സര്‍വ്വകലാശാലകളുടെ തലപ്പത്ത് സ്വന്തക്കാരെ പ്രതിഷ്ഠിക്കുന്നതിലൂടെ ആരംഭിക്കുന്നു ഉന്നത വിദ്യാഭ്യാസരംഗത്തെ സിപിഎമ്മിന്റെ രാഷ്ട്രീയ വല്‍ക്കരണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പൂര്‍ണ്ണമായും ഇന്ന് മാര്ക്സിസ്റ്റുവല്ക്കരിക്കപ്പെട്ടു കഴിഞ്ഞു. ഇടതുപക്ഷം അധികാരത്തലെത്തുമ്പോഴെല്ലാം ഇത് സമര്‍ത്ഥമായി നടപ്പാക്കുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് മുതല്‍ വൈസ്ചാന്‍സലര്‍ വരെയുള്ളവരെ തസ്തികകളില്‍ നിയമിക്കേണ്ടത് ആരെയന്ന് തീരുമാനിക്കാന്‍ പാര്‍ട്ടിയുടെ ഇടപെടലുകള്‍ ഉണ്ടാകുന്നു. കെ.ടി. ജലീല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിയായതോടെ മാര്‍ക്സിസ്റ്റ് മുസ്ലിം വര്‍ഗ്ഗീയ അജണ്ടയാണ് നടപ്പിലാക്കുന്നത്. ഇതിന്റെ തിക്തഫലങ്ങളാണ് ഇന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അനുഭവിക്കുന്നത്. ഈ അടുത്തകാലത്ത് രൂപീകൃതമായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ വരെ ഈ ഇടപെടലുകള്‍ വളരെ വ്യക്തമാണ്. ശ്രീനാരായണ ദര്‍ശനങ്ങളില്‍ പാണ്ഡിത്യമുള്ള ഒരാളെപ്പോലും വൈസ്ചാന്സലറാക്കാതെ സ്വന്തക്കാരനെ പ്രതിഷ്ഠിച്ചത് ബോധപൂര്‍വ്വമായിരുന്നു. ശ്രീനാരായണ സര്‍വകലാശാലയുടെ ലോഗോ പോലും മഹാഗുരുവിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു. മാര്‍ക്സിറ്റ് അധിനിവേശത്തിന്റെ കാലടി മോഡലാണ് ഇന്ന് മറ്റു സര്‍വകലാശാലകളിലും മാര്‍ക്സിസ്റ്റുപാര്‍ട്ടി പരീക്ഷിക്കുന്നത്. ആ ‘കാലടി’ മോഡല്‍ ഞെട്ടിപ്പിക്കുന്നതും സാംസ്കാരിക പാരമ്പര്യത്തെ തകര്‍ക്കുന്നതുമാണ്.
സംസ്കൃത സര്‍വകലാശാലയില്‍ നടന്ന അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. സിപിഎം നേതാവും മുന്‍ പാര്ലമെന്റ്അംഗവുമായ എം.ബി. രാജേഷിന്റെ ഭാര്യ നിനിതക്ക് അസിസ്റ്റന്റ് പ്രൊഫസറായി വഴിവിട്ട് നിയമനം നല്‍കിയത് മാര്‍ക്സിസ്റ്റുപാര്‍ട്ടി നടത്തിവരുന്ന രാഷ്ട്രീയവല്ക്കരണത്തിന്റെ തുടര്‍ച്ച മാത്രമാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മാര്‍ക്സിസ്റ്റു അജണ്ട അറിയാവുന്നവര്‍ക്ക് ഇതില്‍ വലിയ അത്ഭുതം തോന്നില്ല. ഇടതുസാംസ്കാരിക നായകനായി കൊണ്ടാടുന്ന സുനില്‍ പി. ഇളയിടം മുതല്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിത വരെ നീളുന്ന പട്ടിക പതിറ്റാണ്ടുകളായുള്ള സംസ്കൃത സര്‍വകലാശാലയിലെ മാര്ക്സിസ്റ്റ്വല്ക്കരണത്തിന്റെ ഭാഗംമാത്രമാണ്.
ഭാരതീയ ഭാഷകളുടെയും സംസ്കൃതത്തിന്റെയും വളര്‍ച്ചയ്ക്കും പരിപോഷണത്തിനുമായി ആരംഭിച്ച സര്‍വകലാശാല രണ്ടര പതിറ്റാണ്ടുപിന്നിടുമ്പോള്‍ അതിന്റെ ലക്ഷ്യം തകര്‍ക്കപ്പെടുകയും ആത്മാവ് തന്നെ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യപ്പെട്ട അവസ്ഥയിലാണ്. ഭാരതീയ സംസ്കാരത്തിന്റെ തേജസ്സില്‍ വിശ്വോത്തരമായി ഉയര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിജ്ഞാന കുതുകികള്‍ക്ക് ആശ്രയമാകേണ്ടിയിരുന്ന സംസ്കൃത സര്‍വകലാശാലയാണ് മാര്‍ക്സിസ്റ്റ് അധിനിവേശത്തില്‍ തകര്‍ന്ന് വെറും നാലാംകിട പാരലല്‍ കോളേജിന്റെ നിലവാരത്തിലേയ്ക്ക് താഴ്ത്തപ്പെട്ടിരിക്കുന്നത്. ഭാരതീയ സംസ്കാരത്തിലൂന്നി വളര്‍ന്ന് വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വൈജ്ഞാനിക പ്രഭ ചൊരിയേണ്ട സ്ഥാപനത്തെ എങ്ങനെ തകര്‍ക്കാമെന്നതിന്റെ ‘കാലടി’ മോഡലായിരുന്നു മാര്‍ക്സിസ്റ്റുകള്‍ ഇവിടെ പരീക്ഷിച്ചത്.
പ്രഗത്ഭ പണ്ഡിതന്മാരായ ഡോ. ആര്. വാസുദേവന്‍ പോറ്റി, പ്രൊഫ. കെ. ചന്ദ്രശേഖരന് നായര്‍, ഗോപാലപണിക്കര്, പാണാവള്ളി രാധാകൃഷ്ണന് എന്നിവരായിരുന്നു സര്‍വകലാശാലയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നവര്‍. മലയാള വിഭാഗത്തില്‍ പ്രൊഫ. എം.കെ. സാനു, ഡോ.എം. ലീലാവതി, പ്രൊഫ. എം. അച്യുതന്, പി. മീരക്കുട്ടി എന്നിവരും. എന്നാല്‍ സര്‍വകലാശാലാ രൂപീകരണത്തെ നഖശിഖാന്തം എതിര്‍ത്ത സിപിഎം സഹയാത്രികര്‍ സര്‍വ്വകലാശാലയുടെ തലപ്പത്തെത്തി.
എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനത്തിലൂടെ വിവാദമായ മലയാള വിഭാഗത്തിലെ അധ്യാപക നിയമനം ആദ്യകാലഘട്ടത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു. 1997ല്‍ മലയാളം അസിസ്റ്റന്റ്പ്രൊഫസര്‍ നിയമനത്തിനായ 211 പേരാണ് അപേക്ഷ കൊടുത്തത്. അപേക്ഷിച്ചവരില്‍ പകുതിപേരും അധ്യാപന പരിചയവും പിഎച്ച്ഡി ഉള്ളവരുമായിരുന്നു. അധ്യാപനമികവും പിഎച്ച്ഡിയും ഉയര്‍ന്ന യോഗ്യതകളുണ്ടായിരുന്ന ഡോ. ഉമര്‍ തറമ്മേല്‍, ഡോ. കെ.എം. അനില്‍, ഡോ.പി.കെ. രാജശേഖരന് ഉള്‍പ്പടെയുള്ളവര്‍ ഒഴിവാക്കപ്പെട്ടു. സുനില്‍ പി. ഇളയിടം, സിപിഎം നേതാവായിരുന്ന ടി.കെ. ഹംസയുടെ ബന്ധുവായ ഷംസാദ് ഹുസൈന് ഉള്‍പ്പെടെയുള്ള ഇടതുസഹയാത്രികര്‍ നിയമിക്കപ്പെട്ടു. അന്ന് ഒഴിവാക്കപ്പെട്ട ഡോ. ഉമര്‍ തറമ്മേലാണ് ഇപ്പോള്‍ നടന്ന മലയാള അധ്യാപക ഇന്റര്‍വ്യുവില്‍ ഭാഷാ വിദഗ്ധനായി നിയോഗിക്കപ്പെട്ടത്. ഡോ. എന്‍.പി. ഉണ്ണി, ഡോ. എന്‍.വി.പി. ഉണിത്തിരി, ഡോ. കെ.ജി. പൗലോസ് എന്നിവര്‍ വൈസ് ചാന്‍സലര്‍മാരായി പാര്‍ട്ടി തീരുമാനം നടപ്പിലാക്കി. ഇന്നത് ഇന്നത് ഡോ. ധര്‍മ്മരാജ് അടാട്ടാണെന്ന് മാത്രം.
ശുംഭന് എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ത്ഥമുണ്ടെന്ന് കണ്ടെത്തി സിപിഎം നേതാവിനെ രക്ഷിക്കാനെത്തിയതിലൂടെയാണ് ഡോ. ധര്‍മ്മരാജ് അടാട്ട് വൈസ് ചാന്‍സര്‍ പദവിക്ക് യോഗ്യനായതെന്ന് സംസാരമുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് ഹൈക്കോടതി ജഡ്ജിമാരെ ശുംഭന് എന്ന് വിളിച്ചാക്ഷേപിക്കുകയും പിന്നീട് കോടതിയലക്ഷ്യകേസ് നേരിടുകയും ചെയ്തിരുന്നു. ഈ സമയത്ത് എം.വി. ജയരാജനെ രക്ഷിക്കാനാണ് ശുംഭന് എന്നാല്‍ പ്രകാശം പരത്തുന്നവന്‍ എന്ന വ്യാഖ്യാനവുമായി ധര്‍മ്മരാജ് അടാട്ട് രംഗത്തെത്തിയത്. എന്നാല്‍ ഹൈക്കോടതിയില്‍ നാണംകെടുകയും ജയരാജന് ശിക്ഷിക്കപ്പെടുകയും ചെയ്തെങ്കിലും ധര്‍മ്മരാജ് അടാട്ടിന് അത് വൈസ് ചാന്‍സലര്‍ പദവിയിലേക്കുള്ള വെളിച്ചം പരത്തുന്നതായി മാറി. സര്‍വകലാശാലയില്‍ കാമ്പസ് ഡയറക്ടറായിരിക്കുമ്പോള്‍ യോഗ്യതയുള്ള എബിവിപി പ്രവര്‍ത്തകര്‍ക്ക് കോഴ്സുകളില്‍ പ്രവേശനം നല്‍കാതെ എസ്എഫ്ഐക്കാരെ റിക്രൂട്ട് ചെയ്യുന്നതിലും ഇദ്ദേഹം ആരോപണ വിധേയനായിരുന്നു. ആ പാര്‍ട്ടിക്കൂറാണ് മുഴുവന്‍ നിയമനത്തിലും പ്രതിഫലിച്ചത്. 55 അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിലേയ്ക്കുള്ള ലിസ്റ്റ് ഇന്റര്‍വ്യൂവിന് മുമ്പ് തന്നെ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ടിന്റെ നിര്‍ദ്ദേശപ്രകാരം ഇടതുസംഘടനാ നേതാവായ അധ്യാപകന് തയ്യാറാക്കിയിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതുശരിവെയ്ക്കുന്ന തരത്തില്‍ തന്നെയാണ് ഇപ്പോഴത്തെ വിവാദങ്ങളും. സാധാരണ നിയമനങ്ങള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ച് അഡ്വൈസ് ചെയ്ത് രേഖാമൂലം നിയമന ഉത്തരവ് നല്‍കുകയാണ് പതിവ്. ഇവിടെയാകട്ടെ ഫോണില്‍ വിളിച്ച് ചുമതലയേല്‍ക്കാനാവശ്യപ്പെടുകയും പിറ്റേ ദിവസം തന്നെ എല്ലാവരും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതെല്ലാം കൊവിഡിന്റെ പേരില്‍ സര്‍വകലാശാല അടിച്ചിട്ടിരിക്കുമ്പോഴായിരുന്നു എന്നതാണ് വിചിത്രം. അതുപോലെ നിയമനം കഴിഞ്ഞെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ ഇപ്പോഴും രഹസ്യമാക്കിവെച്ചിരിക്കുന്നു.
സംസ്കൃത സര്‍വകാലശാലക്ക് നാക് അക്രഡിറ്റേഷന് നഷ്ടമായിട്ട് 15 മാസമായി. 2019 നവംബര്‍ 30 വരെയായിരുന്നു നാക് അക്രഡിറ്റേഷന്റെ കാലാവധി. നാക് അക്രഡിറ്റേഷന് നഷ്ടമായ സംഭവം വിവാദമായപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതുക്കിയാല്‍ മതിയെന്നായിരുന്നു അന്ന് പറഞ്ഞ ന്യായീകരണം. എന്നാല്‍ ഇതുവരെ നാക് അക്രഡിറ്റേഷന് പുതുക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ തകൃതിയായി നടക്കുന്നുമുണ്ട്.
ശ്രീശങ്കരാചാര്യരുടെ പേരില്‍ അദ്ദേഹത്തിന്റെ ജന്മഭൂമിയിലുള്ള സര്‍വകലാശാലയാണെങ്കിലും മാര്‍ക്സിസ്റ്റുകള്‍ക്ക് എന്നും ശ്രീശങ്കരനോട് കടുത്ത എതിര്‍പ്പായിരുന്നു. ആദ്യ വൈസ്ചാന്‍സലര്‍ ആര്.രാമചന്ദ്രന് നായരുടെ കാലത്ത്, ലോകത്തെ ഏറ്റവും വലിയ ശ്രീശങ്കരന്റെ പ്രതിമ സ്ഥാപിക്കാന്‍ പ്രസിദ്ധ ശില്‍പ്പി ആര്.ഡി. ദത്തന് കരാര്‍ നല്‍കിയിരുന്നു. ഇതിനായി കാമ്പസില്‍ അരലക്ഷം രൂപ ചെലവഴിച്ച് ഒരു ഷെഡ്ഡും നിര്‍മിച്ചിരുന്നു. എന്നാല്‍ പട്ടാപ്പകല്‍ ദുരൂഹസാഹചര്യത്തില്‍ പ്രതിമാ നിര്‍മാണത്തിനായുള്ള ഈ ഷെഡ് കത്തിനശിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഒരു പരാതി പോലും പോലീസില്‍ നല്‍കാതെ ശ്രീശങ്കാരാചാര്യരുടെ പ്രതിമാ നിര്‍മാണത്തെ അട്ടിമറിക്കുകയായിരുന്നു.
മാര്‍ക്സിസ്റ്റു ചരിത്രകാരനായ ഡോ.കെ.എന്‍. പണിക്കര്‍ വൈസ് ചാന്‍സലറായിരിക്കുന്ന കാലഘട്ടത്തിലായിരുന്നു മനോഹരമായി കാന്‍വാസില്‍ വരച്ച ശ്രീശങ്കരന്റെ ചിത്രം കാണാതായത്. സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ സ്ഥാപിച്ചിരുന്ന ശ്രീശങ്കരന്റെ ചിത്രത്തെ അസഹിഷ്ണുതയോടെയായിരുന്നു ഇവര്‍ നോക്കിക്കണ്ടിരുന്നത്. ഈ അടുത്ത കാലത്ത് പ്രധാന കവാടത്തില്‍ ശ്രീശങ്കരന്റെ പ്രതിമസ്ഥാപിക്കുന്നതിനെതിരെ മാര്‍ക്സിസ്റ്റുകള്‍ രംഗത്തെത്തുകയും അവസാനം വലിയ ജനരോഷത്തിനൊടുവില്‍ സ്ഥാപിക്കേണ്ടതായും വന്നു. സര്‍വകലാശാലയിലെ പ്രധാനപ്പെട്ട ആഘോഷമാണ് ശ്രീശങ്കരജയന്തിയും സംസ്കൃതദിനവും. ഇവ രണ്ടും പേരിനുള്ള ആചരണമാക്കിമാറ്റി. ശ്രീശങ്കരദര്ശനങ്ങളെക്കുറിച്ച് അന്താരാഷ്ട്രനിലവാരത്തിലുള്ള സെമിനാറുകള്‍ നടത്താന്‍ പോലും തയ്യാറാവാത്തവര്‍ അദ്ദേഹത്തെ അവഹേളിക്കാനുള്ള വേദിയാക്കിമാറ്റുകയാണ് ഇത്തരം സെമിനാറുകളിലൂടെചെയ്തത്. സ്കൂളുകള്‍ വഴിയുള്ള സംസ്കൃത പ്രചാരണത്തിന്റെ നോഡല്‍ ഏജന്‍സിയായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത് സംസ്കൃത സര്വകലാശാലയെയായിരുന്നു. അതു അട്ടിമറിക്കപ്പെട്ടു
സംസ്കൃത സര്‍വകലാശാലയുടെ അസ്തിത്വം നശിപ്പിച്ച് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല മോഡലില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും കൂറെക്കാലമായി ശ്രമം നടക്കുന്നുണ്ട്. ജെഎന്‍യു മോഡലില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളാണ് ഇവിടെ നിന്ന് ഉയരുന്നത്. ചുംബനസമരവും പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭവും ബീഫ് ഫെസ്റ്റിവലുമെല്ലാമാണ് സംസ്കൃത സര്‍വകലാശാലയില്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: