കൊച്ചി: നിരോധിത ഭീകരസംഘടനയായ ‘സിമി’യുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് സൈനുലബ്ദീന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. സിമിയുടെ മധ്യ-പൂര്‍വ മേഖലാ കമാന്‍ഡറായിരുന്ന ഇയാളെ മധ്യപ്രദേശ് സര്‍ക്കാര്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏറെനാളായി ഇയാള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെ ദുബായിയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ മധ്യപ്രദേശ് പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് അറസ്റ്റ്ചെയ്തത്.
ദുബായിയില്‍നിന്നും ഇയാള്‍ നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് മധ്യപ്രദേശ് പോലീസിന് വിവരം ലഭിച്ചിരുന്നു. കേരള പോലീസ് ഇയാള്‍ക്കെതിരെ കേസുകളൊന്നും എടുത്തിട്ടില്ലെന്നും എന്നാല്‍ കേരളത്തിലെ തീവ്രവാദികളുമായി തനിക്ക് ബന്ധമുണ്ടെന്ന് സൈനുലബ്ദീന് പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചതായറിയുന്നു. മധ്യപ്രദേശില്‍ ഒട്ടേറെ തീവ്രവാദക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
കൊച്ചിയില്‍നിന്ന് ഹൈദരാബാദിന് കടക്കാനായിരുന്നു ഇയാളുടെ പരിപാടി. ‘സിമി’യുടെ മുന്‍ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ആലുവ സ്വദേശി ബഷീറും സൈനുലബ്ദീനും ദുബായ് കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെത്തിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്നറിയുന്നു.
മുംബൈയിലെ ഭാര്യാവീട്ടില്‍ താമസിച്ചായിരുന്നുഇയാള് തീവ്രവാദപ്രവര്‍ത്തനം നടത്തിയിരുന്നത്. 1998 ലാണ് ഇയാള്‍ രാജ്യംവിട്ട് ദുബായിയിലെത്തിയത്. ദുബായിയില്‍ ഇയാള്‍ വഞ്ചനാക്കുറ്റത്തിന് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇയാളോടൊപ്പം നെടുമ്പാശ്ശേരിയിലെത്തിയ യുവതി ട്രെയിന്‍മാര്‍ഗം മുംബൈക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചക്ക് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സൈനുലബ്ദീനെ തിങ്കളാഴ്ചക്കുള്ളില്‍ മധ്യപ്രദേശ് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റ് പി.എസ്. ജോസഫ് ഉത്തരവായി. 2 മണിയോടെ ഇയാളെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയി.
-സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: