തൃശൂര്‍ : ജില്ലയിലെ പോലീസുകാര്‍ക്ക് കൂട്ടസ്ഥലംമാറ്റം. കഴിഞ്ഞ ദിവസമാണ് ജില്ലയിലെ പോലീസുകാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പലരേയും ദുരിതത്തിലാക്കി. സ്കൂള്‍ തുറന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ സ്കൂള്‍ തുറക്കുന്നതിന് മുമ്പുതന്നെ സ്ഥലംമാറ്റം സംബന്ധിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കാറുണ്ടായിരുന്നു. നേരത്തെ സ്ഥലം മാറ്റത്തിന്റെ ഉത്തരവ് ലഭിക്കാത്തത് മൂലം കുട്ടികളേയും മറ്റും സ്കൂളുകളില്‍ ചേര്‍ത്തി പഠനം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ സ്ഥലം മാറ്റിക്കൊണ്ടുള്ള ഓര്‍ഡര്‍ ലഭിച്ചത്. ഭൂരിഭാഗം പേരുടേയും സ്ഥലം മാറ്റങ്ങള്‍ പ്രതികാര നടപടിയോടെയാണെന്ന് ആരോപണമുണ്ട്. സ്ഥലം മാറ്റ ഉത്തരവ്പുറപ്പെടുവിക്കും മുമ്പ് ജോലി ചെയ്യാന്‍ താല്പര്യമുള്ള മൂന്ന് സ്റ്റേഷനുകളുടെ ലിസ്റ്റ് ഓരോരുത്തരില്‍ നിന്നും വാങ്ങാറുണ്ടായിരുന്നു. ഇതുപ്രകാരം നല്‍കിയതിലും ഇതെല്ലാം തകിടം മറിച്ചാണ് പുതിയ ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ പോലീസുകാരില്‍ പലരും പുതിയ നിയമനത്തില്‍ അസംതൃപ്തരാണ്. ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഒറ്റയടിക്ക് നാല്പത് പോലീസുകാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവിടെ എ.ആര്.ക്യാമ്പില്‍ നിന്നുമുള്ള പോലീസുകാരെ നിയമിക്കാനാണ് ഉത്തരവായിരിക്കുന്നത്. മൂന്ന് കൊല്ലം പൂര്‍ത്തിയായവരെയാണ് സ്ഥലം മാറ്റുന്നതെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പലര്‍ക്കും ഇതും ലംഘിക്കപ്പെട്ടതായി ആരോപണമുണ്ട്. പോലീസ് അസോസിയേഷന്റെ ഇടപെടലും സ്ഥലംമാറ്റത്തില്‍ ശക്തമായിട്ടുള്ളതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: