ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് – 12 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ജി-സാറ്റ് ഭ്രമണപഥത്തില്‍ എത്തിയതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്‌ണനും അറിയിച്ചു.
1410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തില്‍ വാര്‍ത്താവിനിമയത്തിനുള്ള 12 സി ബാന്‍ഡ് സ്പോണ്ടറുകളാണ് ഉള്ളത്. ഈ ഉപഗ്രഹം വഴി ഇന്ത്യയുടെ വാര്‍ത്താവിതരണ രംഗത്ത്, പ്രത്യേകിച്ച് ടെലി ഏജ്യൂക്കേഷന്‍, ടെലി മെഡിസിന്‍, വില്ലേജ് റിസോഴ്സ് സെന്റര്‍ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും.
രാജ്യം അഭിമുഖീകരിക്കുന്ന ട്രാന്‍സ്‌പോണ്ട് ക്ഷാമത്തിന് ജി സാറ്റ് 12 ഒരു പരിധി വരെ പ്രയോജനപ്പെടുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. പി.എസ്.എല്‍.വിയേക്കാളും കാര്യക്ഷമമായ പീ.എസ്.എല്‍.വി എക്സ്.എല്‍ ശ്രേണിയിലെ സി 17 ആണ് ഉപഗ്രഹത്തെ 20 മിനിട്ട് കൊണ്ട് ഭ്രമണ പഥത്തിലെത്തിച്ചത്.
2008 ഒക്ടോബര്‍ 22ന് ചന്ദ്രയാന്‍ ഒന്നിന്റെ വിജയകരമായ വിക്ഷേപണത്തിനും എക്സ് എല്‍ ശ്രേണിയിലുള്ള പി.എസ്.എല്‍.വിയാണ് ഉപയോഗിച്ചത്. പി.എസ്.എല്‍.വിയുടെ നാല് ഘട്ടങ്ങളും തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലാണ് വികസിപ്പിച്ചെടുത്തത്.
ഈ വര്‍ഷം ഐ.എസ്.ആര്‍.ഒ നടത്തുന്ന രണ്ടാമത്തെ പി.എസ്.എല്‍.വി വിക്ഷേപണമാണ് ഇന്നത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: