തിരുവനന്തപുരം : സുപ്രീംകോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആറ് അറകളില്‍ ഒന്ന് ഇന്നലെ തുറന്നു. ഒരറയില്‍ നിന്നുതന്നെ 500 കോടിയോളം രൂപയുടെ സ്വര്‍ണ്ണ ഉരുപ്പടികളാണ് കണ്ടെത്തിയത്. ആറ് നിലവറകള്‍ തുറക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതില്‍ നാലെണ്ണം ഇന്നലെ തുറന്ന് പരിശോധിക്കാനായിരുന്നു ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനിച്ചത്. എന്നാല്‍ ഒരെണ്ണം തുറന്ന് പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍തന്നെ രാത്രി എട്ട് മണിയായി. തുടര്‍ന്ന് മറ്റ് അറകളിലെ പരിശോധന നാളെ മുതല്‍ തുടര്‍ച്ചയായി നടത്തും.
മൂന്നാമത്തെ അറയാണ് ഇന്നലെ തുറന്നത്. അറ തുറന്ന് വിളക്കുമായി അകത്തുകടന്നവര്‍ക്ക് സ്വര്‍ണ്ണങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഉത്സവത്തിന് കലശംകെട്ടേണ്ട കഴുത്തുള്ള സ്വര്‍ണ്ണക്കുടങ്ങള്‍ 400 എണ്ണം. കഴുത്തില്ലാത്തവ 50 എണ്ണവും. ഒരു മൊന്തയേക്കാള്‍ വലിപ്പമുള്ള കുടുങ്ങള്‍ക്കോരോന്നിനും ഒന്നരക്കിലോയോളം തൂക്കംവരും. സ്വര്‍ണ്ണക്കുടകള്‍ രണ്ടെണ്ണം. സ്വര്‍ണ്ണ ദണ്ഡുകള്‍ വേറെ. വെള്ളിപ്പാത്രങ്ങള്‍ നിരവധി. 450- 500 കോടി വിലമതിക്കും ഇവയ്‌ക്കെന്നാണ് അനൗദ്യോഗിക കണക്ക്.
ഇന്നലെ രാവിലെ 10 മണിക്ക് സുപ്രീംകോടതി നിര്‍ദ്ദേശിച്ച ജഡ്ജിമാരായ എം.എന്‍.കൃഷ്ണന്‍, സി.എസ്.രാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയകുമാര്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ഹരികുമാര്‍, സുപ്രീംകോടതിയില്‍ കേസ് നല്‍കിയ ടി.പി.സുന്ദരരാജന്‍, ആര്‍ക്കിയോളജി ഡയറക്ടര്‍ റജികുമാര്‍, മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ പ്രതിനിധി എന്നിവരടങ്ങുന്ന പരിശോധനാസംഘം പ്രത്യേക യോഗം ചേര്‍ന്നു. പത്തേകാലോടെ പരിശോധനയ്‌ക്കായി ഇവര്‍ ഏഴുപേരും ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. ഭക്തജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു. നൂറ്റാണ്ടുകളായി തുറക്കാത്ത ആദ്യത്തെ നാല് കല്ലറകള്‍ വെള്ളിയാഴ്ച തുറക്കുമെന്നും ബാക്കിയുള്ളവ ഇന്നലെ തുറക്കുമെന്നും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുംമുമ്പ് ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ആദ്യ രണ്ട് അറകള്‍ തുറന്നുപരിശോധിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കരുതിയാണിത്.
എന്നാല്‍ ഇന്നലെ അനന്തശയനത്തിന്റെ വടക്കുപടിഞ്ഞാറുള്ള മൂന്നാമത്തെ അറ പരിശോധന മാത്രമാണ് പൂര്‍ത്തിയായത്. ഉച്ചയ്‌ക്ക് ക്ഷേത്രത്തിനുള്ളില്‍ തന്നെ പ്രസാദം കഴിച്ചതൊഴിച്ചാല്‍ പരിശോധനാസംഘം പൂര്‍ണ്ണമായും അറയുടെ സമീപത്തുതന്നെ ഉണ്ടായിരുന്നു.
ശേഷിക്കുന്ന അറകളുടെ പരിശോധന ഇന്നുമുതല്‍ തുടര്‍ച്ചയായി നടത്തുമെന്ന് സംഘം അറിയിച്ചു. ക്ഷേത്ര ആരാധനയ്‌ക്കോ ദര്‍ശനത്തിനോ തടസ്സം വരാതെയാണ് പരിശോധന നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: