ടോക്കിയോ ഒളിംപിക്സിന്റെ തുടക്കം കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പി.ടി. ഉഷ പറഞ്ഞതു പോലെ ഗാലറികളില്‍ ആളനക്കമില്ലാത്ത അവസ്ഥ. ഇങ്ങനെയൊന്നും ആയിരുന്നില്ല ഒളിമ്പിക്സ്. തിരക്കോട് തിരക്ക്. അക്രെഡിറ്റേഷന്‍ കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും ചില മത്സരങ്ങക്ക് പ്രത്യേകം പാസ് വാങ്ങേണ്ട അവസ്ഥയായിരുന്നു . സിഡ്നിയില്‍ വീനസ് – സെറിന വില്ല്യംസ് സഹോദരിമാരുടെ ടെന്നീസ് മത്സവും നീന്തലക്കുളത്തിലെ തോര്‍പിന്റെ പ്രകനങ്ങളും മറ്റും അങ്ങനെയാണ് കണ്ടത്. ടോക്കിയോയില്‍ അതൊന്നും വേണ്ടല്ലോ. ആളുണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ.
പിന്നെപ്പിന്നെ തോന്നി ഈ ടോക്കിയോ മോഡല്‍ ഒരുകണക്കിന് നല്ലതാണെന്ന്. ആവശ്യമുള്ളവരല്ലേ അങ്ങോട്ട് ചെല്ലൂ.കളി അറിയാത്തവര്‍ സ്ഥലം മുടക്കാന്‍ ചെല്ലില്ലല്ലോ.
അങ്ങനെ തോന്നാന്‍ പ്രധാന കാരണം നമ്മുടെ കേരളത്തിലെ കായിക മന്ത്രിയുടെ ഒരു ആശംസയാണ്. ഒളിംപിക്സ് ആവേശത്തില്‍ അദ്ദേഹം എല്ലാ കായിക താരങ്ങള്‍ക്കും ആശംസ അയച്ചു. അത് പത്രപ്രവര്‍ത്തകരടക്കം സുഹൃത്തുക്കള്‍ക്കും അയയ്ക്കാന്‍ മറന്നുമില്ല. അതില്‍ അദ്ദേഹം ടോക്കിയോയിലെ 2020 ഒളിംപിക്സിനെ 2021 ഒളിംപിക്സ് ആക്കി മാറ്റി. ഒളിംപിക്സിന്റെ ഔദ്യോഗിക ചിഹ്നം 2021 എന്നു തിരുത്തുകയും ചെയ്തു. അതൊരു വല്ലാത്ത ചെയ്ത്തായിപ്പോയി. സര്‍ക്കാരുകള്‍ക്കു പോലും അധികാരമില്ലാത്ത കാര്യത്തിലാണു മന്ത്രി കൈവച്ചത്. ഔദ്യോഗികമായി ഇത് 2020 ഒളിംപിക്സാണ്. മെഡലുകളിലടക്കം 2020 എന്നു തന്നെയാണുള്ളത്. മേള ഈ വര്‍ഷത്തേയ്ക്കു മാറ്റുമ്പോള്‍ സംഘാടക സമിതി ഇതു സംബന്ധിച്ച് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായി ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു. അതാണു മന്ത്രി കൂളായി മാറ്റിയത്. ഈ മന്ത്രി തന്നെയാണല്ലോ കഴിഞ്ഞ ദിവസം, താന്‍ ഒളിംപിക്സ് കാണാന്‍ ജപ്പാനിലേയ്ക്കു പോവുന്നു എന്നു പ്രഖ്യാപിച്ചത്. ആരും അങ്ങോട്ടു ചെല്ലേണ്ടെന്നു പറഞ്ഞു ജപ്പാന്‍കാര്‍ വാതിലടച്ച കാര്യമൊന്നും മന്ത്രി അറിഞ്ഞില്ലെന്നു തോന്നുന്നു. അക്രഡിറ്റേഷന് കിട്ടിയ മാധ്യമ പ്രവര്‍ത്തകര്‍ പോലും വിട്ടു നില്ക്കുന്ന ഒളിംപിക്സാണിത്.
മന്ത്രി ചിന്തിച്ചതില്‍ തെറ്റ് പറയാനില്ല. ഒളിംപിക്സും ഏഷ്യന്‍ ഗെയിംസും പോലുള്ള രാജ്യാന്തര മേളകള്‍ നടക്കുമ്പോള്‍ അതിന്റെ പേരില്‍ സര്‍ക്കാര്‍ ചെലവില്‍ കുറെപ്പേര് ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നു. പഠിക്കാനും വിലയിരുത്താനുമാണു യാത്ര എന്നാണു വയ്പ്. സത്യത്തില്‍ അവര്‍ എന്തിനു പോകുന്നു എന്ന് അവര്‍ക്കോ അവരെ അയയ്ക്കുന്നവര്ക്കോ അറിയില്ല. അത്തരക്കാരെ പല മേളകളിലും കണ്ടിട്ടുമുണ്ട്. അക്രഡിറ്റേഷന് കിട്ടിയ മാധ്യമപ്രവര്‍ത്തകരുടെ നമ്പരും വിവരങ്ങളും കൃത്യമായി സംഘടിപ്പിച്ചാണു യാത്ര. എത്തിയാലുടന്‍ അവരെ വിളി തടങ്ങും. ഒരു വാര്‍ത്ത, ഒരു പടം. അതു സാധിച്ചാല്‍ സായൂജ്യമായി. പിന്നെ നല്ലൊരു വിനോദയാത്രയും ഷോപ്പിങ്ങും തരാവും. ടോക്കിയോയില്‍ ഏതായാലും അത്തരക്കാരെ കാണില്ലെന്ന് ഉറപ്പ്.
ബെയ്ജിങ്ങില്‍ 1990ല്‍ ഏഷ്യന്‍ ഗെയിംസ് നടക്കുമ്പോള്‍ നമ്മുടെ ഒരു മന്ത്രി അവിടെ ഏറെ പരിഹാസ കഥാപാത്രമായിരുന്നു. കേരളത്തിലെ മന്ത്രിയല്ല, സാക്ഷാല്‍ കേന്ദ്രമന്ത്രി. ടെന്നിസ് കോര്‍ട്ടില്‍ ലിയാന്‍ഡര്‍ പെയ്സിന്റെ മല്‍സരം നടക്കുന്നു. മന്ത്രി വിഐപി ബോക്സില്‍ ഹാജര്‍. പെയ്സ് ഒരു നിര്‍ണായക സര്വിനു തയ്യാറെടുക്കുന്നു. ഉയര്‍ത്തിയിട്ട പന്തു നോക്കി ഏകാഗ്രതയോടെ നില്‍ക്കെ മന്ത്രിയുടെ ആര്‍ത്ത് വിളി ….’അരേ… ലിയാന്‍ഡര്‍ …’ ആ വിളിയില്‍ കോണ്സണ്ട്രേഷന് പോയ പെയ്സ് അസ്വസ്ഥതയോടെ ആ സര്‍വ് ഒഴിവാക്കി. മുഖത്ത് ഒരുതരം നീരസം. ആരോടു പറയാനാണ്. മന്ത്രിയല്ലേ? ബോക്സില്‍ ഇരുന്നവര്‍ പരിഹാസ രൂപേണ മന്ത്രിയെ നോക്കി. ഒരു ഒളിംപിക് ഒഫീഷ്യല്‍ പിന്നീടു തമാശമട്ടില്‍ ഇന്ത്യന്‍ ഒഫീഷ്യലിനോടു പറഞ്ഞേത്രെ: സൂഹൃത്തേ, ദയവായി നിങ്ങളുടെ മന്ത്രിയെ ഷൂട്ടിങ് റേഞ്ചില്‍ കൊണ്ടു പോകരുത് എന്ന്.
സാധാരണ കേന്ദ്ര കായിക മന്ത്രിമാര്‍ വന്നാല്‍ ചില ഔദ്യോഗിക ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുകയാണ് പതിവ്. ചിലര്‍ അവിടെ തുടരും. അതില്‍ തെറ്റൊന്നുമില്ല. പക്ഷേ, അവിടെ കളികള്‍ക്കും കളിക്കാര്ക്കുമാണു പ്രാധാന്യം. അവര്‍ക്കുവേണ്ടിയാണ് ചില ഒഫീഷ്യലുകള്‍ അങ്ങോട്ടു പോകുന്നത്. അല്ലാതെ മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും വേണ്ടിയല്ല. അതു മനസ്സിലാക്കാനുള്ള മനോനില വേണം. ഈ കഥാപുരുഷന് വ്യത്യസ്തനായിരുന്നു. ദിവസവും പരിവാര സമേതം ഒളിംപിക് വില്ലേജിലെ ഇന്ത്യന്‍ ക്യാംപിലെത്തും. അവരുടെ പാകം നോക്കലായിരുന്നു പിന്നെ ഒഫീഷ്യലുകളുടെ പണി. ക്രമേണ അവര്‍ മടുത്തു. അവര്‍ അവരുടെ പണിനോക്കി. മന്ത്രി വരും പോകും. പയ്യെപ്പയ്യെ മന്ത്രിക്കും മടുത്തു. അങ്ങനെയാണ് ആ വരവു നിന്നത്.
കായിക സംഘടനകളുടെ പേരിലും നല്ലൊരു പടയുണ്ടാവും. പലരും മേളയിലെ വേദികള്‍ പോലും കണ്ടിട്ടുണ്ടാവില്ല. അതിന്റെ ആവശ്യവുമില്ല. ആഘോഷിക്കാന്‍ അതിന്റെ ആവശ്യവുമില്ലല്ലോ. അത്തരത്തിലുള്ള ഒരു ‘പ്രമുഖ ‘ സംഘടകനാണ് സിഡ്നി ഒളിംപിക്സില്‍ അത്ലറ്റിക് സ്റ്റേഡിയത്തില്‍ വച്ച് പി.ടി. ഉഷയെ കണ്ട് ‘ആര് യു ആന്‍ ഇന്ത്യന്‍’ എന്നു ചോദിച്ചത്. ഇന്ത്യയില്‍ പി.ടി. ഉഷയെ അറിയാത്ത കായിക സംഘാടകനുണ്ടാകുമോ എന്നു ചോദിച്ചാല്‍ ഉണ്ടാകും. കാരണം പലരും കളിയെ അറിഞ്ഞിട്ടല്ല അതിന്റെ തലപ്പുത്തു കയറുന്നത്. കളിയെ അറിയാത്തവര്‍ കളിക്കാരെ എങ്ങനെ അറിയാനാണ്? ‘പി.ടി.ഉഷ, ഇന്ത്യ’ എന്ന മേല്‍വിലാസത്തില്‍ വിദേശത്തു നിന്ന് വന്ന ഒരു കത്ത് കൃത്യമായി ഉഷയുടെ വീട്ടിലെത്തിയ ചരിത്രമുണ്ടല്ലോ. അതു നമുക്കെങ്കിലും മറക്കാതിരിക്കാം. സച്ചിന് തെണ്ടുക്കറെ അറിയില്ലെന്ന് പറഞ്ഞ റഷ്യക്കാരി ടെന്നീസ് താരം മരിയ ഷറപ്പോവയെ, അറിയാവുന്ന ഭാഷയിലൊക്കെ പുലഭ്യം പറഞ്ഞവരുടെ നാടാണിത്. ലോക ബോക്സിങ് ചാമ്പ്യന്‍ മുഹമ്മദ് അലിയെ കേരളത്തിന്റെ മെഡല്‍ വിജയിയാക്കി അഭിനന്ദിച്ച ഒരു കായിക മന്ത്രിയും നമുക്ക് ഉണ്ടായിരുന്നല്ലോ.
ടോക്കിയോ ഇക്കാര്യത്തില്‍ വ്യത്യസ്തമായി നില്ക്കുന്നു. ഇത്തരം ‘വിദഗ്ധര്‍ ‘ ഇല്ലാത്തതിന്റെ പേരില്‍ അവിടെ ഒരു ദോഷവും വരാനും പോകുന്നില്ല. അഥവാ ടോക്കിയോ അല്ലെങ്കില്‍ പോലും, നമ്മുടെ മന്ത്രി പറഞ്ഞതുപോലെ ഞാന്‍ പോകുന്നു എന്നു പറഞ്ഞാല്‍ ഇത്തരം മേളകള്‍ക്കു പോകാനും ഇനി എളുപ്പമല്ല. കാലം മാറി.അത്തരം ഭരണമല്ല ഇന്നു രാജ്യത്തിന്റെ തലപ്പത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: