ലാഹോര്‍: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന് സരബ്ജിത് സിങ്ങിനെതിരായ കേസ് പുനരന്വേഷണം നടത്താന്‍പാക് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാനായി ലാഹോറിലെത്തിയ സഹോദരി ദല്‍ബീര്‍ കൗര്‍ ആവശ്യപ്പെട്ടു.
തന്റെ സഹോദരന് നിരപരാധിയാണെന്നും അദ്ദേഹത്തെ കുടുക്കിയ ബോംബ് സ്ഫോടനക്കേസിന്റെ യഥാര്‍ത്ഥ സൂത്രധാരനായ മന്‍ജിത് സിങ്ങ് ഇന്ത്യയില്‍ തടവില്‍ കഴിയുന്നുണ്ടെന്നും ലാഹോറില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ദല്‍ബീര്‍ കൗര്‍ പറഞ്ഞു. ലാഹോറിലെ കോട്ട് ലഖ്ചത് ജയിലില്‍ കഴിയുന്ന സരബ്ജിത് സിങ്ങിനെ കാണാനായി കഴിഞ്ഞ മാസമാണ് ഇവര്‍ ലാഹോറിലെത്തിയത്. സരബ്ജിത് സിങ്ങിനെ സ്വതന്ത്രനാക്കണമെന്ന് കാണിച്ച് പാക്കിസ്ഥാനിലെ നിരവധി ഉന്നതാധികാരികള്‍ക്ക് ദല്‍ബീര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. സരബ്ജിതിനെതിരായ കേസുകള്‍ പുനരന്വേഷണം നടത്താന്‍ ഒരു സംഘത്തെ പാക്കിസ്ഥാന് ഇന്ത്യയിലേക്കയക്കാവുന്നതാണെന്നും അതല്ലെങ്കില്‍ മാനുഷിക പരിഗണന നല്‍കിയെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും അവര്‍ അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രണ്ടാമതൊരിക്കല്‍കൂടി ദല്‍ബീര്‍ സരബ്ജിത്തിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
ഇതോടൊപ്പം പാക്കിസ്ഥാനില്‍ തനിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും ഇവിടെയുള്ളവര്‍ ഒരു സഹോദരിയോടെന്നവണ്ണമാണ് തന്നോട് പെരുമാറുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സരബ്ജിത് സിങ് ഉടന്‍ ജയില്‍ മോചിതനാകുമെന്നുള്ള വിശ്വാസത്തില്‍ താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും അവര്‍ അറിയിച്ചു. പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ വിസ ശരിയാക്കിത്തന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍സാര്‍ ബര്‍ണിയോടുള്ള നന്ദി പ്രകടിപ്പിക്കാനും അവര്‍ മറന്നില്ല.
1990-ല്‍ പാക് പഞ്ചാബ് പ്രവിശ്യയില്‍ പതിമൂന്നോളം പേര് മരിക്കാനിടയായ ബോംബ് സ്ഫോടനങ്ങളുടെ പേരിലാണ് പാക് അധികൃതര്‍ സരബ്ജിത് സിങ്ങിനെ അറസ്റ്റ് ചെയ്തത്. 2008ല്‍ ഇദ്ദേഹത്തെ വധശിക്ഷിക്ക് വിധിച്ചുവെങ്കിലും പാക് പ്രധാനമന്ത്രി കേസില്‍ നേരിട്ടിടപെട്ടതിനാല്‍ സരബ്ജിത്തിന്റെ ശിക്ഷാനടപടികള്‍ നീട്ടിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: