ഈശ്വരാവബോധമണ്ഡലത്തില്‍ ഒരാള്‍ എത്തിക്കഴിഞ്ഞാല്‍ ഭീതിയും ആരാധനയിലെ ബാഹ്യചടങ്ങുകളും സ്വയം തിരോഭവിക്കും. എങ്കിലും ആരാധനയും ദാസ്യഭാവവും തുടര്‍ന്നും നിലനില്ക്കും. ജ്ഞാനി സ്വീകരിക്കുന്നത് ഏതു ഭാവമായിരുന്നാലും അതിലുടനീളം ദാസ്യഭാവം വ്യാപിച്ചിരിക്കുന്നതു കാണാം. സര്വശക്തനുമായുള്ള ബന്ധത്തില്‍ ദാസ്യഭാവത്തെ ഒഴിവാക്കാന്‍ പര്യാപ്തമായ മറ്റൊരു ഭാവം ഇല്ലതന്നെ.
ഈശ്വരനുമായുള്ള നിങ്ങളുടെ താദാത്മ്യത്തെയും അവിടുന്നുമായുള്ള ബന്ധത്തിന്റെ ജ്ഞാനത്തെയും സംബന്ധിച്ച തത്ത്വങ്ങളില്‍ മഹാവാക്യമാണ് താദാത്മ്യത്തെ സംബന്ധിച്ചുള്ളത്. ബിംബ പ്രതിബിംബ തത്ത്വം ബന്ധജ്ഞാനത്തെയും പ്രതിപാദിക്കുന്നു. ഗുരുവാക്യത്തില്‍ പരിപൂര്‍ണ വിശ്വാസം അര്‍പ്പിക്കുവിന്‍. നശ്വരവിഷയങ്ങളില് നിന്നും നിങ്ങളുടെ പ്രേമത്തെ പിന്‍വലിച്ച് ഈശ്വരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവിന്. സ്വയംബോധം ഉദിക്കുന്നതു വരെ സാധനാനുഷ്ഠാനവും സംയമവും അത്യന്താപേക്ഷിതമാണ്.
സര്‍വസ്ഥലത്തും ജീവിതത്തിലെ എല്ലാ പരിതസ്ഥിതികളിലും സന്തോഷത്തിലും സന്താപത്തിലും ഒന്നു പോലെ ഈശ്വരനെ മുറുകെ പിടിച്ച് സഹജീവികളുമായി അനുരഞ്ജനത്തില്‍ വര്‍ത്തിക്കുക. നിങ്ങളുടെ എല്ലാ ലൗകിക ബന്ധങ്ങളും ഈശ്വരനിലും ഈശ്വരനില്‍ കൂടിയും ആയിരിക്കട്ടെ. ഈശ്വരനല്ലാതെ മറ്റൊന്നും തന്നെ നിങ്ങളുടെ പ്രേമത്തെ ആകര്‍ഷിക്കരുത്. ഈശ്വരനുമായുള്ള ആന്തരിക സമ്പര്‍ക്കത്തെ തടസ്സപ്പെടുത്തുന്നതിന് ഒന്നിനെയും അനുവദിക്കരുത്.
ഈശ്വരനുമായി ആന്തരികബന്ധം ആരാണോ സ്ഥാപിക്കുന്നത് അയാള്‍ മാത്രമേ ഈശ്വരന്റെ സഹജസാന്നിധ്യം കൊണ്ടുള്ള ആനന്ദം അനുഭവിക്കുകയുള്ളൂ. ജീവിതത്തിലെ പരീക്ഷണളുടെയും കഷ്ടതകളുടെയും മധ്യത്തില്‍ അയാള്‍ ഈശ്വരനോട് ഒത്തു ചേര്‍ന്ന് ജീവിക്കുന്നു.
അഹന്ത, ലൗകിക വിഷയങ്ങളോടുള്ള ആസക്തി, വ്യക്തികളോടും വിഷയങ്ങളോടുമുള്ള മമതാ ബന്ധം ഇവയാണ് ഈശ്വരനും നിങ്ങള്‍ക്കും ഇടയ്ക്കുള്ള തടസ്സങ്ങള്‍. വിശ്വാസം കൊണ്ട് ദൃഢീകൃതമായ നിശ്ചയവും ശരണാഗതി മൂലം സിദ്ധിച്ച വിവേകവും കൊണ്ട് ഈ തടസ്സങ്ങളെ മാറ്റിയെടുക്കുക.
സ്വര്‍ഗീയ ശ്രീരമാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: