-എം.ശ്രീഹര്ഷന്
ഈ കുറിപ്പ് എഴുതാനിരിക്കവേ ബാല്യകാലസ്മൃതികളുടെ പടവുകള്‍ ചവുട്ടിക്കയറി ഒരാള്‍ മനസ്സിലേക്ക് നടന്നുവരികയാണ്. പൈതല്‍നായര്‍. ഊന്നുവടി വായുവില്‍ ചുഴറ്റിവീശി മുന്നില്പ്പെടുന്നവരോട് കുശലം പറഞ്ഞുകൊണ്ട്. ദീപ്തമായ സ്വാതന്ത്ര്യസമരസ്മരണകള്‍ തുരുതുരാ പാടിയും പറഞ്ഞുംകൊണ്ട്. പറമ്പടി പൈതല്‍നായര്‍. അവധൂതനെപ്പോലെ ഞങ്ങളുടെ ഗ്രാമവീഥികളിലൂടെ ഉഴറി നടന്ന ഒറ്റയാന്. വൃദ്ധനെങ്കിലും അരോഗദൃഢഗാത്രന്‍. വീടും കുടുംബവുമില്ലെങ്കിലും നാടു വീടാക്കിയവന്‍.
ഞങ്ങളൊക്കെ സ്വാതന്ത്ര്യസമരചരിത്രം പഠിച്ചുതുടങ്ങിയത് ടെക്സ്റ്റ്ബുക്കുകളിലെ വരണ്ട ചരിത്രപാഠങ്ങളില്‍ നിന്നായിരുന്നില്ല, മറിച്ച് പൈതല്‍നായര്‍ വാതോരാതെ പറയാറുണ്ടായിരുന്ന സമരകഥകളിലൂടെയായിരുന്നു. തിലകനും ഗോഖലെയും ഗാന്ധിജിയും കേളപ്പജിയും ഭഗത്സിങും ചന്ദ്രശേഖര ആസാദും സുഭാഷ്ചന്ദ്രബോസും നെഹ്റുവും ആ നാവില്‍നിന്നാണ് വാഗ്സ്വരൂപങ്ങളായി ഞങ്ങളുടെ മനസ്സില്പ്പതിഞ്ഞത്.
നേരവും കാലവും നോക്കാതെ എപ്പോള്‍ വേണമെങ്കിലും പൈതല്‍നായര്‍ ഏതു വീട്ടിലേക്കും കയറിച്ചെല്ലും. പടിക്കപ്പുറത്തെത്തുമ്പോഴേ കേട്ടുതുടങ്ങും ദ്രുതതാളത്തില്‍ ഉച്ചസ്ഥായിയിലുള്ള സമരഗാനങ്ങള്‍.
”ഉപ്പുവാരിയിന്ത്യ നേടാന്‍ ഗാന്ധിമുനി തുനിഞ്ഞപ്പോള്‍
അവിട്ന്നും ഇവിട്ന്നും ആള്ക്കടലാര്ത്തിരമ്പി…
കേളപ്പജി പയ്യന്നൂരും അബ്ദുറഹ്മാന് കോഴിക്കോട്ടും
കടലിലെ വെള്ളം കോരിയുപ്പു കുറുക്കി…
തിലകനും ഗോഖലെയും കൊളുത്തിയ തീയുമായി
ബിലാത്തിത്തുണികരിച്ചതിന് ചാരം വളമിട്ട്
സുഭാഷ്ബോസും നെഹറുവും പോരാവേശം കൂട്ടീ…
ആസാദിന്റെ ചോരവീണ മണ്ണെടുത്ത് കുറിയിട്ട്
ഇന്ത്യ വിടൂ, ഇന്ത്യ വിടൂവെന്നലറി വിളിച്ചുംകൊണ്ട്
വരുന്നിതാ വരുന്നിതാ സമരവീരര്…
ഭാരതത്തിന് കൊടി വീശി സമരവീരര്…”
ഉള്ളില്‍ ദേശസ്നേഹത്തിന്റെ തീപ്പൊരി കത്തുന്ന ഏതോ അജ്ഞാതനായ ഗ്രാമീണകവിയില്നിന്ന് ഉറവപൊട്ടിയ വരികള്‍. ”പോരാ.. പോരാ നാളില്‍നാളില്‍…” എന്നെഴുതിയ വള്ളത്തോളും ”വരിക വരിക സഹജരേ…” എന്നെഴുതിയ അംശി നാരായണപ്പിള്ളയും ആ കവിയെ പ്രചേദിപ്പിച്ചിട്ടുണ്ടാവാം. അന്ന് അങ്ങനെ ഓരോ ഗ്രാമങ്ങളില്‍ വ്യത്യസ്തമായ താളവഴക്കങ്ങളുമായി എത്രയെത്ര ഗാനങ്ങള്‍ പിറവിയെടുത്തിട്ടുണ്ടാവും! കവിതക്കെട്ടിന്റെ കരകൗശലമറിയാത്തവരെങ്കിലും ഉള്ളില്‍ സമരവീര്യത്തിന്റെ ആളുന്ന തീയുമായി കഴിഞ്ഞ പ്രതിഭകളില്‍നിന്ന് ഉയിരിട്ട വാഗ്പുഷ്പങ്ങളാണവ. ആരോരുമറിയാതെ മണ്ണടിഞ്ഞുപോയ എത്രയെത്ര സമരഭടന്മാര് ജീവിതാവസാനം വരെ അവ മൂളിമൂളി ഓര്‍മ്മകള്‍ അയവിറക്കിയിട്ടുണ്ടാവണം!
കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്കുള്ള കേളപ്പജിയുടെ ഉപ്പുസത്യഗ്രഹജാഥയ്ക്ക് കൊയിലാണ്ടിയിലുള്ള സ്വീകരണത്തില്‍ പങ്കെടുക്കാന്‍ പോയതോടെയത്രേ പൈതല്‍നായര്‍ സ്വാതന്ത്യസമരസേനാനിയായത്. പതിനെട്ടാമത്തെ വയസ്സില്‍. അന്ന് ജനങ്ങളെ വിരട്ടിയോടിച്ച പോലീസുകാരുടെ ലാത്തിയടിയേറ്റ് നെറ്റിയിലുണ്ടായ മുറിവിന്റെ കല കഥകള്‍ പറയുമ്പോള്‍ അദ്ദേഹം തൊട്ടുകാണിക്കാറുണ്ട്. കുപ്പായംപൊക്കി നെടുമ്പുറത്ത് അടിവീണ് കരിവാളിച്ച കല കാണിച്ചുതരും. ഗാന്ധിജിയെക്കാണാന്‍ പാക്കനാര്‍പുരത്ത് പോയതും കേളപ്പജിയുടെ പന്തിഭോജനത്തില്‍ പങ്കെടുത്തതും വിവരിക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണു നിറയും. പല തവണ സമരങ്ങളില്‍ പങ്കെടുത്ത് പോലീസ് മര്‍ദ്ദനമേറ്റെങ്കിലും നല്ല കളരിയഭ്യാസിയായ താന്‍ ഒരിക്കലും പിന്തിരിഞ്ഞ് ഓടിയിട്ടില്ല എന്നാണദ്ദേഹം പറയാറ്. ക്വിറ്റ് ഇന്ത്യാസമരകാലത്ത് കേളപ്പജിയുടെ മകനായ കുഞ്ഞിരാമന് കിടാവുമൊത്ത് ഒളിപ്രവര്‍ത്തനത്തിന് കൂട്ടുപോകാറുണ്ടായിരുന്നു. സമരക്കാരെ ഒറ്റുകൊടുത്തിരുന്ന നാട്ടുപ്രമാണിമാരുടെ ചട്ടമ്പിമാര്‍ക്ക് പൈതല്നായരെ പേടിയായിരുന്നത്രേ.
സ്വാതന്ത്യം കിട്ടി കാലങ്ങള്‍ കഴിയവേ ഏതെങ്കിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നാട്ടിലെത്തുമ്പോള്‍ പൈതല്‍നായര്‍ ആരെക്കൊണ്ടെങ്കിലും സ്വാതന്ത്യസമരപ്പെന്ഷന് അപേക്ഷയെഴുതിച്ച് സമര്‍പ്പിക്കും. എന്നാല്‍ ജയില്വാസമില്ലാത്തതിനാല് പെന്ഷന് അനുവദിച്ചു കിട്ടിയില്ല. അക്കാലത്ത് മോഷണത്തിനും പിടിച്ചുപറിക്കും കത്തിക്കുത്തിനും ജയില്‍ശിക്ഷയനുഭവിച്ച പലരും സ്വാതന്ത്ര്യസമരപ്പെന്ഷനും താമ്രപത്രവും വാങ്ങി ജീവിതാവസാനം വരെ ആഗസ്റ്റ് പതിനഞ്ചുകളില് പൊന്നാടയിട്ട് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വാണരുളിയപ്പോള്‍ ആരോരും തിരിഞ്ഞുനോക്കാനില്ലാതെ ഏതോ അനാഥാലയത്തിലാണ് പൈതല്‍നായര്‍ മരിച്ചത്. പക്ഷെ സമരസ്മൃതികളുടെ തിളക്കം തൊണ്ണൂറു വയസ്സുവരെ ആ കണ്ണുകളില്‍ ഉണ്ടായിരുന്നു.
ദേശീയപ്രസ്ഥാനത്തിന്റെ ആവേശമലയടിച്ചെത്തിയ മലബാറിലെ ഗ്രാമങ്ങളിലെ എത്രയോ ചെറുപ്പക്കാര്‍ അക്കാലത്ത് രാജ്യാഭിമാനത്തിന്റെയും ആദര്ശജീവിതത്തിന്റെയും ജീവസ്വരൂപമായി മാറിയിരുന്നു. വള്ളത്തോളിന്റെയും മറ്റും കവിതകളും സമരഗാനങ്ങളും അന്നവരെ ഉത്തേജിതരാക്കി. ഇതു വായിക്കുമ്പോള്‍ നിങ്ങളിലും അത്തരം മനുഷ്യരുടെ ഓര്‍മ്മകള്‍ തികട്ടിവന്നേക്കാം. ചരിത്രത്തില്‍ രാജാക്കന്മാരുടെ ചരിത്രം മാത്രമേ ഉള്ളൂ എന്നതുപോലെ സ്വാതന്ത്ര്യസമരകഥകളിലും നേതാക്കളുടെ വീരഗാഥകള്‍ മാത്രമേ കാണാറുള്ളൂ. അതു മാത്രമേ കൊട്ടിഘോഷിക്കാറുള്ളൂ.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ച തന്റെ ജ്യേഷ്ഠന്റെ അനുഭവങ്ങള്‍ പ്രശസ്ത പത്രാധിപരായിരുന്ന വി.എം.കൊറാത്ത് തന്റെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു ഭാഗമിതാ:
”കോണ്‍ഗ്രസ്സിന്റെ ആഹ്വാനമനുസരിച്ച് ഒരു പ്രത്യേക ദിനാചരണത്തിന്റെ ഭാഗമായി 25-30 പേരടങ്ങിയ ഒരു ഘോഷയാത്ര പ്രധാന പൊതുവഴികളിലൂടെ കടന്നുപോകവേ, പലയിടങ്ങളില്‍ വെച്ചും ചില കശ്മലന്മാര് ഇടപെട്ട് സംഘത്തെ ശിഥിലീകരിക്കുകയുണ്ടായി. പക്ഷേ, ചിതറി പോയവര്‍ വീണ്ടും ഒത്തുകൂടി ഘോഷയാത്രയായി മുന്നോട്ട് നീങ്ങി. കില്ലാടികളുടെ ശല്യം പിന്നെയും പലയിടത്തും അനുഭവപ്പെട്ടുവെങ്കിലും യോഗം ചേരാന്‍ നിശ്ചയിച്ചിരുന്ന സ്ഥലത്ത് ഘോഷയാത്ര എത്തിച്ചേരുകതന്നെ ചെയ്തു. ഈ സംഭവം ബ്രിട്ടീഷ്ഭക്തനായ ഒരു മുതലാളിയെ വെകിളി പിടിപ്പിച്ചു. പിന്നീട് ഒരു ദിവസം കോണ്ഗ്രസ്സുകാര് നടത്തിയ ഘോഷയാത്ര തടസ്സം കൂടാതെ നിശ്ചിത വഴികളിലൂടെ കടന്നുപോകുമ്പോള്‍ അവിടെ ഗുണ്ടകള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
‘പോരാ പോരാ നാളില്‍ നാളില്‍
ദൂര ദൂര മുയരട്ടെ
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകള്‍’
എന്ന മഹാകവി വള്ളത്തോളിന്റെ ആവേശകരമായ പതാകാവന്ദനഗാനം പാടിക്കൊണ്ട് മൂവര്‍ണക്കൊടി യുയര്‍ത്താന്‍ ശ്രമിക്കവേ, ഓര്‍ക്കാപ്പുറത്ത് ഗുണ്ടകള്‍ അവര്‍ക്കിടയിലേക്ക് ഇരച്ചുകയറുകയും ബലപ്രയോ ഗത്തിലൂടെ അതു തടയാന്‍ ശ്രമിക്കുകയും ചെയ്തു. ദേശീയപ്രവര്‍ത്തകര്‍ മര്‍ദ്ദനം സഹിച്ച് അവരെ ചെറുത്തുനിന്നു. അതിനിടയില്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് കാണികളില്‍ കുറേപ്പേര് ഇടപെട്ട് അക്രമികളെ പിന്തിരിപ്പിച്ചു. അതിനാല്‍ പതാകവന്ദനം മുടങ്ങിയില്ല. എന്നാല്‍ ഉന്തിലും തള്ളിലും പെട്ട് ദേശീയ പ്രവര്‍ത്തകരില്‍ പലര്‍ക്കും ചില്ലറ പരിക്കുകള്‍ പറ്റി. ഏട്ടന്റെ കുപ്പായം കീറുകയും നെറ്റിയില്‍ പോറലേല്‍ക്കുകയും ചെയ്തു. എങ്കിലും തികച്ചും അപ്രതീക്ഷിതമായി ചിലര്‍ തങ്ങള്‍ക്കനുകൂലമായി രംഗത്ത് വന്നത് അവരുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചു.”
ബാഹ്യപ്രേരണയേതുമില്ലാതെ സ്വയം സ്വാതന്ത്ര്യസമരപ്പോരാളിയായി മാറിയ ഈ ജ്യേഷ്ഠനെ ബ്രിട്ടീഷ്പോലീസ് വീട്ടില്‍നിന്ന് അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന ഒരു രംഗം ആ പുസ്തകത്തില്‍ മറ്റൊരിടത്ത് ഇങ്ങനെ വിവരിക്കുന്നു:
”ഒരുദിവസം ഞാന്‍ രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ പതിവില്ലാത്തവിധം വീട്ടിലാകെ നിശ്ശബ്ദത തളം കെട്ടിയിരുന്നു. അച്ഛന് പൂമുഖത്തെ കസേരയിലിരിപ്പുണ്ട്. കാക്കിട്രൗസറും കുപ്പായവും ചുവന്ന തൊപ്പിയു മായി രണ്ടുപേര്‍ പുറത്തെ കോലായുടെ പടിയിലിരുന്ന് മുമ്പില്‍ നില്ക്കുന്ന ഏട്ടനോട് എന്തൊക്കെയോ പറയുന്നു. അവരുടെ രണ്ട് ലാത്തിവടികള് പടിയില്‍ സമീപത്തുതന്നെ വച്ചിട്ടുണ്ട്. സബിന്സ്പെക്ടറുടെ കല്പനയനുസരിച്ച് ഏട്ടനെ അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്നും ഉടനെ തയാറായിക്കൊള്ളണമെന്നും പറഞ്ഞതനുസരിച്ച് ഏട്ടന് അകത്തുപോയി അലക്കിയ ഖദര്‍മുണ്ടും ഷര്‍ട്ടും പട്ടക്കര വേഷ്ടിയും ധരിച്ച് പുറത്തേക്ക് വന്നപ്പോഴേക്കും മുറ്റം മുഴുവന്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ‘എന്റെ മോനൊന്നും കഴിച്ചില്ല. രണ്ടു പ്ലാവില കഞ്ഞി കുടിച്ചിട്ട് പോയ്ക്കോ’ എന്ന് അമ്മ പറയുന്നത് കേട്ടിട്ട് പോലീസുകാരോട് സമ്മതം വാങ്ങി തളത്തിലേക്ക് വന്ന ഏട്ടന് കഞ്ഞി വിളമ്പി കൊടുക്കുമ്പോള്‍ അമ്മയുടെ കൈ വിറയ്ക്കുന്നുണ്ടാ യിരുന്നു. ‘എന്റെ മോന് ഇനി എന്നാണ്….’ വാചകം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അമ്മ പൊട്ടിക്കരഞ്ഞു. അതുകണ്ട് മുത്തശ്ശിയും വാവിട്ട് കരയാന്‍ തുടങ്ങി. ഓപ്പോള്‍മാര്‍ തേങ്ങാനും. ആകപ്പാടെ വിഷാദം മുറ്റിയ അന്തരീക്ഷം. അച്ഛന് രണ്ടു കൈയും പുറകില്‍കെട്ടി ചിന്താധീനനായി വരാന്തയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.”
ബ്രിട്ടീഷ്വാഴ്ചയുടെ ആ കാലത്ത് മിക്ക വീടുകളിലും ഇതേ രംഗങ്ങള്‍ അരങ്ങേറിയിട്ടുണ്ടാവണം. കൊറാത്ത്സാറിന്റെ അപ്പുറത്തും ഇപ്പുറത്തുമുള്ള ഗ്രാമങ്ങളില്‍ത്തന്നെ നിരവധി യുവാക്കള്‍ സമരത്തിന്റെ മുന്‍നിരയിലേക്ക് വന്നവരായിട്ടുണ്ട്. വാഴയൂര്ഗ്രാമത്തിലെ ഇ.കെ. കുമാരന്കുട്ടിനായര്, പട്ടയില്‍ ചെട്ട്യാലത്ത് കറുപ്പന്, ഇ. ഗോപാലന്കുട്ടിപ്പണിക്കര്, ഇ. കുട്ടിക്കൃഷ്ണപണിക്കര്, ഇ. ദാമോദരപ്പണിക്കര്‍, മേനി ചോയിക്കുട്ടി, എ.ടി. ബാലകൃഷ്ണമേനോന് എന്നിവര്‍ അക്കൂട്ടത്തില്‍പ്പെടും. വി.എം. കൊറാത്ത് തന്നെ എട്ടാംക്ലാസില്‍ പഠിക്കുമ്പോളും പിന്നീടും ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് രണ്ടു തവണ തടവിലടയ്ക്കപ്പെട്ട് പഠനം മുടങ്ങിപ്പോയ വ്യക്തിയാണ്.
കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ ഓരോ ഗ്രാമചരിത്രത്തിന്റെ ഉള്‍ത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴും വീറുറ്റ സമരപോരാളികളായി ജീവിതം ഹോമിച്ച അനേകം അജ്ഞാതമനുഷ്യരുടെ പേരുകള്‍ നമുക്ക് പെറുക്കിയെടുക്കാന്‍ കഴിയും. ഓര്‍മ്മകളുടെ ചില്ലലമാരയില്‍ ക്ലാവുപിടിച്ചുകിടക്കുന്ന താമ്രപത്രങ്ങള്പോലും ചിലപ്പോള്‍ അവര്‍ക്കില്ലെന്നു വരാം. ചരിത്രപുസ്തകങ്ങളുടെ വെളിമ്പ്രദേശത്തു മാത്രമായിരിക്കും അവരുടെ സ്ഥാനം. സ്വാതന്ത്ര്യത്തിന്റെ ലഹരിയനുഭവിക്കുന്ന പുതുതലമുറയ്ക്ക് അവര്‍ തീര്‍ത്തും അന്യരാണ്. പുസ്തകക്കൂമ്പാരം പകര്‍ത്തിയെഴുതി ഗവേഷണപ്രബന്ധം തയാറാക്കുന്ന ഇന്നത്തെ പിഎച്ച്ഡിപടുക്കളാരും അവരുടെ ചരിതം തേടിപ്പോവില്ല. പക്ഷെ അവരുടെ കുരലില്നിന്ന് ഉറവപൊട്ടിയൊഴുകിയ സ്വാതന്ത്യസമരഗാനങ്ങളുടെ നാദവീചികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍പ്പുണ്ടാവും.
വള്ളത്തോളിന്റെ ‘എന്റെ ഗുരുനാഥനും’ ‘മാതൃവന്ദനവും’ ‘പോരാ.. പോരാ…’ എന്ന ഗാനവുമായി കൂടുച്ചേരുമ്പോള് സ്വരാജ്യസ്നേഹത്തിന്റെ തരംഗങ്ങള്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ തുടികൊട്ടിയുണരും. ഇങ്ങനെ യുവത്വത്തിന്റെ ആവേശത്തില്‍ തീവ്രമായ ദേശാഭിമാനത്താല്‍ ഊറ്റംകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി അന്നു പോരാടിയ മിക്കവരിലേക്കും അപാരമായ ഊര്‍ജസംക്രമണം നടത്തിയ എത്രയോ ഗീതങ്ങളും കവിതകളും ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് പിറവിയെടുക്കുകയുണ്ടായി. വള്ളത്തോളിനെപ്പോലുള്ള വിഖ്യാതകവികള്ക്ക് സുഗമമായി കവിതാരചന സാധ്യമായിരുന്നെങ്കിലും മറ്റുള്ളവരുടെ സ്ഥിതി അതായിരുന്നില്ല. മലബാറില്‍ നടക്കുന്ന ഉപ്പുസത്യഗ്രത്തില്‍ പങ്കെടുക്കാന്‍ ജാഥാഗാനവുമെഴുതി തിരുവിതാംകൂറില്‍നിന്ന് പുറപ്പെട്ട അംശി നാരായണപിള്ള പോലും പാട്ടെഴുതിയതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ ആറുമാസം തടവനുഭവിക്കേണ്ടി വന്നിരുന്നു.
ദേശീയപ്രസ്ഥാനകാലത്തും അതിനുശേഷവും ജനതയില്‍ ഉജ്വലമായ സ്വരാജ്യസ്നേഹം വളര്‍ത്താനുതകിയ എത്രയോ കവിതകളും ഗാനങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. ഒരു പക്ഷെ വള്ളത്തോളിനേക്കാള്‍ കൂടുതല്‍ ദേശാഭിമാനപ്രസരണമുള്ള കവിതകള്‍ എഴുതിയത് പി. കുഞ്ഞിരാമന്നായരായിരിക്കും. ഏതാണ്ട് നാല്പതോളം.
”ഭീതിദമീ രാഹുഭൂത ബാധയുമകറ്റി-
ശ്രീതഴുകുമാത്മരൂപം നേരെയൊന്നുകാട്ടി
പാരിനാകെ തൂവമൃതാം പൂനിലാവും തൂകി-
പ്പാവനമാം പൂര്ണതയെപ്പൂകുക നീ തായേ” എന്ന് സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പ് ‘മാതൃവന്ദനം’ എന്ന കവിതയില്‍ എഴുതിയ അദ്ദേഹം അതിനേക്കാള്‍ തീവ്രമായ കാവ്യസ്വരൂപത്തില്‍ അറുപത്താറിലെ ചൈനീസക്രമണകാലത്തെഴുതിയ ‘നരബലി’യില്‍
”തരിക്കില്ലാ മനം തെല്ലും
പകയ്ക്കാ രണഭൂമിയില്‍
മരിക്കും ഞാന്‍ നിനക്കായി
മംഗളാദര്‍ശദേവതേ” എന്നെഴുതുകയുണ്ടായി.
എന്‍.വി കൃഷ്ണവാരിയരുടെ ‘ഉണരുക’, ‘മദിരാശിയില്‍ ഒരു രാത്രി’, ‘ജന്മദിനാശംസകള്’ തുടങ്ങിയ കവിതളിലും ദേശസ്വാതന്ത്ര്യമെന്ന ആശയത്തിന്റെ ഡിഎന്‍എ അടങ്ങിയിരിക്കുന്നു. ചങ്ങമ്പുഴ, ഇടപ്പളളി, വി.സി.ബാലകൃഷ്ണപ്പണിക്കര്‍, ജി.ശങ്കരക്കുറുപ്പ്, ബോധേശ്വരന്‍, ബാലാമണിയമ്മ, വയലാര്‍, പി.ഭാസ്കരന്, അക്കിത്തം, പുതുശ്ശേരി രാമചന്ദ്രന്, എന്നിവരുടെ പല കവിതകളിലും സ്വാതന്ത്ര്യസമരധ്വനികള് നുരഞ്ഞുനിന്നിരുന്നു.
രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ശാഖകളിലും പൊതുപരിപാടികളിലും പാടിക്കേള്‍ക്കാറുള്ള ഗണഗീതങ്ങള്‍ മുഴുവന്‍ രാഷ്ട്രോപാസനയുടെ പവിത്ര മന്ത്രങ്ങളാണ്. ദേശഭക്തിയുടെയും ആത്മസമര്‍പ്പണത്തിന്റെയും സമാജസേവയുടെയും ജീവവായു അടങ്ങിയ അവയില്‍ മിക്കതും എഴുതിയത് പി.പരമേശ്വരനും വി.എസ് ഭാസ്കരപ്പണിക്കരുമാണ്.
സ്വാതന്ത്ര്യത്തിന്റെ സുഖമനുഭവിച്ച് വളര്‍ന്ന തലമുറയ്ക്ക് മുന്നില്‍ ത്യാഗത്തിന്റെ സമരചരിത്രം കേട്ടുകേള്‍വി മാത്രമായെങ്കിലും ദേശഭക്തിയുടെ അനുരണനങ്ങള്‍ നിരവധി ചലച്ചിത്രഗാനങ്ങളായും റേഡിയോഗാനങ്ങളായും അവരിലേക്ക് പകരുകയുണ്ടായി. പി.ഭാസ്കരന് എഴുതിയ ‘ഭാരതമെന്നാല്‍ പാരിന് നടുവില്‍…’ എന്ന ഗാനം 1964ല്‍ പുറത്തിറങ്ങിയ ‘ആദ്യകിരണങ്ങള്‍’ എന്ന സിനിമയിലേതാണ്. അതേ വര്‍ഷം തന്നെ ‘സ്കൂള്‍മാസ്റ്റര്‍’ എന്ന സിനിമയിലെ വയലാര്‍ രാമവര്‍മ്മ എഴുതിയ ‘ജയ ജയ ജയ ജന്മഭൂമി..’ എന്ന ഗാനവും പ്രസിദ്ധമായിരുന്നു. ‘ഗംഗാ യമുനാ സംഗമസമതല ഭൂമി, സ്വര്‍ഗ്ഗീയ സുന്ദരഭൂമി സ്വതന്ത്ര ഭാരതഭൂമി…'(ഹോട്ടല്‍ ഹൈറേഞ്ച്), ‘ശില്പികള് നമ്മള് ഭാരത ശില്പികള് നമ്മള്…’ (പിക്നിക്), ‘ചൊട്ടമുതല്‍ ചുടലവരെ…’ (പഴശ്ശിരാജാ-പഴയ), ‘പുഷ്പാഞ്ജലികള്‍…’ (വേലുത്തമ്പി ദളവ) തുടങ്ങിയ സിനിമാഗാനങ്ങളും ‘ജന്മകാരിണി ഭാരതം…’ മുതലായ ലളിതഗാനങ്ങളും കേരളീയരുടെ ചുണ്ടില്‍ എന്നും കുടികൊള്ളുന്നുണ്ട്.
അധികാരസ്വാതന്ത്ര്യലബ്ധിയുടെ ഓര്മ്മച്ചുമരില് കലണ്ടറുകള്‍ ഒന്നൊന്നായി മാറ്റി ത്യാഗസമരത്തിന്റെ ഗാനശലാകകള് മനസ്സില്‍ തോറ്റിയുണര്ത്തിക്കൊണ്ടിരിക്കേ കുട്ടിക്കാലത്ത് പറഞ്ഞുകേട്ട ഒരു സംഭവകഥകൂടി ബോധധാരയിലേക്ക് പൊങ്ങിവരികയാണ്. എന്റെ വീടിനടുത്ത് ജീവിച്ചിരുന്ന ഒരസാധാരണ മനുഷ്യനെക്കുറിച്ചുള്ളത്. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ ഖഡ്ഗിയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ചു നടന്നിരുന്ന ഒരു രാമന്നായര്. ഓച്ചാണ്ടി രാമന്നായര്. ‘ഖഡ്ഗിരാമന്’ എന്നാണ് തന്നെ അദ്ദേഹം വിളിച്ചിരുന്നത്. ആളുകള്‍ ‘ഖഡ്ഗിരാമന്മായര്’ എന്ന്. കുട്ടികളൊക്കെ ‘ഖഡ്ഗിമാമന്’ എന്നും. ഭീമാകാരനായ ഒരു മുഴുത്ത അവധൂതന്. അപ്പഴപ്പോള്‍ തോന്നുന്നതെന്തോ അതു ചെയ്യുകയും പറയുകയും ചെയ്യുന്നവന്. ആരെയും കൂസാത്തവന്‍. വീട്ടില്‍ക്കയറാതെ നാട്ടിലെങ്ങും അലഞ്ഞുതിരിയുന്നവന്.
രാജ്യം മുഴുവന്‍ ക്വിറ്റ് ഇന്ത്യാ സമരം അലയടിച്ചുയര്‍ന്ന കാലഘട്ടം. ചേമഞ്ചേരിയിലും നടുവണ്ണൂരിലും രജിസ്റ്ററാഫീസുകളും തിരുവങ്ങൂര്‍ അംശക്കച്ചേരിയും സമരക്കാര്‍ തീയിട്ടിരിക്കുന്നു. ഫറൂഖ്പാലത്തിന് ബോംബുവച്ചിരിക്കുന്നു. കീഴരിയൂരിലും പരപ്പനങ്ങാടിയിലും സമരത്തിനായി ബോംബുകളുണ്ടാക്കുന്നു.
ഈ ഖഡ്ഗിമാമന് എവിടെനിന്നോ ഒരു മെഗഫോണ്‍ സംഘടിപ്പിച്ചു. ഒരു പുലര്‍വേളയില്‍ ഞങ്ങളുടെ നാട്ടുവഴികളിലൂടെ ഒരു വിളംബരഘോഷം നടന്നുനീങ്ങുകയാണ്. ”സായിപ്പന്മാര് ഇതാ ഇന്ത്യ വിട്ടോടിയിരിക്കുന്നു. ഖഡ്ഗിരാമന് എന്ന ഞാന്‍ ഇന്ത്യാ മഹാരാജ്യത്തിന് ഇതാ സ്വാതന്ത്യം പ്രഖ്യാപിക്കുന്നു. ഗാന്ധിയപ്പൂപ്പനെ മഹാരാജാവായി വാഴിക്കാന്‍ പോകയാണ് ഞാന്‍.” അഖണ്ഡിതമായ ഈ പ്രഖ്യാപനം കേട്ട് അന്ധാളിച്ച് പിന്നാലെക്കൂടിയ നാട്ടുകാരെയും കുട്ടികളെയും അവഗണിച്ചുകൊണ്ട് നടേരിക്കടവു കടന്ന് കൊയിലാണ്ടി ഹജൂര്ക്കച്ചേരിയിലേക്കായിരുന്നത്രേ ആ നടകൊള്ളല്. വിളംബരപ്രഖ്യാപനത്തിന്റെ ഇടവേളകളില്‍ സ്വയംകൃതമായ ഒരു പാട്ട് ഉച്ചത്തില്‍ പാടിക്കൊണ്ട് ഓടും. തുള്ളിമറിയും.
”പോയിതാ… പോയിതാ… ബ്ലാത്തിച്ചേതം.
പൊട്ടിച്ചെറിഞ്ഞല്ലോ ചങ്ങലക്കൂട്…
കത്തിച്ചുചുട്ടല്ലോ കച്ചേരികള്‍…
വന്നല്ലോ… വന്നല്ലോ… ഗാന്ധിരാജ്യം”
കൊയിലാണ്ടി അങ്ങാടിയിലെത്തുമ്പോഴേക്കും പോലീസ് അദ്ദേഹത്തെ വളഞ്ഞു. അവര്‍ക്കദ്ദേഹത്തെ പെട്ടെന്ന് കീഴ്പ്പെടുത്താനായില്ല. ഒരു വണ്ടി പോലീസ് വന്നിറങ്ങി ക്രൂരമായ മര്‍ദ്ദനം തുടങ്ങി. തല്ലിച്ചതച്ചും ചവുട്ടിക്കൂട്ടിയും വലിച്ചിഴച്ചും തുറുങ്കിലടച്ചു. അഞ്ചാറുനാള്‍ കഴിഞ്ഞ് ചോരതുപ്പിക്കൊണ്ട് ഇഴഞ്ഞും നിരങ്ങിയുമാണത്രേ അദ്ദേഹം നാട്ടിലെത്തിയത്. ബാല്യവളര്ച്ചയ്ക്കിടയില് മസ്തിഷ്കകോശങ്ങളിലെ രാസഘടന ക്രമംതെറ്റിപ്പോയതുകൊണ്ടുണ്ടായ മനോവിഭ്രാന്തിയിലും രാഷ്ട്രസ്വാതന്ത്ര്യത്തിന്റെ ഒടുങ്ങാത്ത അഭിനിവേശവും ആധമര്ണ്യത്തില്നിന്ന് കുതറിമാറാനുള്ള വിങ്ങലും ആ സിരകളിലൂടെ കുതിച്ചൊഴുകിയിട്ടുണ്ടാവണം.
അത്രമേല്‍ പ്രോജ്വലമായ ഒരു സമരാവേശം ഭരണാധികാരത്തിന്റെ ഉച്ഛിഷ്ടം ഭുജിക്കുന്ന ചുരുക്കം ചില പ്രമാണിമാരിലൊഴിച്ച് അക്കാലത്തെ ഓരോ മനുഷ്യരിലും തരംഗിതമായിരുന്നു. നാടന്ശീലുകളായും മൂളിപ്പാട്ടുകളായും അവരുടെ കൂട്ടായ്മകളിലും ഏകാന്തതകളിലും അത് പലരൂപത്തില്‍ ബഹിര്ഗമിച്ചുകൊണ്ടിരുന്നു. പലതും വരമൊഴികളില്ലാത്ത ചിന്തുപാട്ടുകള്‍. താളപ്പെരുക്കത്തില്‍ പകര്‍ന്ന വാക്കുകളുടെ കുത്തൊഴുക്ക്. തോറ്റിയെടുക്കാനാവാത്തവിധം വിസ്മൃതിയുടെ കയങ്ങളില്‍ അലിഞ്ഞ് നമ്മില്‍നിന്ന് അവ അകന്നുപോയിരിക്കുന്നു. എഴുപത്തഞ്ചുകൊല്ലം നീണ്ട സ്വാതന്ത്ര്യപ്പെരുമയില്‍ രാജ്യം തിളങ്ങുമ്പോള്‍ രാഷ്ട്രമോചനസ്വപ്നം മാത്രം ആഹരിച്ച് ആയുസ്സു താണ്ടിയ അനേകായിരങ്ങളുടെ ആത്മാക്കള്‍ ഏതോ ലോകത്തിരുന്ന് പ്രകാശം ചൊരിയുന്നുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: