ലോകത്തിന് തന്നെ മാതൃകയാക്കിക്കൊണ്ട് ജര്‍മനി ഒരു സുപ്രധാന നിയമം പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുകയാണ്. ആണവനിലയങ്ങള്‍ രാജ്യത്ത് ഘട്ടം ഘട്ടമായി പൂട്ടാനാണ് തീരുമാനം. ഇതുസംബന്ധിച്ച ബില്ല് ഭരണ-പ്രതിപക്ഷഭേദമെന്യേ അംഗീകരിച്ച് പാസാക്കി. 2022 ഓടുകൂടി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്ന് ജര്‍മന്‍ ചാന്‍സലര്‍ വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ലമെന്റിന്റെ ഉപരിസഭ കൂടി ഇത് പാസാക്കിയാല്‍ നിയമമാകും. അതുവഴി ലോകത്തിന് മുന്നില്‍ ജര്‍മനിക്ക് എന്തുകൊണ്ടും തലയുയര്‍ത്തിപ്പിടിച്ചു നില്ക്കാം.
ഓരോ രാജ്യവും നാള്‍ക്കുനാള്‍ ആണവഇന്ധനം ഉപയോഗിക്കുന്നതിന് പുതിയ വഴികള്‍ തേടുകയും പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുവാനും മത്സരിക്കുമ്പോഴാണ് ജര്‍മനിയുടെ ഈ ശ്രദ്ധേയമായ ചുവടുവെപ്പ് എന്നത് ഓര്‍ക്കേണ്ടതുണ്ട്. എന്തായാലും ജര്‍മനിയില്‍ ഇന്നത്തെ അവസ്ഥവെച്ചു നോക്കുമ്പോള്‍ നിയമം പ്രാബല്യത്തില്‍ വരാന്‍ ഏറെ താമസമെടുത്തേക്കില്ല.
ഇപ്പോള്‍ രാജ്യത്ത് 22 ആണവനിലയങ്ങളാണുള്ളത്. ഇവ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നാണ് ചാന്‍സലര്‍ ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ പതിനഞ്ചെണ്ണം പ്രവര്‍ത്തനം മന്ദീഭവിപ്പിച്ച നിലയിലാണ്. ബാക്കിയുള്ളവയും കാലതാമസം കൂടാതെ നിര്‍ത്തലാക്കുവാനാണ് തീരുമാനം.
ആണവനിലയങ്ങള്‍ അടച്ചുപൂട്ടണമെന്നത് സര്‍ക്കാരിന് പെട്ടെന്നുണ്ടായ ഒരു ബോധോദയമല്ല. എന്നാല്‍ ജപ്പാനിലെ സുനാമിയുടെ പ്രത്യാഘാതങ്ങളാണ് ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതിന് പിന്നിലെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിപരമല്ല. ജനങ്ങള്‍ ആണവനിലയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയിട്ട് ഏറെയായെങ്കിലും ജപ്പാനിലുണ്ടായ സംഭവം ത്വരിതഗതിയിലുള്ള തീരുമാനമെടുപ്പിക്കുന്നതിന് പ്രചോദകമായി. അതില്‍ ഭരണപ്രതിപക്ഷ വ്യത്യാസവുമില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമം അവിടുത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദമുണ്ടാക്കിയിട്ടുണ്ടെന്നാണ് അവിടെ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാകുന്നത്. അതേസമയം ചിലരെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നും അറിയുന്നു. സ്വാഭാവികമായും ഇത്രയും സുപ്രധാനമായ ഒരു നിയമം പാസാക്കുമ്പോള്‍ അതിന്റേതായ പ്രതിഫലനം വിവിധ കോണുകളില്‍ ഉണ്ടാകുമെന്നുള്ളതില്‍ സംശയമില്ല. ജര്‍മന്‍ സര്‍ക്കാര്‍ ജനങ്ങളുടെ ഭാഗത്ത് നില്‍ക്കന്നുവെന്നാണ് ഈ തീരുമാനം തെളിയിക്കുന്നത്. പത്തുകൊല്ലത്തിനകം രാജ്യത്തെ അവസാനത്തെ ആണവനിലയത്തിനും ആണിയടിക്കുമെന്ന സുപ്രധാനമായ ഒരു പ്രഖ്യാപനമാണിത്. ഇങ്ങിനെവന്നാല്‍ പല കാര്യങ്ങളിലും ലോകത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന ജര്‍മനിക്ക് ഇക്കാര്യത്തിലും തലയുയര്‍ത്തിപ്പിടിച്ച് നില്ക്കാം. അങ്ങനെ വരുമ്പോള്‍ ആണവനിലയം വേണ്ടെന്നുവെക്കുകയും ഉള്ളവ പൂട്ടുകയും ചെയ്യുന്ന ലോകത്തിലെ ആദ്യരാജ്യമെന്ന ഖ്യാതി ജര്‍മനിയുടെ പേരില്‍ കുറിക്കും. ഏതൊരു രാജ്യത്തിനും അഭിമാനം വരുന്ന ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. മാസങ്ങള്‍ക്ക് മുമ്പുതന്നെ ചാന്‍സലര്‍ നടത്തിയ പ്രഖ്യാപനത്തെ എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്തതാണ്. ഇക്കാര്യത്തെക്കുറിച്ച് ആ സമയത്തുതന്നെ ഈ പംക്തിയില്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഭാരതവുമായി ഒരു താരതമ്യപഠനം അന്ന് അതില്‍ നടത്തുകയുമുണ്ടായി.
ഭാരതത്തില്‍ പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരികയും ഉള്ളവക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാനും ഭരണാധികാരികള്‍ തയ്യാറെടുക്കുമ്പോഴാണ് വിചിത്രമെന്ന നിലയില്‍ ജര്‍മനിയില്‍ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായതെന്നോര്‍ക്കണം. ഒരു രാജ്യത്തുണ്ടാകുന്ന അപകടം മറ്റൊരു രാജ്യത്ത് സംഭവിക്കണമെന്നല്ല പറയുന്നത്. പക്ഷെ അപകടം മണത്തുവരുന്നു എന്നത് മുന്‍കൂട്ടി കാണേണ്ടതുതന്നെയാണ്.
ജനവാസകേന്ദ്രങ്ങളിലാണ് ആണവനിലയങ്ങള്‍ ഭാരതത്തില്‍ ഉള്ളത്. ഭാരതത്തിലെ ആണവനിലയങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതിനര്‍ഥം ഭാരതം അത്തരമൊരു തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നുതന്നെയാണ് ഇതിലൂടെ നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അടച്ചുപൂട്ടില്ലെന്ന് മാത്രമല്ല, അമേരിക്കയുമായി ചില കരാര്‍ ഉണ്ടാക്കി ആണവോര്‍ജ നടപടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം. ജപ്പാനിലെ ആണവനിലയങ്ങള്‍ക്ക് സുരക്ഷ ഇല്ലാഞ്ഞിട്ടൊന്നുമല്ല, ഭൂകമ്പമോ സുനാമിയോ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അത് പ്രവചനാതീതമാണ്. എല്ലാവിധ സജ്ജീകരങ്ങള്‍ ഉണ്ടായിട്ടും ജപ്പാനിലെ ആണവനിലയങ്ങള്‍ അടച്ചുപൂട്ടാന്‍ കഴിയാത്ത പരിതാപകരമായ അവസ്ഥയിലാണ് ജപ്പാന്. തീര്‍ച്ചയായിട്ടും നമ്മുടെയെല്ലാം കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ് അവ. എന്നാല്‍ ഭാരതത്തിലെ ഭരണാധികാരികള്‍ക്ക് അതുണ്ടാകില്ലെന്ന് തീര്‍ച്ച. നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല. അതേസമയം ജനങ്ങളുടെ സുരക്ഷകൂടി ഭരണാധികാരികള്‍ക്ക് ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. ജനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ രാജ്യവും ഉണ്ടാകൂയെന്ന കാര്യം വിസ്മരിക്കരുത്.
ആരുടെയെങ്കിലും അടിമത്വത്തിന് കീഴില്‍ കഴിയണമെന്നോ അവരുടെയെല്ലാം പൂര്‍ണമായ ഉപദേശങ്ങള്‍ കേള്‍ക്കണമെന്നോ അല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. ആണവനിലയങ്ങളുടെ ഉപയോഗം പടിപടിയായി കുറച്ചുകൊണ്ടുവരാനെങ്കിലും ശ്രമിക്കേണ്ടതാണ്. അങ്ങിനെ വരണമെങ്കില്‍ പാര്‍ലമെന്റില്‍ ഇക്കാര്യത്തെക്കുറിച്ച് ഗൗരവപൂര്‍ണമായ ഒരു ചര്‍ച്ച നടത്താനെങ്കിലും ഭരണാധികാരികള്‍ ആദ്യമായി തയ്യാറാകണം. അപ്പോള്‍ മാത്രമെ രാഷ്ട്രീയപാര്‍ട്ടികളുടെ യഥാര്‍ഥ ചിത്രം മനസിലാകൂ.
ജര്‍മനിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ആണവനിലയങ്ങള്‍ വാങ്ങാന്‍ ഭാരതം തയ്യാറാകുകയാണെന്നും കേള്‍ക്കുന്നു. ജര്‍മനി ആണവനിലയങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമ്പോള്‍ അവ നശിപ്പിക്കുകയെന്നത് ഒരു വലിയ ദൗത്യം തന്നെയാണ്. ജനങ്ങള്‍ക്കോ പ്രകൃതിക്കോ യാതൊരുവിധത്തിലുള്ള ദോഷവും വരാത്ത രീതിയില്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. എന്നാല്‍ ഭാരതത്തെപ്പോലുള്ള രാജ്യങ്ങള്‍ അവ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നുവെന്നത് വൈരുധ്യമെന്നോ വിചിത്രമെന്നോ അല്ലാതെ എന്തുപറയാന്‍? ലോകത്തെങ്ങും ആണവനിലയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുമ്പോഴാണ് നാം ആണവനിലയങ്ങളുടെ സുരക്ഷയെക്കുറിച്ചും പുതിയവ സ്ഥാപിക്കുന്നതിനെക്കുറിച്ചും ഗൗരവത്തില്‍ ചിന്തിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ആണവനിലയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്നത് ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
നാം ഒറ്റയടിക്ക് ജര്‍മനിയുടെ മാതൃക സ്വീകരിക്കണമെന്ന് പറയുന്നില്ല. പക്ഷെ അക്കാര്യത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. അമേരിക്ക പറയുന്നതെല്ലാം വിഴുങ്ങാതെ നമുക്ക് വേണ്ടതുമാത്രം ഉള്‍ക്കൊള്ളാനുള്ള മനോഭാവമാണ് പ്രകടിപ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: