ബെര്‍ളിന്‍: പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി ജോഹന്‍ വെയ്ഡ്ഫുള്‍ ഈ ഉത്തരം നല്‍കിയത്. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണം നിര്‍ഭാഗ്യകരമായിരുന്നുവെന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ജോഹന്‍ വെയ്ഡ്ഫുള്‍ സൂചിപ്പിച്ചു.
ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ കൂടി പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ജര്‍മ്മന്‍ വിദേശകാര്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉയര്‍ത്തിയത്. ഡെന്‍മാര്‍ക്ക് , നെതര്‍ലാന്‍റ്സ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഓപ്പറേഷന്‍ സിന്ദൂറിന് പിന്തുണ തേടി വെള്ളിയാഴ്ച ജര്‍മ്മനിയില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി ജയശങ്കര്‍. ഭീകരവാദത്തെ ആത്മരക്ഷാര്‍ത്ഥം ചെറുക്കാന്‍ ഇന്ത്യയ്‌ക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് ജര്‍മ്മനി പിന്തുണ നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു.
ഭീകരവാദത്തിനോട് ഇന്ത്യ തീരെ ക്ഷമിക്കില്ലെന്നും ആണവഭീഷണിയെ ഇന്ത്യ തള്ളിക്കളയുമെന്നും ജയശങ്കര്‍ പറഞ്ഞു. ഈ രണ്ട് രീതികളിലും ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇക്കാര്യത്തില്‍ ഇന്ത്യയ്‌ക്ക് ആശയക്കുഴപ്പം ഏതും ഇല്ലെന്നും ജയശങ്കര്‍ പറഞ്ഞു.
ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രഡറിക് മെഴ്സിനെ കണ്ട ജയശങ്കര്‍ പ്രധാനമന്ത്രി മോദിയുടെ സന്ദേശം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: