കേരളത്തിലേക്കുള്ള നമ്പൂതിരിമാരുടെ കുടിയേറ്റം എവിടെ നിന്നായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ തെളിവുകള്‍ ഒന്നും ലഭ്യമല്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തമായി ഒരു ഉത്തരവും പറയുവാന്‍ ചരിത്രകാരന്മാര്ക്ക് സാധിച്ചിട്ടില്ല. എന്തായാലും കേരള പ്രാചീന ചരിത്രത്തിന്റെ പല ഏടുകളേയും പോലെ ഊഹാപോഹങ്ങള്‍ തന്നെയാണ് ഇവിടേയും ആശ്രയം. പലരും കേട്ടു കേള്‍വികളുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തുക തന്നെ ചെയ്യുന്നു.
കേരളത്തിലെ നമ്പൂതിരിമാര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ വ്യതയസ്ഥമായ വാദഗതികള്‍ ഉണ്ട്. അക്കൂട്ടത്തില്‍ പ്രബലമായ ഒരു വാദം ആന്ധ്രയില്‍ കൃഷ്ണാ നദിക്കരയില്‍ നിന്ന് വന്നു എന്നുള്ളതാണ്. അതിനു ഉദാഹരണമായി ചില കുടുംബങ്ങളുടെ തറവാട്ട് പേരുകളിലെ തെലുങ്ക് സാദൃശ്യവും, സ്ഥലനാമ സാദൃശ്യവും എല്ലാം അവര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. എന്നാല്‍ ഇക്കാര്യം ഒരു പൊതു മാനദണ്ഡത്തില്‍ പരിശോധിക്കുമ്പോള്‍ പൊരുത്തപ്പെടുന്നില്ല. ഇതേ പ്രകാരം കര്‍ണ്ണാടകത്തിലെ കുടക് ദേശം വഴി വന്നു എന്നും, തഞ്ചാവൂര്‍ വഴി പാലക്കാടന്‍ ചുരമിറങ്ങി വന്നു എന്നും എല്ലാം വാദങ്ങള്‍ ഉണ്ട്. മറ്റൊരു വാദം കടല്‍ മാര്‍ഗ്ഗം തോണിയില്‍ വന്നു എന്നാണ്. എന്നാല്‍ ഇതൊക്കെ കേവലം ഊഹപോഹങ്ങള്‍ക്കപ്പുറം വ്യക്തമായ തെളിവുകളില്‍ അതിഷ്ഠിതമല്ല. പിന്നെ ചിലരെങ്കിലും ഉയര്‍ത്തിക്കാട്ടുന്നത് കേവലം കേരളോല്‍പ്പത്തിയിലെ പരാമര്‍ശങ്ങള്‍ അടിസ്ഥാനപ്പെടുത്തിയും ആണ്. കേരളോല്‍പ്പത്തി കൃതിക്ക് ഒരു ചരിത്ര ഗ്രന്ഥം എന്ന നിലയ്ക്ക് ഒരു സാധുതയും ഇല്ല എങ്കിലും ഒരു കാര്യത്തില്‍ ഈ ഗ്രന്ഥം നമുക്ക് മുന്നില്‍ ഒരു വഴി തുറക്കുന്നുണ്ട്.
പരശുരാമന് കാട്ടിയ വഴി
പരശുരാമനെ ഒരിക്കല്‍ക്കൂടി ആശ്രയിക്കുക തന്നെ വേണ്ടി വരുന്നു അപ്പോള്‍. മുന്‍ അദ്ധ്യായങ്ങളില്‍ പരാമര്‍ശിച്ച പരശുരാമ കേന്ദ്രീകൃതമായ ഒരു സഞ്ചാരപഥം ആണ് ഇവിടെ ഇതിന്റെ ഉത്തരം കിട്ടാന്‍ നമുക്ക് കൂടുതല്‍ എളുപ്പമുള്ള ഒരു പാത. ഗുജറാത്തിലെ സൗരാഷ്ട്രത്തില് നിന്ന് തുടങ്ങി ഇന്ത്യാ ഉപഭൂഘണ്ഡത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് കൂടി തെക്കേ മുനമ്പ് വരെ നീളുന്ന ഇടങ്ങളിലെ ബ്രാഹ്മണര്‍ മുഴുവന്‍ തങ്ങളെ കൊണ്ട് വന്നതും,ഭൂമി ദാനം ചെയ്തതും പരശുരാമന് ആണെന്ന് വിശ്വസിക്കുന്നു. അത്തരം ഐതിഹ്യങ്ങള്‍ അവിടങ്ങളില്‍ എല്ലാം വളരെ ആഴത്തില്‍ വേരൂന്നിയ കഥകള്‍ ആണ്. ഈ മേഖലയില്‍ പലയിടത്തും പരശുരാമനെ ആരാധിക്കുന്നതോ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നതോ ആയ ക്ഷേത്രങ്ങള്‍ കാണുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് കേരളത്തിലേക്കുള്ള ബ്രാഹ്മണ കുടിയേറ്റത്തിന്റെ പാത ഇത് തന്നെയാണ് എന്നാണ്.
അതിലൊക്കെയധികമായി ഈ ഒരു സാധ്യതയ്ക്ക് ബലം പകരുന്ന മറ്റൊരു പാരിസ്ഥിതിക സാധ്യത കൂടിയുണ്ട്. ഈ കുടിയേറ്റത്തിന്റെ പാത മറ്റേതൊരു വഴിക്ക് ആണെങ്കിലും അവര്‍ക്ക് തരണം ചെയ്യെണ്ടത് സഹ്യപര്‍വ്വതമെന്നൊരു അതി ദുര്‍ഘടമായ ഒരു പര്‍വ്വത നിരയേയും ഒപ്പം തിങ്ങി നിറഞ്ഞ ഖോര വന മേഖലയും ആണ്. സ്ത്രീകളും, കുട്ടികളും അടങ്ങുന്ന വലിയൊരു സംഘത്തിന്റെ കുടിയേറ്റത്തിനു ഇത്ര ദുര്‍ഘടമായ ക്കോറ്റുങ്കാട്ട് പാതയേക്കാള്‍ അവര്‍ തിരഞ്ഞെടുക്കുക താരതമ്മ്യേന അപകട സാധ്യത കുറഞ്ഞ തുറന്ന പ്രദേശങ്ങള്‍ ആണ്. അതായത് ഗുജറാത്ത് തൊട്ട് തെക്കേയറ്റം വരെ നീണ്ട് നിവര്‍ന്ന് കിടക്കുന്ന വിശാലമായ കടല്‍ തീരത്ത് കൂടിയുള്ള കാല്‍നടയായുള്ള നീക്കംഅവര്‍ക്ക് കാഠിന്യം ഏതുമില്ലാത്ത ഒരു യാത്രയായിരിക്കും. ഈ സാധ്യതകള്‍ എല്ലാം പരിഗണിച്ചാല്‍, കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന്റെ തായ് വേര് ചെന്ന് നില്‍ക്കുന്നത് ഗുജറാത്തിലെ സൗരാഷ്ടത്തിലേക്കാണു.
സാങ്കേതികമായി ഒരു വസ്തുത കൂടി പടിഞ്ഞാറന്‍ തീരത്ത് കൂടിയുള്ള കുടിയേറ്റത്തിന്റെ സാധ്യതയെ ബലപ്പെടുത്തുന്നുണ്ട്. ഭൂപടം അടിസ്ഥാനമാക്കി കേരളത്തിലെ 32 പുരാതന ബ്രാഹ്മണ സങ്കേതങ്ങളേയും പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഈ പറയുന്ന 32 ഗ്രാമങ്ങളും അടയാളപ്പെടുത്തിയ കേരളത്തിന്റെ ഒരു ഭൂപടത്തെ തെക്ക് വടക്ക് നീളത്തില്‍ രണ്ടായി മടക്കി നോക്കിയാല്‍ പെരുംചെല്ലൂര്, കരിക്കാട്, ആറന്മ്മുള എന്നീ ഗ്രാമങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം കടല്‍തീര പാതയില്‍ ആണ് എന്ന് കാണുവാന്‍ സാധിക്കും. ഇനി ഇതേ ഭൂപടത്തെ, തീരദേശം, ഇടനാട്, മലനാട് എന്നിങ്ങിനെ തെക്ക് വടക്ക് നീളത്തില്‍ മൂന്ന് ആയി തിരിച്ച് പരിശോധിച്ച് നോക്കിയാല്‍ കരിക്കാട് ഒഴിച്ച് ബാക്കിയെല്ലം തീരദേശത്തോ ഇടനാട്ടില്ലോ ആണ് എന്ന് കാണാം. അതായത് കേരളത്തിലേക്ക് നമ്പൂതിരി കുടിയേറ്റം നടന്നത് പടിഞ്ഞാറന്‍ തീരത്ത് കൂടി തന്നെയാകാമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു സാങ്കേതിക സാധ്യതയാണു ഇത്. നേരെ മറിച്ച് കിഴക്ക് സഹ്യപര്‍വ്വതം കടന്നാണു കുടിയേറ്റമെങ്കില്‍ ഈ സങ്കേതങ്ങള്‍ കൂടുതലും മലനാടുകളില്‍ ആയിരുന്നേനേ. മറ്റൊരു സാധ്യത പാലക്കാടന്‍ ചുരം കടന്ന് വരികയെന്നതാണു. പക്ഷെ പാലക്കാട് മേഖലകളിലൊന്നും പൂര്‍വ്വിക ബ്രാഹ്മണ സങ്കേതങ്ങള്‍ ഇല്ല എന്നതും ഈ സാധ്യത കുറയ്ക്കുന്നു. ഇന്ന് പാലക്കാട് ജില്ലയുടെ ഭാഗമായ ഇടങ്ങളില്‍ ആണ് പന്നിയൂര്‍ ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ ഉള്ളത് എങ്കിലും അതും നേരത്തെ പറഞ്ഞ തീരദേശ പകുതിയില്‍ മാത്രമുള്ള ഗ്രാമമാണു.
പടിഞ്ഞാരന്‍ തീരത്ത് കൂടിയാകാം നമ്പൂതിരി കുടിയേറ്റം നടന്നിട്ടുണ്ടാവുക വാദഗതിയെ ഒട്ടുമിക്ക ചരിത്രകാരന്മാരും പിന്തുണയ്ക്കുന്നുമുണ്ട്. കേരളത്തിലേക്കുള്ള വൈദീക സംസ്കാരത്തിന്റെ ആഗമനം പൂര്‍വ്വ ദേശം വഴിക്ക് ആകുവാനുള്ള സാധ്യത വളരെ കുറവാണെന്നും, പറിഞ്ഞാറന്‍ തീരത്തെ സ്വസ്ഥവും തുറന്നതുമായ മണല്‍പ്പരപ്പ് അവരുടെ സഞ്ചാരത്തെ സുഗമമാക്കിയിരിക്കാം എന്നും അവര്‍ സിദ്ധാന്തിക്കുന്നു.
കുടിയേറ്റത്തിന്റെ കാലം, അനുമാനം
ആധുനീക ചരിത്രകാരന്മാര് കേരളത്തിലെ 32 നമ്പൂതിരി ഗ്രാമങ്ങളില്‍ നിന്നും, ഗ്രാമ ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന രേഖപ്പെടുത്തപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏതാണ്ട് ഏഴാം നൂറ്റാണ്ടിനടുപ്പിച്ചാണു സംഘടിതമായ ബ്രാഹ്മണ കുടിയേറ്റം ഇവിടെ നടന്നത് എന്നാണ് പറയുന്നത്. എന്നാല്‍ ഇതിനായി ഇവര്‍ നിരത്തുന്നത് ഗ്രാമക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതും മറ്റും ചൂണ്ടിക്കാട്ടി പല ക്ഷേത്രങ്ങളിലും ഉള്ള ശിലാലിഖിതങ്ങളെ അടിസ്ഥാനമാക്കിയാണു. ഇന്ന് കാണുന്ന വിധം വാസ്തുവിദ്യയുടെ അതി സമ്പന്നമായ മാതൃകകളായ ക്ഷേത്രങ്ങള്‍ ഈ വിധത്തില്‍ കെട്ടിയുയര്ത്തും മുന്‍പ് അവിടെ മറ്റേതെങ്കിലും വിധത്തില്‍ ആരാധന നടത്തിയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടികള്‍ ഇല്ല. മാത്രവുമല്ല അതി വിപുലമായ ക്ഷേത്ര സംങ്കേതങ്ങള്‍ കെട്ടിയുയര്‍ത്തുന്നതിനു എത്ര ദീര്‍ഘമായ തയ്യാറേടുപ്പ് കാലം അവര്‍ക്ക് വേണ്ടിവന്നിരിക്കാം.
എന്നാല്‍ കൃസ്തുവിനും രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കേരളത്തില്‍ വൈദീക സംസ്കാരത്തിന്റെ സാനിദ്ധ്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകള്‍ പില്ക്കാലത്ത് പുറത്ത് വന്നിട്ടുണ്ട്. തമിഴ് സംഘസാഹിത്യങ്ങളുടെ കാലമായ സംഘകാലം എന്ന് കൂടി അറിയപ്പെടുന്ന ഈ കാലത്ത് കേരളത്തില്‍ വൈദീക ബ്രാഹ്മണര്‍ എത്തിയിരുന്നു എന്നും യാഗകര്‍മ്മങ്ങള്‍ നടന്നിരുന്നു എന്നതിനും തെളിവുകള്‍ സംഘ സാഹിത്യങ്ങളില്‍ നിന്ന് തന്നെ ലഭിക്കുന്നുണ്ട്. AD-5ാം നൂറ്റാണ്ടിനു മുമ്പ് കേരളത്തിലെ ബ്രാഹ്മണ കുടിയേറ്റം അതിന്റ് പൂര്‍ണ്ണതയില്‍ എത്തിയിരിക്കാം എന്ന് ടി.എച്.പി ചെന്താരേേശരി അഭിപ്രായം. BC 10ാം നൂറ്റാണ്ടിനു ശേഷം തുടങ്ങിയ കുടിയേറ്റങ്ങള്‍ BC 4ാം നൂറ്റാണ്ടോടെ സംഘടിതം ആയിരിക്കാം എന്നും എ. ശ്രീധര മേനോന് അഭിപ്രായപ്പെടുന്നു. BC-12ാം നൂറ്റാണ്ടോടെ ഗോകര്‍ണ്ണത്തിനു തെക്കോട്ട് ബ്രാഹ്മണ കുടിയേറ്റം ആരംഭിച്ചിരിക്കാനാണു സാധ്യതയെന്നും BC-5ാം നൂറ്റാണ്ടോടെ ഇന്നത്തെ കേരള ദേശത്ത് അവര്‍ എത്തിയിരിക്കാം എന്നും ഉള്ളൂര്‍.എസ്. പരമേശ്വര അയ്യരും അഭിപ്രായപ്പെടുന്നുണ്ട്. കൃസ്തുവിനും ഏറെ മുമ്പ് തന്നെ കേരളത്തിലേക്ക് നമ്പൂതിരി കുടിയേറ്റം തുടങ്ങിയിരിക്കാം എന്ന് കേരള പാണിനി എ.ആര്.രാജരാജവര്‍മ്മയും അഭിപ്രായപ്പെടുന്നുണ്ട്.
എന്തായാലും കൃഷ്തുവര്‍ഷാരംഭത്തോടെ തന്നെ കേരളത്തില്‍ വളരെ പ്രബലമായ തോതില്‍ ബ്രാഹ്മണ സാനിദ്ധ്യം ഉണ്ടായിരുന്നു എന്ന് തന്നെ അനുമാനിക്കാം. വൈദീക മതത്തിന്റെ പ്രധാന അനുഷ്ഠാനങ്ങള്‍ ആയ യാഗങ്ങളും മറ്റും അക്കാലത്ത് തന്നെ ആരഭിച്ചിരുന്നു എന്ന് സംഘ സാഹിത്യ കൃതികളായ അകനാനൂറില് നിന്നും മറ്റും തെളിയുന്നുണ്ട്. കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ സങ്കേതമായി പരിഗണിക്കുന്ന പെരുംചെല്ലൂര് ആണ് യാഗ ഭൂമിയായി അകനാനൂറിലും മറ്റും പരാമര്‍ശിക്കപ്പെടുന്ന ഇടം. പെരുംചെല്ലൂരിനു അക്കാലത്ത് ഉണ്ടായിരുന്ന പ്രശസ്തിയാവണം പില്ക്കാലത്ത് കേരളമൊട്ടുക്ക് ആ മാതൃകയില്‍ ഗ്രാമവ്യവസ്ഥയില്‍ ഊന്നിയ സങ്കേതങ്ങള്‍ ഉറപ്പിക്കാന്‍ നമ്പൂതിരിമാര്‍ക്ക് പ്രേരകമായിട്ടുണ്ടാവുക എന്നാണ് അനുമാനം.
എന്തായാലും കൃസ്തുവിനും മുന്‍പ് തുടങ്ങിയ സംഘടിതമായ കുടിയേറ്റത്തിന്റെ ഫലമായി കൃസ്തുവര്‍ഷാരംഭത്തിലെ നാലഞ്ച് നൂറ്റാണ്ടുകള്‍ക്കകം വളരെ സുസംഘടിതമായ 32 മൂലഗ്രാമങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖകകളിലെ നിര്‍ണ്ണായക ശക്തി കേന്ദ്രങ്ങളായിത്തീര്‍ന്നു. പില്ക്കാലത്ത് ഈ മൂലഗ്രാമങ്ങള്‍ക്ക് ഉപഗ്രാമങ്ങളും, പുതിയ അധിവാസ മേഖലകളും സൃഷ്ടിക്കപ്പെട്ടു. സമസ്ത മേഖലകളിലും പകരം വയ്ക്കാനില്ലാത്ത പ്രബല വര്‍ഗ്ഗമായി ഇവിടത്തെ വൈദിക ബ്രാഹ്മണര്‍ പരിണമിച്ചു.
ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം
കേരളോല്‍പ്പത്തി; മിത്തും യാഥാര്‍ത്ഥ്യവും
കേരളത്തിലെ ബ്രാഹ്മണ കുടിയേറ്റം: നിഷേധിക്കാനാകാത്ത പരശുരാമ സങ്കല്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക: