കാഠ്മണ്ഡു: ലോകത്തിലെ പല രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിൽ ഡ്രോൺ ആക്രമണങ്ങളുടെ പങ്ക് ഇപ്പോൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളും ഒരു ഫ്ലൈറ്റ് ഡ്രോൺ നിർമ്മിച്ചു, എന്നാൽ അതിന്റെ പരീക്ഷണപ്പറക്കൽ തന്നെ ചീറ്റിപ്പോയി.
അത് മാത്രമല്ല പരീക്ഷണത്തിനിടെ ഈ ഡ്രോൺ സ്വന്തം രാജ്യത്തെ പാർലമെന്റ് മന്ദിരത്തിന് മുകളിൽ തന്നെ തകർന്ന് വീണു. ഇത് രാജ്യത്തെ സുരക്ഷാ ഏജൻസികളിൽ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. സംഭവത്തിന് ശേഷം കുറ്റാരോപിതനായ പ്രൊഫസർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് സംഭവം നടന്നത്.
യഥാർത്ഥത്തിൽ ഈ ഡ്രോൺ ഒരു കോളേജ് പ്രൊഫസറുടെ മേൽനോട്ടത്തിലാണ് നിർമ്മിച്ചത്. വിദ്യാർത്ഥികൾ ഇത് പരീക്ഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ ടെസ്റ്റ്-ഫ്ലൈറ്റ് ഡ്രോൺ പാർലമെൻ്റ് വളപ്പിൽ തകർന്ന് വീണത്. ചൊവ്വാഴ്ച പാർലമെന്റ് വളപ്പിൽ നിന്ന് തകർന്ന ഡ്രോൺ കണ്ടെടുത്തതായി കാഠ്മണ്ഡു മെട്രോപൊളിറ്റൻ പോലീസ് വക്താവ് അപിൽ ബോറ പറഞ്ഞു.
നിരോധിത മേഖലയിൽ വരുന്ന പാർലമെന്റ് മന്ദിരത്തിന്റെ മേൽക്കൂരയുടെ മുകളിലാണ് ഡ്രോൺ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ടെക്സ്പയർ കോളേജിലെ ഒരു പ്രൊഫസറെയും നാല് വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബോറ പറഞ്ഞു. കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ഡ്രോൺ പറത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ആശയവിനിമയ തടസ്സം കാരണം വിദ്യാർത്ഥികളും അധ്യാപകരും ഡ്രോൺ പരീക്ഷിക്കുന്നതിനിടെ പാർലമെന്റ് മന്ദിരത്തിൽ ഇടിച്ചിറക്കിയതായി കോളേജ് പ്രിൻസിപ്പൽ ലക്ഷ്മൺ പൊഖ്രെൽ പറഞ്ഞു. വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായി ഡ്രോൺ നിർമ്മിച്ചതാണെന്നും അവർ അത് പരീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. കൂടുതൽ നടപടികൾക്കായി അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: