സംസ്ഥാനത്തെ ‘കീം’ പരിക്ഷാ നടപടികളില്‍ ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് ഉടലെടുത്തിട്ടുള്ളത്. അതാകട്ടെ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടുണ്ടായതുമാണ്. കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ പ്രതിസന്ധിയിലായത് എഞ്ചിനീയറിംഗ്, ഫാര്‍മസി കോഴ്സുകളില്‍ പ്രവേശനം കാത്തിരിക്കുന്ന ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ്. പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പു മാത്രമാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തിന് പുതിയ ഫോര്‍മുല പുറത്തിറക്കിയത്. റാങ്ക് പട്ടിക റദ്ദാക്കാനുള്ള പ്രധാനകാരണമായി കോടതി ചൂണ്ടിക്കാട്ടിയതും ഇതാണ്. പ്രോസ്പെക്ടസില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താന്‍ അധികാരമുണ്ടെന്നാണ് അപ്പീല്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വാദിച്ചത്. ഈ വാദം ഡിവിഷന്‍ ബെഞ്ച് തള്ളുകയാണുണ്ടായത്. മുന്നൊരുക്കമില്ലാതെയും വേണ്ടത്ര കൂടിയാലോചനകളില്ലാതെയും വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് കിട്ടുന്ന തിരിച്ചടിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്.
ഈ വിഷയത്തില്‍ വീണ്ടും അപ്പീലുമായി പോകില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. ആഗസ്ത് 14നുള്ളില്‍ ബിടെക് പ്രവേശന നടപടി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നടപ്പാക്കേണ്ടതിനാലാണത്രെ മേല്‍ക്കോടതിയെ സമീപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നില്ലെന്ന് വ്യക്തമാക്കുന്നത്. മാര്‍ക്ക് ഏകീകരണത്തില്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പിന്തള്ളപ്പെടുന്നുവെന്ന പരാതി പരിഹരിക്കാനായാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. പരിഷ്‌കാരം നടപ്പിലാക്കിയപ്പോള്‍ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷമായെങ്കിലും കേന്ദ്ര സിലബസ് പഠിച്ച വിദ്യാര്‍ത്ഥികള്‍ പ്രോസ്പക്ടസില്‍ വരുത്തിയ മാറ്റം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. പരിഷ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ വ്യക്തമായിരുന്നു അത് കോടതികയറുമെന്ന്. എന്നാല്‍ ആ ദീര്‍ഘവീക്ഷണം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവച്ചത്. പഴയ ഫോര്‍മുലപ്രകാരമുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ പട്ടികയാകെ മാറിമറിയുന്നത് വീണ്ടും വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുമെന്നത് ഉറപ്പാണ്.
ഇതുവരെ പിന്തുടര്‍ന്നിരുന്ന മാര്‍ക്ക് ഏകീകരണ ഫോര്‍മുലയില്‍ പരാതികളുയരുകയും അതില്‍ മാറ്റം വേണമെന്നു സര്‍ക്കാരിനു ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫോര്‍മുല അവതരിപ്പിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ എന്തിനു വൈകിയെന്ന ചോദ്യമാണ് ഉയരുന്നത്. പരീക്ഷ നടത്തിയതിനുശേഷം പ്രോസ്പെക്ടസില്‍ മാറ്റം വരുത്താന്‍ അധികാരമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സര്‍ക്കാരിന് തോന്നും പോ്യുലെ കാര്യങ്ങള്‍ ചെയ്യാമെന്ന മോഹത്തിനേറ്റ തിരിച്ചടികൂടിയാണ് കോടതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് കീം പരീക്ഷ സംബന്ധിച്ച പ്രോസ്പക്ടസ് പ്രസിദ്ധീകരിച്ചത്. അതിനു മുന്‍പെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഉണ്ടാകുമായിരുന്നില്ല. സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധരും ഐഐടി പ്രഫസര്‍മാരും അടങ്ങിയ നാലംഗസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിഷ്‌കാരം കൊണ്ടുവന്നതെന്നാണ് വാദം. എന്നാല്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്നതരത്തിലായിരുന്നു നടപടികള്‍.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയാകെ പ്രതിസന്ധിയിലാണ്. സിപിഎമ്മിന്റെ വഴിവിട്ട ഇടപെടല്‍ വിദ്യാഭ്യാസമേഖലയാകെ തകര്‍ത്തിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പേരുകേട്ട കേരളത്തിലെ വിദ്യാഭ്യാസ രംഗമാകെ പൂര്‍ണ്ണമായി തകര്‍ത്തത് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണമാണ്. ഇപ്പോള്‍ സംസ്ഥാനത്തെ സംഘര്‍ഷമെല്ലാം വിദ്യാഭ്യാസ മേഖലയില്‍ സിപിഎമ്മിന്റെ ഇംഗിതത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും വഴങ്ങാത്തവര്‍ക്കെതിരെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി, യുവജനവിഭാഗങ്ങള്‍ നടത്തിവരുന്ന അക്രമസമരങ്ങളെ തുടര്‍ന്നുണ്ടാകുന്നതാണ്. ഈ ധാര്‍ഷ്ട്യം ആരും അംഗീകരിച്ചുകൊടുക്കില്ല. പുതുതലമുറയ്‌ക്ക് ഭാവികരുപ്പിടിപ്പിക്കാനുള്ള വാതിലുകളാണ് പ്രവേശന പരീക്ഷകള്‍. അതെങ്കിലും മായം ചേര്‍ക്കാതെയും നടപടിക്രമങ്ങള്‍ വ്യക്തമായി പാലിച്ചും നടപ്പാക്കാനുള്ള സന്മനസ് സര്‍ക്കാരിനുണ്ടാകണം. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ വ്യവഹാരങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഇല്ലാതാകുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: