ബംഗളുരു: ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ബിജെപി തള്ളി. ഖാനന പ്രവര്‍ത്തനങ്ങളുമായി യെദ്യൂരപ്പക്ക് ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.
മുഖ്യമന്ത്രി രാജിവെക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി വക്താവ് വി. ധനഞ്ജയകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ അടുത്തയിടെ ദല്‍ഹി ലോകായുക്ത പുറത്തുവിട്ട റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഇതുതന്നെയാണ് സ്ഥിതിയെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബന്ധപ്പെട്ട ലോകായുക്തകളുടെ റിപ്പോര്‍ട്ടുകള്‍ക്ക് അവര്‍ പുല്ലുവിലയാണ് കല്പിച്ചിരിക്കുന്നത്. ‘കോണ്‍ഗ്രസിനും ബിജെപിക്കും വ്യത്യസ്ത അളവുകോലുകളുടെ ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഖാനന പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമൊന്നുമില്ലെന്നാണ് കര്‍ണ്ണാടക ലോകായുക്ത ജഡ്ജി എന്‍. സന്തോഷ് ഹെഗ്ഡെ പറഞ്ഞിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും ധനഞ്ജയകുമാര്‍ പറഞ്ഞു. എല്ലാ വിഷയങ്ങളും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനധികൃത ഖാനനത്തെക്കുറിച്ചുള്ള കര്‍ണ്ണാടക ലോകായുക്തയുടെ റിപ്പോര്‍ട്ടിനെപ്പറ്റി ഇനി പ്രതികരിക്കാനില്ലെന്ന് ബിജെപി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയെക്കുറിച്ചുള്ള ഷുംഗ്ലു കമ്മറ്റിയുടെയും ദല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിനെതിരായ ദല്‍ഹി റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് ആദ്യം നടപടിയെടുക്കട്ടെ എന്നും ബിജെപി വക്താവ് പ്രതികരിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി നടന്നതായി കണ്ടെത്തിയ ഷുംഗ്ലു കമ്മറ്റി ഷീലാ ദീക്ഷിത് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. തിവോളി ഗാര്ഡന് കേസില്‍ അവരുടെ മന്ത്രി രാജ്കുമാര് ചൗഹാനെതിരെ നടപടി വേണമെന്ന് ദല്‍ഹി ലോകായുക്ത രാഷ്ട്രപതിയോട് ആവശ്യപ്പെടുകയുണ്ടായി. ഈ രണ്ടുകേസുകളിലും കോണ്‍ഗ്രസ് ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല, ബിജെപി വക്താവ് പ്രകാശ് ജാവേദ്ക്കര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അനധികൃത ഖാനനത്തില്‍ മുഖ്യമന്ത്രി യദ്യൂരപ്പയുടേയും മറ്റ് നാല് മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണമെന്ന് കര്‍ണ്ണാടക ലോകായുക്ത അഭിപ്രായപ്പെട്ടിരുന്നു. ജനതാദള്‍ നേതാവും മുന്‍ മന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് രാജ്യസഭാംഗം അനില്‍ ലാദിന്റെയും പങ്ക് അന്വേഷിക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: