Categories: India

ജയ്പാല്‍ റെഡ്ഡിയുടെ രാജിക്ക്‌ സമ്മര്‍ദ്ദമേറി

Published by

ഹൈദരാബാദ്‌: തെലുങ്കാന മേഖലയില്‍ അവശേഷിക്കുന്ന കേന്ദ്ര പെട്രോളിയം മന്ത്രി എസ്‌. ജയ്പാല്‍റെഡ്ഡി അടക്കമുള്ള എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും രാജിക്കായി സമ്മര്‍ദ്ദമേറി. പ്രത്യേക സംസ്ഥാനം ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ ആന്ധ്രാപ്രദേശില്‍ മന്ത്രിമാരടക്കം 86 നിയമസഭാംഗങ്ങള്‍ രാജിവെച്ചതിന്‌ പിന്നാലെ തെലുങ്കാന പ്രക്ഷോഭകരുടെ സംഘടനകളാണ്‌ കനത്ത സമ്മര്‍ദ്ദവുമായി രംഗത്തിറങ്ങിയിരിക്കുന്നത്‌.

തെലുങ്കാന പ്രക്ഷോഭത്തോട്‌ അനുഭാവം പ്രകകിപ്പിച്ച്‌ രാജിവെക്കാന്‍ കൂട്ടാക്കാതിരുന്ന നേതാക്കളുടെ വീടുകളിലേക്ക്‌ തെലുങ്കാന രാഷ്‌ട്രസമിതി സംയുക്ത കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വിദ്യാര്‍ത്ഥിപ്രക്ഷോഭകരും ഇതില്‍ പങ്കുചേര്‍ന്നു. തെലുങ്കാന മേഖലയില്‍ അവശേഷിക്കുന്ന എംപിമാരും മന്ത്രിമാരും നിയമസഭാംഗങ്ങളും ഉടന്‍ രാജിവെക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. രാജിക്ക്‌ തയ്യാറാകാത്തവര്‍ വഞ്ചകരാണെന്ന്‌ ടിആര്‍എസ്‌ സംയുക്ത കര്‍മസമിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

രാജിയാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നിയമസഭാംഗം അകുല രാജേണ്ടറുടെ വീട്ടിലേക്ക്‌ പ്രക്ഷോഭകര്‍ നടത്തിയ മാര്‍ച്ച്‌ ഹൈദരാബാദിന്‌ സമീപം മല്‍കാജ്ഗിരിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അകുലയുടെ വീട്ടിലേക്ക്‌ അതിക്രമിച്ച്‌ കയറാന്‍ നടത്തിയ ശ്രമം പോലീസ്‌ തടഞ്ഞു. ഇദ്ദേഹം ഉടന്‍ രാജിവെച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി രണ്ട്‌ യുവാക്കള്‍ തൊട്ടടുത്തുള്ള മൊബെയില്‍ ടവറില്‍ വലിഞ്ഞുകയറിയത്‌ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. തെലുങ്കാന മേഖലയില്‍നിന്നുള്ള 37 നിയമസഭാംഗങ്ങളും കേന്ദ്ര പെട്രോളിയം മന്ത്രി എസ്‌. ജയ്പാല്‍ റെഡ്ഡിയടക്കം അഞ്ച്‌ എംപിമാരാണ്‌ രാജിവെക്കാന്‍ കൂട്ടാക്കാത്തവര്‍.

രാജിക്ക്‌ തയ്യാറാകാത്ത കോണ്‍ഗ്രസ്‌ എംപി സര്‍വ്വെസത്യനാരായണയുടെ കേലം കത്തിച്ചു. വാറംഗലില്‍ ടിഡിപി രാജ്യസഭാംഗം ഗുണ്ടുസുധാറാണിയുടെ വീട്‌ പ്രക്ഷോഭകര്‍ വളഞ്ഞു. ഖമ്മം ജില്ലയില്‍ കോണ്‍ഗ്രസ്‌ അംഗം കാന്തറാവുവിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി.

ഒസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളടങ്ങുന്ന സംയുക്ത കര്‍മസമിതി പ്രവര്‍ത്തകര്‍ തീവ്രവാദ ഭീഷണിയും മുഴക്കിയിട്ടുണ്ട്‌. രാജി വൈകിയാല്‍ മുകേഷ്‌ ഗൗഡ്‌, ദാനം നാഗേണ്ടര്‍ എന്നീ മന്ത്രിമാരുടെ വീടുകള്‍ ആക്രമിക്കുമെന്ന്‌ ഇവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. ഇതേസമയം 11 അംഗങ്ങളുള്ള ടിആര്‍എസില്‍നിന്ന്‌ ആരും രാജിവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. തങ്ങള്‍ക്ക്‌ രാജിവെക്കാന്‍ ഭയമില്ലെന്ന്‌ ടിആര്‍എസ്‌ നേതാവ്‌ ഹരീഷ്‌ റാവു അവകാശപ്പെട്ടു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by