മട്ടന്നൂര്‍: പഴശ്ശി അണക്കെട്ടിനോടനുബന്ധിച്ച് 40 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിക്കാത്ത അധികൃതരുടെ അനാസ്ഥ തുടരുന്നു. കഴിഞ്ഞവര്‍ഷം മുന്‍മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും എന്‍.കെ.പ്രേമചന്ദ്രനും ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരമായത്. പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടിആര്കെഎല്ലിനെ ചുമതലപ്പെടുത്തിയെങ്കിലും 7 മാസങ്ങള്‍ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല.
ഭാരതത്തിന്റെയും കേരളത്തിന്റെയും സാംസ്കാരിക തനിമകളും പഴശ്ശി രാജാവിന്റെ ചരിത്ര സ്മരണകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബൃഹദ് പദ്ധതിയാണ് എങ്ങുമെത്താതെ പാതിവഴിയിലായത്. മൂന്ന് ഘട്ടങ്ങളിലായി അണക്കെട്ടിന്റെ ഇരുകരകളിലും എടക്കാനം റോഡിലെ അകംതുരുത്തി ദ്വീപിലുമായി 39.12 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കാനാലോചിച്ചിരുന്നത്. ഇതില്‍ സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് മുന്‍ എംഎല്‍എ പറഞ്ഞെങ്കിലും അതും നടപ്പിലായില്ല. 3.59, 15.53, 10 ഏക്കര്‍ വീതമുള്ള പ്ലോട്ടുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതില്‍ 13.59 ഏക്കറില്‍ ഭാരതത്തിന്റെ സാംസ്കാരികവും കലാപരവും കാര്‍ഷികവുമായ നേര്ദൃശ്യാവതരണം, വീരകേരള വര്‍മ്മ പഴശ്ശി രാജയുടെ സ്മരണാര്‍ത്ഥം അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിയം എന്നിവയും ഭാരതത്തിലെ ഭവന മാതൃകകള്‍, ആട്, പശു, കോഴി, മത്സ്യ ഫാ മുകള്‍ എന്നിവ ഒരു ഭാഗത്തും പട്ട്, ഖാദി, സ്വര്‍ണം തുടങ്ങിയവയുടെ ഉല്‍പ്പാദന യൂണിറ്റുകളും വില്പന സ്റ്റാളുകളും സ്ഥാപിക്കും. അണക്കെട്ടിന്റെ മറുഭാഗത്ത് 15.53 ഏക്കറില്‍ ആഭ്യന്തര സഞ്ചാരികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ബോട്ട് യാത്ര, ഹോട്ടലുകള്‍, താമസസൗകര്യം, ആയുര്‍വേദ ചികിത്സ കേന്ദ്രങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും.
മട്ടന്നൂരില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമ്പോള്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനും വിദേശനാണ്യം നേടാനും പദ്ധതി ഉപകരിക്കുമെങ്കിലും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിക്കാത്തത് പദ്ധതിക്ക് വെല്ലുവിളിയായിട്ടുണ്ട്. മാത്രമല്ല പേരാവൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍ നിയോജകമണ്ഡലങ്ങളുടെ പ്രാദേശിക വികസനം ത്വരിതഗതിയിലാക്കാന്‍ ഏറെ ഉപകരിക്കുന്ന പദ്ധതിയുമാവുമിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: