കൊറോണ കാലത്ത് മറ്റുള്ളവരെപ്പോലെ വീട്ടില്‍ അടച്ചിരിക്കുന്ന യു.കെ. കുമാരന് എന്ന എഴുത്തുകാരന്റെ മനസ്സ് ഏറ്റവും സര്‍ഗാത്മകമാണ്. ഒറ്റപ്പെട്ടു കഴിയുന്നതില്‍ ദുഃഖമുണ്ടെങ്കിലും പുതിയൊരു നോവലിന്റെ പണിപ്പുരയിലാണ് ‘തക്ഷന്‍കുന്ന് സ്വരൂപ’ത്തിന്റെ സൃഷ്ടാവ്.
”നിരന്തരം ആളുകളുമായി ഇടപഴകിക്കൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഒരു വിരാമം ധാരാളം ഉത്കണ്ഠകള്‍ ഉളവാക്കിയെങ്കിലും ഇപ്പോള്‍ അതുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഭാവിക്ക് അനിവാര്യമാണെന്ന തിരിച്ചറിവും, കാലങ്ങളായി പിന്തുടര്ന്നുവരുന്ന നമ്മുടെ ശീലങ്ങളില്‍നിന്നുള്ള വ്യതിയാനവും അനിവാര്യമാണെന്ന് ഇപ്പോള്‍ തോന്നിത്തുടങ്ങിയിരിക്കുന്നു. ഈ പ്രതിസന്ധിയെ അകറ്റുവാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നമ്മള് സ്വീകരിച്ചേ മതിയാവുകയുള്ളൂ.
”ഇതിനിടെ സമയം ധാരാളം നീണ്ടുകിടക്കുകയാണ്. അതിനെ സമര്‍ത്ഥമായി എങ്ങനെ ഉപയോഗിക്കണം എന്ന ചിന്ത എന്നില്‍ അത്രയൊന്നും രൂഢമായി കടന്നുവരുന്നില്ല. ആളുകളെ കാണുന്നില്ല, സംസാരിക്കുന്നില്ല എന്നതൊഴിച്ച് മറ്റൊരു മാറ്റവും എനിക്കനുഭവപ്പെടുന്നില്ല. എന്റെ ശീലങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചത്.
”ഇതിനിടെ പുതിയൊരു നോവല്‍ എഴുതാന്‍ ഞാന്‍ ആരംഭിച്ചിരുന്നു. അതിന്റെ രൂപഘടന ഏതാണ്ട് മനസ്സില്‍ കുറിച്ചുവയ്ക്കുകയും ചെയ്തു. ഈ സമയത്താണ് ഇത്തരമൊരു കാലം നമ്മുടെ മുന്നിലേക്ക് വന്നുവീണത്. അതുകൊണ്ടുതന്നെ ആ നോവല്‍ പൂര്‍ത്തീകരിക്കണമെന്ന ജാഗ്രത എന്നില്‍ ഉണ്ടായി. നേരത്തെ എഴുതിയ ‘തക്ഷന്‍കുന്ന് സ്വരൂപം’പോലെ അല്ലാതെ ഏറ്റവും പുതിയ കാലത്തെ മുന്നില്‍വച്ച് എഴുതാനാണ് ഞാന്‍ തീരുമാനിച്ചത്. അതിന്റെ ജോലി ഏതാണ്ട് തുടങ്ങിക്കഴിഞ്ഞു. ‘കണ്ടു കണ്ടിരിക്കെ’ എന്ന ഈ നോവലില്‍ വൈയക്തികമായ അനുഭവങ്ങളും, അതുപോലെ ചില കാഴ്ച്ചപ്പാടുകളും പുതിയ കാലത്തു നിന്നുകൊണ്ട് അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഈ ഇടവേള ആ നോവലിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ഞാന്‍ മാറ്റിവയ്ക്കുകയാണ്. പിന്നെ വായിക്കാനെടുത്ത ഏഴ് പുസ്തകങ്ങളുണ്ട്. അവ വായിച്ചുതീര്‍ക്കുകയും വേണം.
”ഞാനും ഭാര്യയും മാത്രമേ ഇപ്പോള്‍ വീട്ടിലുള്ളൂ. മകള്‍ ആലപ്പുഴയിലും മകന് ബെംഗളൂരുവിലുമാണ്. ബെംഗളൂരു യാത്ര കഴിഞ്ഞ് ഒരുമാസം പിന്നിടുന്നു. അല്പം വൈകിയിരുന്നെങ്കില്‍ അവിടെത്തന്നെ തങ്ങേണ്ടിവരുമായിരുന്നു. രോഗം പടരുന്നതിന് വളരെ മുന്‍പേ മടങ്ങിയെത്താന്‍ കഴിഞ്ഞത് ആശ്വാസകരമാണ്. സുഹൃത്തുക്കളെ കാണാന്‍ കഴിയുന്നില്ല. അത് നിരാശാജനകമാണെങ്കിലും അവരുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. വിവരങ്ങള്‍ അറിയുന്നു. ഒരിക്കല്‍പ്പോലും വാര്ത്താവിച്ഛേദനം എന്നുള്ള അവസ്ഥ ഉണ്ടാകുന്നില്ല. പുറത്തുള്ള അന്തരീക്ഷം എത്രമാത്രം ദുഃഖകരമാണെങ്കില്പ്പോലും മനസ്സുകള്‍ അടുത്തുകൊണ്ടിരിക്കുകയാണ്.”
ALSO READ:
അവശനെങ്കിലും ഐക്യദീപം തെളിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: