ന്യൂദല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട രഹസ്യ അറകളിലൊന്നായ ബി നിലവറ തുറക്കുന്നത് സുപ്രീംകോടതി തടഞ്ഞു. വിലമതിക്കാനാവാത്ത അമൂല്യവസ്തുക്കളുടെ വന്‍ ശേഖരം ഈ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബി നിലവറ തുറക്കരുതെന്നാണ് ജസ്റ്റിസുമാരായ ആര്.വി. രവീന്ദ്രന്, എ.കെ. പട്നായിക് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദ്ദേശം. രാജ്യത്തെ അതിസമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പവിത്രതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ക്ഷേത്രസ്വത്ത് പരസ്യമാക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനും കേരള സര്‍ക്കാരിനും ബെഞ്ച് നിര്‍ദ്ദേശം നല്കി. കേസ് അടുത്ത വ്യാഴാഴ്ച വാദം കേള്‍ക്കാനായി മാറ്റി.
പൊതുക്ഷേത്രമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ സ്വത്തിനുവേണ്ടി തിരുവിതാംകൂര്‍ രാജകുടുംബം അവകാശം ഉന്നയിക്കുന്നില്ലെന്ന് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയെ അറിയിച്ചു. ‘സ്വത്തിന്റെ ഒരു ഭാഗവും രാജകുടുംബങ്ങളില്‍ ആരും അവകാശപ്പെടുന്നില്ല. കണ്ടെടുത്ത സ്വത്തെല്ലാം ശ്രീപത്മനാഭസ്വാമിയുടേതാണ്’, വേണുഗോപാല്‍ പറഞ്ഞു.
ക്ഷേത്രഭരണം ഏറ്റെടുക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയിലെത്തിയത്. സര്‍ക്കാരിന്റെ തീരുമാനം നേരത്തെ കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കവെയാണ് ബി നിലവറ തുറക്കുന്നത് തടഞ്ഞുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്.
എ നിലവറയില്‍ കണ്ടെത്തിയ സാധനങ്ങള്‍ സംരക്ഷിക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു. വീഡിയോ ക്യാമറ ക്ഷേത്രത്തില്‍ കയറ്റുന്നതിന് നിയന്ത്രണമുള്ളതിനാല്‍ എങ്ങനെ വീഡിയോഗ്രാഫി നടത്തുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. മറ്റ് ക്ഷേത്രാചാരങ്ങളെ തടസ്സപ്പെടുത്താതെ പരിശോധന മാത്രം ചിത്രീകരിക്കാനാണ് നിര്‍ദ്ദേശിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശ്രീകോവിലിനേയും ദേവനെയൂം ദര്‍ശിക്കുന്നതിന് പകരം പലരുടെയും കണ്ണ് ഇപ്പോള്‍ ഈ നിലവറകളിലായിരിക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തിന് ചുറ്റും അതിശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ക്ഷേത്രത്തില്‍ കണ്ടെത്തിയ വസ്തുവകകളുടെ മൂല്യം ആധികാരികമല്ലെന്നും മാധ്യമങ്ങളുടെ കണക്കുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അഭിഭാഷകന് പറഞ്ഞു. ഇത് ജഡ്ജിമാരും ശരിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: