കോട്ടയം: അമ്പതിനായിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാസംവിധാനം ഇപ്പോള്‍ നാമമാത്രമാണ്. ഏതാനും ഗാര്‍ഡുകള്‍ മാത്രമാണ് അവിടെയുള്ളത്. ഇത്രത്തോളം സമ്പത്തുണ്ടെന്ന് ലോകം മുഴുവന്‍ അറിഞ്ഞ സാഹചര്യത്തില്‍ സുരക്ഷാസംവിധാനം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
കണ്ടെടുത്ത സമ്പത്ത് എത്രയുണ്ടായാലും അത് ശ്രീപത്മനാഭന്റെ സ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെടുത്ത സ്വത്തുക്കള്‍ ക്ഷേത്രത്തില്തന്നെ സുരക്ഷിതമായി സൂക്ഷിക്കുവാനും ആവശ്യമായ സുരക്ഷ നല്കുവാനും നടപടി വേണം. യാതൊരുവിധ അലംഭാവവും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കരുത്. ക്ഷേത്രസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. കേന്ദ്രസര്‍ക്കാരിന്റെകൂടി സഹായം തേടി സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടി കൈക്കൊള്ളണം.
ശ്രീപത്മനാഭന് സമര്‍പ്പിക്കുന്ന എല്ലാ സ്വത്തുക്കളും അന്നുതന്നെ കല്ലറകളിലേക്കു മാറ്റിയിരുന്നതുമൂലം നൂറ്റാണ്ടുകള്‍ ഇത് രഹസ്യമായിത്തന്നെ നിലകൊണ്ടു. നാമമാത്രമായ സുരക്ഷാ സംവിധാനത്തില്‍ ഈ സമ്പത്ത് സുരക്ഷിതമായിരുന്നു. കാരണം, പുറംലോകത്തിന് ഇക്കാര്യത്തെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. മാധ്യമങ്ങളില്‍കൂടി ശ്രീപത്മനാഭന്റെ കല്ലറയിലെ നിധികുംഭങ്ങളെക്കുറിച്ച് ലോകമെമ്പാടും അറിഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ഏകദേശം 30 ശതമാനം വസ്തുക്കളുടെ കണക്കുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞതായി മനസ്സിലാക്കുന്നു. ബാക്കിയുള്ള സമ്പത്തിന്റെകൂടി കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടുകൂടി മാത്രമേ അത് എത്രത്തോളമുണ്ടെന്ന് വ്യക്തമാകൂ. 1729ല്‍ രാജ്യാധികാരമേറ്റ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാജ്യസമ്പത്തും ശ്രീപത്മനാഭസന്നിധിയില്തന്നെ സൂക്ഷിക്കാന്‍ തീരുമാനിച്ചതായിരിക്കാം കല്ലറകള്‍ നിര്‍മ്മിക്കാന്‍ കാരണം. ഏറ്റവും സുരക്ഷിതമായ സ്ഥലത്തുതന്നെ പതിനായിരക്കണക്കിനു കോടിയുടെ സ്വര്‍ണ്ണവും രത്നങ്ങളും വെള്ളിയും മറ്റും അടങ്ങുന്ന സമ്പത്ത് കല്ലറകളില്‍ സൂക്ഷിക്കുകയാണ് അന്നത്തെ മഹാരാജാക്കന്മാര് ചെയ്തിരുന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: