ന്യൂദല്‍ഹി: രാജ്യത്തെ വിലക്കയറ്റം തന്റെ കയ്യില്‍ ഒതുങ്ങുന്നതല്ലെന്നും അന്താരാഷ്‌ട്ര സാമ്പത്തിക, രാഷ്‌ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവ നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ക്ഷണിക്കപ്പെട്ട പത്രാധിപരോട് സംസാരിക്കവെയാണ് സാമ്പത്തികവിദഗ്ധന്‍കൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്റെ പരാജയം സമ്മതിച്ചത്. 2012 മാര്‍ച്ചില്‍ നാണ്യപ്പെരുപ്പം ആറ് ശതമാനമാവും എന്ന അമിതപ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
രാജ്യത്തെ പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞന്‍കൂടിയായ മന്‍മോഹന്‍സിംഗ് ഭരിക്കുമ്പോള്‍ വിലക്കയറ്റം ക്രമാതീതമായി വര്‍ധിക്കുന്നത് പത്രാധിപന്മാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് സമ്മതിക്കുന്നതായും വിമര്‍ശനം സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്നുമുള്ള മറുപടിയാണ് പ്രധാനമന്ത്രി സിംഗ് നല്‍കിയതെന്ന് ‘ദിവ്യ മറാഠി’ പത്രാധിപര്‍ കുമാര്‍ കേത്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു പത്രാധിപന്മാരുമായുള്ള കൂടിക്കാഴ്ച നടത്തിയത്.
മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിലക്കയറ്റമെന്നും അത് തന്റെ നിയന്ത്രണത്തിലല്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. എണ്ണ വിലനിലവാരം, മധ്യപൂര്‍വേഷ്യയിലെ പ്രതിസന്ധി, രാജ്യാന്തര ഉല്‍പ്പന്ന വിലനിലവാരം എന്നിവയാണ് മൂന്ന് ഘടകങ്ങളെന്നും മന്‍മോഹന്‍സിംഗ് വിശദീകരിച്ചു.
രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം കഴിഞ്ഞ 10 ആഴ്ചകളിലെ ഏറ്റവും കൂടിയ നിരക്കായ 9.13 ശതമാനത്തില്‍ എത്തി. കാര്യക്ഷമതയില്ലാത്ത പ്രധാനമന്ത്രിയാണ് താനെന്ന വിമര്‍ശനം മന്‍മോഹന്‍സിംഗ് നിഷേധിച്ചു. കോണ്‍ഗ്രസാണ് തന്നെ ഈ പദവി ഏല്‍പ്പിച്ചതെന്നും അവരില്‍നിന്ന് ഒരഭിപ്രായവ്യത്യാസവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റേത് പാവ ഗവണ്‍മെന്റാണെന്നും കാര്യപ്രാപ്തിയല്ലെന്നുമുള്ള പ്രതിപക്ഷ ആരോപണത്തെ ചില മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ടെന്നും തന്റെ പ്രകടനം സത്യം പുറത്തുകൊണ്ടുവരുമെന്നും മന്‍മോഹന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കിട്ടാവുന്നതില്‍വച്ച് ഏറ്റവും കൂടുതല്‍ സഹകരണമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയില്‍നിന്നും തനിക്ക് ലഭിക്കുന്നത്. അവര്‍ ഒരിക്കലും ഒരു തടസമാണെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ സോണിയാഗാന്ധി കഴിഞ്ഞ 15 വര്‍ഷമായി വളരെ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്‍മോഹന്‍ അവകാശപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രിപദം പരാമര്‍ശവിഷയമായപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷയും പാര്‍ട്ടിയുമാണ് തന്നെ ഈ പദവി ഏല്‍പ്പിച്ചതെന്നും കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഇതുവരെ എതിരഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിലെ അഴിച്ചുപണി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജോലിയാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു. അത് എപ്പോള്‍ സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്പാല്‍ ബില്‍ രാജ്യത്തിന് ആവശ്യമാണ്. ഈ പ്രശ്നത്തില്‍ ഒരു ദേശീയ സമവായം ഉണ്ടാക്കാന്‍ താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തിലേക്ക് സര്‍ക്കാര്‍ കടന്നുചെല്ലും, പക്ഷെ ഒരു ഗ്രൂപ്പുകളെയും തങ്ങളുടെ അഭിപ്രായങ്ങള്‍ അവസാന വാക്കായി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കുകയില്ല. പ്രധാനമന്ത്രിയെ ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരുന്നതിന് താന്‍ എതിരല്ല. പ്രധാനമന്ത്രി അഴിമതി നിരോധനത്തിന്റെ പരിധിയില്‍ വരുമെന്നും പാര്‍ലമെന്റിന് പ്രധാനമന്ത്രിയെ നീക്കാനധികാരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ രാഷ്‌ട്രീയകക്ഷികളാല്‍ നയിക്കപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്സിംഗ് ബാദലും പ്രധാനമന്ത്രി ലോക്പാലിന്റെ പരിധിയില്‍പ്പെടേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്.
ഡിഎംകെയുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് കരുതുന്നില്ലെന്നും ഒരാള്‍ക്കും തെരഞ്ഞെടുപ്പ് വരുന്നതിഷ്ടമല്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാംദേവിന്റെ പ്രശ്നത്തിലും ആവശ്യമില്ലാത്ത തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു. കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പ്രശ്നത്തെക്കുറിച്ച് മുമ്പുതന്നെ തന്റെ ആശയങ്ങള്‍ രാംദേവുമായി പങ്കുവെച്ചിട്ടുണ്ട്.
നാല് കേന്ദ്രമന്ത്രിമാര്‍ വിമാനത്താവളത്തിലെത്തിയത് രാംദേവിനെ സ്വീകരിക്കാനല്ല. മറിച്ച് അദ്ദേഹം ദല്‍ഹിയിലെത്തുംമുമ്പ് കാണാനായിരുന്നു. അടുത്ത ദിവസംതന്നെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കൂടുതല്‍ ജനക്കൂട്ടത്തെ നേരിടേണ്ടിവരുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹസാരെയുടെ പ്രവൃത്തികള്‍ രാഷ്‌ട്രീയപ്രേരിതമല്ലേ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നവരെ സംബന്ധിച്ച് അത്തരമൊരു ചോദ്യം നല്ലതല്ലെന്ന് മന്‍മോഹന്‍ പറഞ്ഞു. കള്ളപ്പണത്തിനും അഴിമതിക്കും നികുതിവെട്ടിപ്പിനുമെതിരെ കഴിയുന്നതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അത് ഒറ്റയടിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന പ്രതിഭാസമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെലികോം, സിഡബ്ല്യൂജി മുതലായ കുംഭകോണങ്ങളില്‍ മധ്യവര്‍ഗത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്നും കുറ്റക്കാര്‍ എന്തായാലും ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാരില്‍ ഭരണസ്തംഭനമുണ്ടെന്നും അതിന്റെ പരിപാടികള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് ഒരു ധാരണയുണ്ടെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തുടങ്ങിയത്. മാധ്യമങ്ങള്‍ കുറ്റം ആരോപിക്കുന്നവരും വക്കീലും ജഡ്ജിയുമാകുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന അയല്‍രാജ്യങ്ങളും അതിനേക്കാള്‍ വഷളായ അന്തര്‍ദേശീയ സാമ്പത്തിക സാഹചര്യങ്ങളുമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ രാജ്യത്തുനിന്നുയരുന്ന ഭീകരവാദത്തെ അമര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ തൃപ്തികരമല്ലെന്നും പക്ഷേ ഇന്ത്യ ആ രാജ്യത്തെ അതിനായി പ്രേരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഷ്കറെ തൊയ്ബ, ജയ്ഷ് ഇ മൊഹമ്മദ് മുതലായവ ഐഎസ്‌ഐയുടെ പരിണതഫലങ്ങളാണ്. പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെക്കുറിച്ച് എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞാല്‍ നന്നാകുമായിരുന്നുവെന്ന് മന്‍മോഹന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ചൈനയുമായുള്ള ബന്ധത്തെ വൈകാരിക വാര്‍ത്തകള്‍ക്ക് വിഷയമാക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇപ്പോഴത്തെ പ്രധാനമന്ത്രി വെന്‍ ജിയാബോയുമായും പ്രസിഡന്റ് ഹുജിന്റോയുമായും താനിടപെട്ടുവെന്നും അവര്‍ സ്വാതന്ത്ര്യകാംക്ഷികളാണെന്നാണ് താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, അരുണാചല്‍ പ്രദേശിന്റെ വിഷയത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: