തിമ്പു: വിദേശ തീവ്രവാദികളെ പഴിചാരി സ്വന്തം രാജ്യത്തെ തീവ്രവാദത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. ഭൂട്ടാനിലെ തിമ്പുവില്‍ സാര്‍ക്ക് ആഭ്യന്തരതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു രാജ്യത്തു നിന്നാണോ വിദേശ തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്ക് കളമൊരുക്കുന്നത് ആ രാജ്യത്തിനാണ് ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്വം. ഇത്തരക്കാരെ നിയമത്തിന്റെ മുന്പില് കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ശന നടപടിയെടുക്കാന്‍ ആ രാജ്യങ്ങള്‍ ബാധ്യസ്ഥമാണ്.
തീവ്രവാദികളെ അന്തര്‍ദേശീയം, ദേശീയം എന്നു തരംതിരിക്കുന്നത് അബദ്ധമാണ്. തീവ്രവാദ സംഘടനകളെ മുളയില്‍ നുള്ളികളയാനുള്ള ശ്രമങ്ങള്‍ക്ക് ഇതു തിരിച്ചടിയാകും. ദക്ഷിണേഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തീവ്രവാദമാണ്. സാര്‍ക്ക് രാജ്യങ്ങള്‍ പരസ്പര സഹകരണത്തോടെ തീവ്രവാദത്തെ നേരിടണം. തീവ്രവാദത്തെ നേരിടാനുള്ള ആയുധങ്ങളും പപ്രതിരോധ പദ്ധതികളും മികച്ചതാക്കുകയാണു വേണ്ടത്.
തീവ്രവാദം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ആയുധക്കടത്ത് എന്നിവയ്ക്കായി വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നു. തീവ്രവാദത്തെ എതിര്‍ക്കാന്‍ കൂട്ടായ പ്രവര്‍ത്തനവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു യോജിച്ചുള്ള പരിശീലനവും ആവശ്യമാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് ഇടപാട്, സാമ്പത്തിക കുറ്റങ്ങള്‍, ബാങ്ക് അട്ടിമറി സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അംഗരാജ്യങ്ങള്‍ പരസ്പരം കൈമാറണമെന്നും ചിദംബരം യോഗത്തില്‍ ആവശ്യപ്പെട്ടു.
2011 ഒക്റ്റോബറില്‍ നടക്കുന്ന സാര്‍ക്കിന്റെ ഭീകരവാദ വിരുദ്ധ യോഗത്തിന് ഇന്ത്യ ആതിഥ്യമരുളുമെന്നു ചിദംബരം അംഗരാജ്യങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: