രംഗനാഥ് മിശ്ര കമ്മീഷന്റെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷങ്ങള്‍ക്കുള്ള ഒരു വാഗ്ദാനമായിരുന്നുവെന്നും ഉടനടി നടപ്പാക്കുമെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പുമന്ത്രി സല്മാന് ഖുര്‍ഷിദ് പറയുന്നു. ഈയിടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ചില ക്രിസ്ത്യന്‍ നേതാക്കന്മാര്ക്ക് രംഗനാഥ് മിശ്ര കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കി ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഉറപ്പുനല്കുകയുണ്ടായി.
രംഗനാഥ് മിശ്ര കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കി ക്രിസ്ത്യന്‍-മുസ്ലീം സംവരണം പ്രാവര്‍ത്തികമാക്കണമെന്ന ആവശ്യം ബിജെപിയിതര പ്രതിപക്ഷകക്ഷികളായ മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് കക്ഷിയും സമാജ്വാദി പാര്‍ട്ടിയും ലോക്സഭയിലും രാജ്യസഭയിലും പലതവണ ഉയര്‍ത്തുകയും ഇതിനുവേണ്ടി ബഹളംവെക്കുകയും ചെയ്തു.
രംഗനാഥ് മിശ്ര കമ്മീഷന്റെ സംവരണ ശുപാര്‍ശകള്‍ ഹിന്ദുസമുദായത്തിലെ പിന്നോക്ക വിഭാഗങ്ങളുടെയും പട്ടികജാതിക്കാരുടെയും ആനുകൂല്യങ്ങള്‍ കവര്‍ച്ച ചെയ്ത് മതന്യൂനപക്ഷങ്ങള്‍ക്ക് വീതംവെച്ച് കൊടുക്കുവാനാണ് ആവശ്യപ്പെടുന്നത്. അവ എന്തൊക്കെയാണെന്നും സംവരണാര്‍ഹരായ ഹിന്ദുസമുദായാംഗങ്ങളെ ഇവ എങ്ങനെ ബാധിക്കുമെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഇന്ന് മണ്ഡല് കമ്മീഷന് ശുപാര്‍ശയനുസരിച്ച് എല്ലാ പിന്നോക്കവിഭാഗങ്ങള്‍ക്കും 27 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സംവരണം അനുവദിച്ചിട്ടുണ്ട്. രംഗനാഥ് മിശ്ര കമ്മീഷന് റിപ്പോര്‍ട്ടിന്റെ 16.2.15 ഖണ്ഡിക എല്ലാ മതന്യൂനപക്ഷങ്ങളെയും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നോക്കവിഭാഗങ്ങളായി കണക്കാക്കി 15 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ അവര്‍ക്കായി സംവരണം ചെയ്യണമെന്നും അതില്‍ 10 ശതമാനം സംവരണം മുസ്ലീങ്ങള്‍ക്കുവേണ്ടി മറ്റീവ്ക്കണമെന്നും പറയുന്നു. ഈ നിയമം നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ ഹിന്ദു പിന്നോക്ക സമുദായങ്ങള്‍ക്ക് (ഈഴവര്‍, ധീവരസമുദായം, വിശ്വകര്മജര്, കുടുംബി സമുദായം എന്നിങ്ങനെ കേരളത്തിലെ 40 ശതമാനം ജനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു) അര്‍ഹതയുള്ള 27 ശതമാനം സംവരണത്തില്‍ 15 ശതമാനം ന്യൂനപക്ഷങ്ങള്‍ക്കായി മറ്റീവ്ക്കേണ്ടിവരും. ഇതുമൂലം 27 ശതമാനം സംവരണത്തിന് അര്‍ഹരായ ഹിന്ദുപിന്നോക്ക സമുദായക്കാരുടെ സംവരണ ശതമാനം 12 ശതമാനമായി കുറയും.
രംഗനാഥ് മിശ്ര കമ്മീഷന് റിപ്പോര്‍ട്ടിന്റെ 16.2.6 ഖണ്ഡിക കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദുസമുദായാംഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 15 ശതമാനം സംവരണം ന്യൂനപക്ഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തണമെന്നും അതില്‍ 10 ശതമാനം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കായി നീക്കിവെക്കണമെന്നും പറയുന്നു. ഈ ശുപാര്‍ശ നടപ്പാക്കുമ്പോള്‍ കേന്ദ്ര വിദ്യാഭ്യാസസ്ഥാപനങ്ങളായ ഐഐടികള്‍, ഐഐഎം, എന്‍ഐടികള്‍ എന്നിങ്ങനെയുള്ള പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദു പിന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നീക്കിവെച്ചിട്ടുള്ള സംവരണ ശതമാനം 27 ശതമാനത്തില്‍നിന്നും മേല്‍പ്പറഞ്ഞ പോലെ 12 ശതമാനമായി കുറയും.
അതുകൂടാതെ ഇന്ന് എസ്എന്‍ഡിപിയും എന്‍എസ്എസും കേരളത്തില്‍ നടത്തുന്ന സ്കൂളുകളിലും ന്യൂനപക്ഷ സമുദായക്കാര്‍ക്ക് 15 ശതമാനം സംവരണം നടപ്പാക്കേണ്ടിവരും. നിലവില്‍ കേരളത്തിലെ പ്രൊഫഷണല്‍ കോളേജുകളില്‍ ഏതാണ്ട് 70 ശതമാനവും ന്യൂനപക്ഷ സമുദായക്കാരുടേതാണ്. ഇവിടെ ഇപ്പോള്‍തന്നെ 50 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതുകൂടാതെ കേരള സര്‍ക്കാര്‍ ഗവണ്മെന്റ് ക്വാട്ടയില്‍നിന്നും 20 ശതമാനം സീറ്റുകള്‍ കൂടി ന്യൂനപക്ഷസമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ അതാത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. ഇതുകൂടാതെയാണ് ഹിന്ദുസമുദായവും സര്‍ക്കാരും നടത്തുന്ന കോളേജുകളിലും ന്യൂനപക്ഷ സംവരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കും.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 70 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സംവരണംചെയ്തിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ന്യൂനപക്ഷ സംവരണം ഏര്‍പ്പെടുത്തിയാല്‍ ഹിന്ദുവിദ്യാര്‍ത്ഥികള്‍ മതംമാറിയാലേ അഡ്മിഷന് കിട്ടുകയുള്ളൂ എന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്.
രംഗനാഥ് മിശ്ര കമ്മീഷന്റെ 16.3.4 ഖണ്ഡിക ഹിന്ദു പട്ടികജാതിക്കാര്‍ക്ക് ഇന്ന് ഗവണ്മെന്റ് ജോലിയിലും വിദ്യാഭ്യാസത്തിലും ലഭിക്കുന്ന സംവരണാനുകൂല്യങ്ങള്‍ ക്രിസ്ത്യന്‍-മുസ്ലീം മതവിഭാഗങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗങ്ങള്‍ക്കുകൂടി അനുവദിക്കണമെന്ന ആവശ്യമാണുന്നയിക്കുന്നത്. കേരളത്തില്‍ പരിവര്‍ത്തിത ക്രിസ്ത്യാനികളുടെ ജനസംഖ്യ ഹിന്ദു പട്ടികജാതിക്കാരുടേതിനേക്കാള് വളരെ കൂടുതലാണെന്നറിയുമ്പോള് സംവരണാനുകൂല്യം പങ്കുവെക്കുമ്പോള്‍ ഹിന്ദു പട്ടികജാതിക്കാര്ക്കുണ്ടാകാന് പോകുന്ന സംവരണ നഷ്ടം ഊഹിക്കാവുന്നതേയുള്ളൂ.
ചുരുക്കത്തില്‍ പറഞ്ഞാല്‍ രംഗനാഥ് മിശ്ര കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ കേരളത്തിലെ ഹിന്ദുപട്ടികജാതിക്കാര്ക്കും ഇഴവസമുദായമടങ്ങുന്ന പിന്നോക്ക വിഭാഗക്കാര്‍ക്കും നല്‍കിവരുന്ന സംവരണ ശതമാനം പകുതിയില്‍ താഴെയായി കുറയും. അതേസമയം കേരളത്തിലെ മുന്നോക്ക സമുദായക്കാരായ സിറിയന്‍ കത്തോലിക്കരും റോമന്‍ കത്തോലിക്കരും ന്യൂനപക്ഷ സമുദായം എന്ന നിലക്ക് സംവരണത്തിന് അര്‍ഹത നേടും. കേരളത്തിലെ ഹിന്ദു പട്ടികജാതിക്കാര്‍ ഈ കെണി തിരിച്ചറിഞ്ഞ് രംഗനാഥ് മിശ്ര കമ്മീഷന് ശുപാര്‍ശകള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ എസ്എന്‍ഡിപിയടക്കമുള്ള ഹിന്ദു പിന്നോക്കസമുദായങ്ങള്‍ ഇതിനെതിരെ വേണ്ടതുപോലെ പ്രതികരിച്ചുകാണുന്നില്ല.
-ജി.ബി. കമ്മത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: