ബെയ് ജിംഗ് : ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ പൊതുവേദികളില്‍ കാണാനില്ലെന്ന് കിംവദന്തികള്‍ പരക്കുന്നു. ഈയിടെ നടന്ന ബ്രിക്സ് സമ്മേളനത്തിലും പങ്കെടുക്കാതെ ഷീ ജിന്‍പിങ്ങ് വിട്ടുനിന്നിരുന്നു. സാധാരണ ഒരു ബ്രിക്സ് സമ്മേളനവും വിട്ടുകളയാത്ത നേതാവാണ് ഷീ ജിന്‍പിങ്ങ്. ഇക്കുറി ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രം മോദിയായിരുന്നു.
ഇദ്ദേഹം അധികാരം വിട്ടൊഴിഞ്ഞെന്നും അപ്രത്യക്ഷനായെന്നും ഉള്ള വാര്‍ത്തകള്‍ വ്യാപകമായി പരക്കുന്നുണ്ട്. ഇദ്ദേഹത്തിന് എന്തോ കാര്യമായ മാറാരോഗം ബാധിച്ചുവെന്നും പ്രചാരണമുണ്ട്. ഇതോടെ കഴിഞ്ഞ 13 വര്‍ഷമായി ചൈനയെ ഇരുമ്പുഭരണത്തിന്‍ കീഴില്‍ ഭരിച്ചിരുന്ന ശക്തനായ നേതാവായ ഷീ ജിന്‍പിങ്ങിനെ എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരുകയാണ്. ഇദ്ദേഹം തന്റെ അധികാരങ്ങളില്‍ പലതും പാര്‍ട്ടിയെ തന്നെ തിരിച്ചേല്‍പിച്ചു എന്നൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൊളിറ്റ് ബ്യൂറോയില്‍ 24 അംഗമാണ് ഉള്ളത്. ഇതുകൂടാതെ മറ്റ് ഉന്നതസമിതികള്‍ വേറെയും ഉണ്ട്. തന്റെ തൊട്ട് കീഴിലുള്ള നേതാക്കളിലേക്ക് അധികാരം കുറെയൊക്കെ ഷീ ജിന്‍പിങ്ങ് പകര്‍ന്നുകൊടുത്തതായാണ് വാര്‍ത്ത.
ടിയാന്‍മെന്‍സ്ക്വയറിലെ വിദ്യാര്‍ത്ഥി കലാപത്തിന് ശേഷം ചൈനയുടെ കമ്മ്യൂണിസ്റ്റ് നേതാവ് ഡെങ്ങ് സിയാവോ പിങ്ങും ഇതുപോലെ പൊതുവേദികളില്‍ നിന്നും ഏറെക്കാലം വിട്ടുനിന്നിരുന്നു. 2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ്. 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.
ഷീ ജിന്‍പിങ്ങ് ഇവിടെയുണ്ട്
അതേ സമയം ചൈനയിലെ രാഷ്‌ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ആദില്‍ ബ്രാര്‍ പറയുന്നത് ഷീ ജിന്‍പിങ്ങ് മുന്‍പത്തേതു പോലെ കരുത്തനാണെന്നും 72കാരനായ അദ്ദേഹം ബെയ് ജിംഗില്‍ സസുഖം വാഴുന്നു എന്നുമാണ്. അധികാരം പാര്‍ട്ടിയിലെ മറ്റു ചിലര്‍ക്ക് കൈമാറി എന്നതുകൊണ്ട് ഷീ ജിന്‍പിങ്ങിന്റെ പ്രസക്തി ഇല്ലാതായിട്ടില്ലെന്നും ആദില്‍ ബ്രാര്‍ പറയുന്നു.
ട്രംപും ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്ത
അതേ സമയം, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഷീ ജിന്‍പിങ്ങും വൈകാതെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയെന്നും പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആണ് ഈ കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന് വെള്ളിയാഴ്ച പ്രസ്താവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: