്പ് അധികൃതര്‍ മൊഴിയെടുത്തു. അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിടിച്ചെടുത്ത രേഖകളുടെ പരിശോധന നടക്കുക. മൊഴിയില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ മമ്മൂട്ടിയെ വീണ്ടും ചോദ്യംചെയ്യും. റെയ്ഡിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്. തന്റെ വീട്ടില്‍നിന്നും കണ്ടെടുത്ത 22 ലക്ഷം രൂപ കള്ളപ്പണമല്ലെന്നും സ്വകാര്യ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച രേഖകളെല്ലാം ആധികാരികമാണ്. ഒന്നര കോടി രൂപ പ്രതിഫലം വാങ്ങുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. അടുത്തകാലത്തായി അഭിനയിച്ച ജയരാജിന്റെയും ബാബു ജനാര്‍ദ്ദനന്റെയും സിനിമയുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും മമ്മൂട്ടി പറഞ്ഞു.
ശത്രുക്കളുടെ പിന്നില്‍നിന്നുള്ള ആക്രമണത്തിന്റെ സൂചനയാണ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന് കാരണമായതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ കള്ളപ്രചരണങ്ങള്‍ മുഖവിലക്കെടുക്കുമെന്ന് കരുതുന്നില്ല. തനിക്കെതിരെ എടുത്തുചാടി പ്രതികരിച്ച വ്യക്തിയെ ജനങ്ങള്‍ മനസിലാക്കും. തന്റെ വസതിയില്‍നിന്നും പുരാവസ്തുക്കള്‍ കണ്ടെടുത്തതായുള്ള വാര്‍ത്തകളില്‍ പുതുമയില്ല. നേരിട്ട് കാണാന്‍ ഇടയാകുന്ന ഇഷ്ടപ്പെട്ട വസ്തുക്കള്‍ ശേഖരിക്കുന്നത് തന്റെ ശീലമാണ്. ഇത് അപരാധമായി കാണുന്നില്ല. വീട്ടില്‍ ബയോമെട്രിക് ലോക്കറില്‍ ഉണ്ടെന്ന് പറയുന്നത് ഹോം തീയേറ്ററാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലെ നിധി അറ അല്ലെന്നും മോഹന്‍ലാല്‍ അവകാശപ്പെട്ടു.
മോഹന്‍ലാലും മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ബിസിനസ് ബന്ധങ്ങളുള്ളവരില്നിന്നും ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും വീടുകളും ഓഫീസുകളും പരിശോധിക്കാന്‍ ആദായനികുതി വകുപ്പ് തയ്യാറായതെന്നറിയുന്നു. ഇവരുടെ ഇടപാടുകാരും ബിസിനസ് പങ്കാളികളും നല്കുന്ന കണക്കുകള്‍ തമ്മില്‍ പരസ്പരം ഒത്തുപോകുന്നില്ലെന്നതാണ് പ്രധാന കാരണം. മോഹന്‍ലാല്‍ വാങ്ങിക്കൂട്ടിയെന്ന് പറയപ്പെടുന്ന ഭൂമിയുടെ ഇടപാടില്‍ വന്‍തോതില്‍ നികുതിവെട്ടിപ്പ് നടന്നിട്ടുള്ളതായും ആദായനികുതി വകുപ്പ് സംശയിക്കുന്നു. സിനിമാനിര്മാതാക്കള് നല്കുന്ന കണക്കുകളും സൂപ്പര്‍താരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള കണക്കുകളും തമ്മില്‍ വലിയതോയില്‍ അന്തരമുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരുടേയും സാമ്പത്തിക ഇടപാടുകള്‍ ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയായിരുന്നു. 200 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ഇരുവര്‍ക്കുമായി ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക നിഗമനമത്രെ. ലാലിന്റെ വീട്ടില്‍ തുറന്ന് പരിശോധിക്കാന്‍ കഴിയാതിരുന്ന രണ്ട് മുറികളും സീല്‍ ചെയ്തിരിക്കുകയാണ്. ലാലിന്റെയോ ഭാര്യയുടെയോ വിരലടയാളം ഇതിനാവശ്യമാണ്. തിങ്കളാഴ്ച അദ്ദേഹം മടങ്ങിയെത്തിയശേഷം മുറികള്‍ തുറന്ന് പരിശോധിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: