തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ തിരുവനന്തപുരത്ത് എസ്.എഫ്.ഐയും എ.ഐ.വൈ.എഫും നടത്തിയ മാര്‍ച്ചിന് നേരെ പോലീസിന്റെ ലാത്തിചാര്‍ജ്ജും ഗ്രനേഡ് പ്രയോഗവും. വിദ്യാര്‍ത്ഥികളെ നേരിടാന്‍ പോലീസ് യൂണിവേഴ്സിറ്റി കോളേജില്‍ കയറി.
എസ്.എഫ്.ഐ സെക്രട്ടറിയേറ്റിലേക്കും എ.ഐ.എസ്.എഫ് നിയമസഭയിലേക്കുമാണ് മാര്‍ച്ച് നടത്തിയത്. പോലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ മാവേലിക്കര എം.എല്‍.എ രാജേഷിനും പരുക്കേറ്റു. പോലീസ് യൂണിവേഴ്സിറ്റി കോളേജിനുള്ളിലേക്ക് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഉച്ചയ്‌ക്ക് രണ്ടുമണിക്കൂര്‍ നേരം തെരുവു യുദ്ധത്തിന്റെ പ്രതീതിയായിരുന്നു സെക്രട്ടേറിയറ്റും പരിസരവും. സംഘര്‍ഷത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ വലിയ പ്രകോപനം കൂടാതെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. കണ്ണില്‍കണ്ട പ്രവര്‍ത്തകരെയെല്ലാം പോലീസ് തല്ലിച്ചതച്ചു. പരിക്കേറ്റ പ്രവര്‍ത്തകരെയും വളഞ്ഞിട്ട് തല്ലി.
ഏതാണ്ട് ഒരേസമയത്താണ് എസ്.എഫ്.ഐക്കാര്‍ സെക്രട്ടേറിയറ്റ് നടയിലേക്കും എ.ഐ.വൈ.എഫുകാര്‍ നിയമസഭയിലേക്കും മാര്‍ച്ച് നടത്തിയത്. സെക്രട്ടേറിയറ്റ് നടയില്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ലാത്തിവീശി. ചിതറിയോടിയ പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലേറു നടത്തി. ഇതിനിടെ ലാത്തിയടിയില്‍ ചില പ്രവര്‍ത്തകരുടെ തലപൊട്ടി. ആയുര്‍വേദ കോളേജ് ഭാഗത്തേക്കും ജനറല്‍ ആശുപത്രി റോഡിലേക്കും ഓടിയ പ്രവര്‍ത്തകരെ പോലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു.
ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഓടിക്കയറിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് നിരവധി തവണ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. കോളേജില്‍ നിന്ന് പോലീസിനു നേരെ കല്ലേറുമുണ്ടായി. ഏറെനേരം കോളേജിനു മുന്നില്‍ വിദ്യാര്‍ത്ഥികളും പോലീസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗം നടത്തിയശേഷമാണ് പോലീസ് ലാത്തിചാര്‍ജ് തുടങ്ങിയത്. നിലത്തു വീണുകിടന്ന പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു. നേതാക്കള്‍ക്കടക്കം പരിക്കേറ്റു.
വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്നതറിഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കോടിയേരി ബാലകൃഷ്ണന്‍ അടക്കം നേതാക്കള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്. ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റ ശരണ്യ എന്ന വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇരുപത് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മോഡല്‍ സ്കൂളില്‍ പഠിക്കുന്ന മൂന്നു കുട്ടികളുമുണ്ട്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: