ന്യൂദല്‍ഹി: രാജ്യത്തെ സാധാരണ ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ബിജെപിയും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും പ്രക്ഷോഭത്തിലേക്ക്. പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനവില കുത്തനെ കൂട്ടിയ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേരളത്തില്‍ ബുധനാഴ്ച ബസ്സുകള്‍ പണിമുടക്കും.
പെട്രോളിയം കമ്പനികളുടെ നഷ്ടക്കണക്കുകള്‍ നിരത്തി അടിക്കടി ഇന്ധനവില കുത്തനെ കൂട്ടുന്നതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ ബിജെപി തീരുമാനിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നലെ ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. നേതാക്കള്‍ അറസ്റ്റ് വരിച്ചു. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിക്കാന്‍ സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ ഇടതുപാര്‍ട്ടികളുടെ കേന്ദ്രനേതൃത്വങ്ങളും ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി നേതാക്കള്‍ വ്യക്തമാക്കി.
ഏറ്റവുമൊടുവില്‍ ഡീസല്‍ ലിറ്ററിന് മൂന്ന് രൂപയും പാചകവാതകത്തിന് 50 രൂപയും മണ്ണെണ്ണക്ക് രണ്ട് രൂപയുമാണ് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ കൂട്ടിയത്. ഡീസലിന് പിന്നാലെ പെട്രോളിന്റെ വിലയും വീണ്ടും കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം അംഗീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍. ക്രൂഡോയിലിന്റെ അന്താരാഷ്ട്ര നിരക്കുകളുടെ പേരില്‍ കഴിഞ്ഞ ഏതാനും മാസത്തിനിടെ അഞ്ചുതവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍വില കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് ഏറ്റവുമൊടുവില്‍ പെട്രോള്‍വില കൂട്ടിയത്. വീണ്ടും അഞ്ചുരൂപ കൂടി കൂട്ടണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം.
സാധാരണക്കാരന്റെ ആവലാതികള്‍ക്ക് ചെവികൊടുക്കാതെ അവശ്യവസ്തുക്കളുടെ വില നിര്‍ദ്ദാക്ഷിണ്യം കുത്തനെ കൂട്ടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവും ദല്‍ഹി നിയമസഭാ പ്രതിപക്ഷനേതാവുമായ വി.കെ. മല്‍ഹോത്ര കുറ്റപ്പെടുത്തി. ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധന ന്യായീകരിക്കാനാവില്ലെന്ന് ജന്തര്‍മന്ദിറില്‍ ഇന്നലെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഡീസല്‍ വില കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ രാജ്യവ്യാപകമായി ചരക്ക്കൂലിയില് 8-9 ശതമാനം വര്‍ധന വരുത്തുമെന്ന് നോര്‍ത്ത് ഇന്ത്യാ മോട്ടോര്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് അറിയിച്ചു. പച്ചക്കറികളും വ്യാവസായിക ഉല്പ്പന്നങ്ങളുമടക്കമുള്ളവയുടെ ചരക്ക് നീക്കത്തില്‍ കൂലിവര്‍ധന പ്രകടമാവുമെന്ന് എന്ഐഎംആര്ടിഎ പ്രസിഡന്റും അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ ചരണ്‍സിംഗ് ലൊഹാര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഉടന്‍ പ്രാബല്യത്തോടെ ചരക്കുകൂലി കൂട്ടാനാണ് തീരുമാനം.
പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതെല്ലാം പുതുക്കിയ നിരക്ക് അടിസ്ഥാനമാക്കിയാവും. ലുധിയാനയില്‍നിന്ന് മുംബൈവരെയുള്ള ചരക്കുകൂലിയില്‍ 2000 മുതല്‍ 24,000 രൂപവരെ വര്‍ധനയുണ്ടാകുമെന്ന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 60 ലക്ഷം ട്രക്കുകള്‍ ഓടുന്നുണ്ടെന്നും ലൊഹാര പറഞ്ഞു.
സ്വകാര്യബസ് പണിമുടക്ക് 29ന്
കോഴിക്കോട്: ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് 29ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്താന്‍ കോഴിക്കോട്ട് ചേര്‍ന്ന ബസ് ഓപ്പറേറ്റേഴ്സ് സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ ബസ് വ്യവസായം ഡീസലിന്റെ അനിയന്ത്രിത വിലവര്ധനവുകാരണം പിടിച്ചു നില്ക്കാന് കഴിയാത്ത സാഹചര്യത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സൂചനാപണിമുടക്ക് നടത്താന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.വില വര്‍ദ്ധനവ് പിന്‍വലിച്ചിട്ടില്ലെങ്കില്‍ മറ്റുസംഘടനകളുമായി കൂടിയാലോചിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ബസ് ഉടമകള്‍ അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് എ.ടി.അബ്ദുല്ല, ലോറന്‍സ് ബാബു, കെ.സി.ലക്ഷ്മണന്, ടി.ഹംസ, ഇ.അശോകന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: